wayanad local

ജില്ലയിലെ റോഡ് നവീകരണം : നടപടി വേഗത്തിലാക്കാന്‍ നിര്‍ദേശം



കല്‍പ്പറ്റ: ജില്ലയിലെ റോഡുകളുടെ നവീകരണത്തിനും അറ്റുകുറ്റപ്പണിക്കുമുള്ള ടെന്‍ഡര്‍ നടപടികള്‍ വേഗത്തിലാക്കണമെന്നു ജില്ലാ വികസന സമിതി യോഗം നിര്‍ദേശിച്ചു. റോഡിന്റെ ശോച്യാവസ്ഥ കാരണം പലയിടങ്ങളിലും ജനങ്ങള്‍ ദുരിതങ്ങള്‍ നേരിടുന്നുണ്ട്. ഭരണാനുമതി ലഭിച്ചിട്ടും ടെന്‍ഡര്‍ നടപടികള്‍ വൈകുന്നതു ശരിയായ പ്രവണതയല്ല. പ്രവൃത്തി വൈകുംതോറും റോഡുകളുടെ നവീകരണം ദുഷ്‌കരമാവും. ബന്ധപ്പെട്ടവര്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് എംഎല്‍എമാരായ സി കെ ശശീന്ദ്രന്‍, ഒ ആര്‍ കേളു എന്നിവര്‍ നിര്‍ദേശിച്ചു. ജില്ലയില്‍ 28 പ്രവൃത്തികളില്‍ ഇതിനകം അഞ്ചെണ്ണം മാത്രമാണ് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചത്. 17 പ്രവൃത്തികള്‍ക്ക് ഭരാണാനുമതി ഇതിനകം ലഭിച്ചതായി അധികൃതര്‍ വികസനസമിതിയെ അറിയിച്ചു. ജില്ലയില്‍ രൂക്ഷമായ കാട്ടാനശല്യം തടയുന്നതിന് നപടികള്‍ ത്വരിതപ്പെടുത്തുന്ന കാര്യം വികസന സമിതിയില്‍ ചര്‍ച്ച ചെയ്തു. നാട്ടിലിറങ്ങുന്ന കാട്ടാനകളെ കാട്ടിലേക്ക് തുരത്താന്‍ കുങ്കിയാനകളുടെ സഹായം തേടണമെന്ന് സി കെ ശശീന്ദ്രന്‍ നിര്‍ദേശിച്ചു. വൈത്തിരിയില്‍ തോട്ടം തൊഴിലാളികള്‍ക്കിടയിലേക്ക് കഴിഞ്ഞ ദിവസം കാട്ടാനകളിറങ്ങിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് കാട്ടാനകളെ തുരത്താന്‍ കുങ്കിയാനകളെ പ്രയേജനപ്പെടുത്തണമെന്ന നിര്‍ദേശം ഉയര്‍ന്നത്. വയനാട് വന്യജീവി സങ്കേതത്തിലുള്ള കുങ്കിയാനകള്‍ക്ക് മദപ്പാടുള്ളതിനാല്‍ വിശ്രമത്തിലാണെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇത്തരം സന്ദര്‍ഭങ്ങളില്‍ കര്‍ണാടകയില്‍ നിന്ന് കുങ്കിയാനകളെ എത്തിക്കാനുള്ള കാര്യം പരിശോധിക്കുമെന്നു ജില്ലാ കലക്ടര്‍ എസ് സുഹാസ് യോഗത്തെ അറിയിച്ചു. ജില്ലയിലെ വിനോദകേന്ദ്രങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനും സംസ്‌കരിക്കുന്നതിനും നടപടികള്‍ സ്വീകരിച്ചതായി ഡിടിപിസി അധികൃതര്‍ അറിയിച്ചു. വിനോദകേന്ദ്രങ്ങളില്‍ നിന്നും റിസോര്‍ട്ടുകളില്‍ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന് കോഴിക്കോട് ആസ്ഥാനമായുള്ള നിറവ് സംഘടനയുമായി സഹകരിക്കുന്നതായും ഇവരുടെ സേവനം വ്യാപിപ്പിക്കുമെന്നും അധികൃതര്‍ പറഞ്ഞു. വിനോദ കേന്ദ്രങ്ങളില്‍ ശൗച്യാലയങ്ങള്‍ നിര്‍ബന്ധമായി ഏര്‍പ്പെടുത്തണം. ഇതു സംബന്ധിച്ച് വനംവകുപ്പിനും ബാണാസുരസാഗര്‍ ഹൈഡല്‍ ടൂറിസം അധികൃതര്‍ക്കും ഇതിനകം നിര്‍ദേശം നല്‍കിയതായി ജില്ലാ കലക്ടര്‍ യോഗത്തെ അറിയിച്ചു. ശേഷിക്കുന്ന വിനോദ കേന്ദ്രങ്ങളില്‍ വൈകാതെ ടോയ്‌ലറ്റ് സൗകര്യം അതതു വകുപ്പുകള്‍ ഏര്‍പ്പെടുത്തണം. വനംവകുപ്പിന്റെ കീഴിയുള്ള ഇക്കോ ടൂറിസം കേന്ദ്രങ്ങളും ഇക്കാര്യം ഉറപ്പുവരുത്തണം. ബയോ ടോയ്‌ലറ്റുകള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികളും വേഗത്തിലാക്കും. റിസോര്‍ട്ടുകള്‍ ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടോ എന്നു പരിശോധിക്കാനും അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. വിനോദ കേന്ദ്രങ്ങളില്‍ മരത്തൈകള്‍ വച്ചുപിടിപ്പിക്കുന്നതിന് സാമൂഹിക വനവല്‍ക്കരണ വിഭാഗവുമായി സഹകരിച്ചുള്ള പദ്ധതിയും വിലയിരുത്തി. ആദിവാസി വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാനുള്ള നപടികള്‍ കാര്യക്ഷമമമാക്കണം. സ്‌കൂളില്‍ മെന്റര്‍ ടീച്ചര്‍മാരുടെ ശമ്പള വൈകുന്ന പ്രശ്‌നം പരിഹരിക്കണമെന്ന് സി കെ ശശീന്ദ്രന്‍ എംഎല്‍എ ആവശ്യപ്പെട്ടു. ആദിവാസി വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസം നിലവാരം ഉയര്‍ത്തുന്നതിനായി നിയമിതരായ മെന്റര്‍ അധ്യാപകരെ രണ്ടു തട്ടിലായി കാണുന്ന പ്രവണത ശരിയല്ലെന്നും ഇവര്‍ക്ക് ക്ലാസെടുക്കാന്‍ അവസരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ഹോമിയോ ആശുപത്രിയിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ പുതിയ ടെന്‍ഡര്‍ വിളിക്കാനും തീരുമാനിച്ചു. ജില്ലാ ആശുപ്രതി സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് നിര്‍മിക്കാനാവശ്യമായ സ്ഥലം കണ്ടെത്താനും യോഗം അധികൃതരെ ചുമതലപ്പെടുത്തി. ഹരിതകേരളം പദ്ധതി വിപുലപ്പെടുത്തുന്നതായി പഞ്ചായത്ത് അടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കാനും തീരുമാനമായി. ഇതിനായി പഞ്ചായത്ത് അധ്യക്ഷന്‍മാരുടെ പ്രത്യേകയോഗം വിളിക്കും. ജില്ലയില്‍ പഞ്ചായത്ത് അടിസ്ഥാനത്തില്‍ നടത്തുന്ന വിവിധ തലത്തിലുള്ള പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഹരിതകേരളം മിഷനുമായി ഏകോപിപ്പിക്കും. ലൈഫ് മിഷന്‍ ലക്ഷ്യത്തിനായി ജില്ലയില്‍ 90 ഏക്കര്‍ സ്ഥലം ആവശ്യമുണ്ടെന്നു ജില്ലാ കലക്ടര്‍ യോഗത്തെ അറിയിച്ചു. ഗ്രാമപ്പഞ്ചായത്ത് അടിസ്ഥാനത്തില്‍ ഗുണഭോക്താക്കള്‍ക്ക് അവരവരുടെ പ്രദേശങ്ങളില്‍ തന്നെ ഭൂമി കണ്ടെത്താനുള്ള നടപടിയാണ് പുരോഗമിക്കുന്നത്. ജില്ലയിലെ വന്‍കിട എസ്‌റ്റേറ്റുകളുടെ ഭൂമി അളന്നു തിട്ടപ്പെടുത്തി അധികമുള്ള ഭൂമി ആദിവാസികള്‍ക്കായി വിതരണം ചെയ്യണമെന്നും സി കെ ശശീന്ദ്രന്‍ എംഎല്‍എ നിര്‍ദേശിച്ചു. ആദിവാസി വീടുനിര്‍മാണവുമായി ബന്ധപ്പെട്ട് മാനന്തവാടി മണ്ഡലത്തില്‍ മാത്രം 5000ത്തോളം വീടുകള്‍ പൂര്‍ത്തിയാവാനുണ്ടെന്ന് ഒ ആര്‍ കേളു എംഎല്‍എ അറിയിച്ചു. വീടുപണി പൂര്‍ത്തിയാക്കാത്ത കരാറുകാര്‍ക്കെതിരേ കേസെടുക്കണമെന്നും നിര്‍ദേശമുണ്ടായി. എടിഎസ്പി തുക വകയിരുത്തിയിട്ടുള്ള വീടുകളുടെ നിര്‍മാണം ഡിസംബര്‍ 31നകം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയതായി ജില്ലാ കലക്ടര്‍ യോഗത്തെ അറിയിച്ചു. ജില്ലയില്‍ മീസില്‍സ്-റൂബെല്ല പ്രതിരോധ വാകക്‌സിന്‍ 69 ശതമാനം കുട്ടികള്‍ക്ക് നല്‍കിയതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ബാക്കിയുള്ള കുട്ടികള്‍ക്കും നല്‍കാനുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും. യോഗത്തില്‍ ജില്ലാ കലക്ടര്‍ എസ് സുഹാസ് അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ സി കെ ശശീന്ദ്രന്‍, ഒ ആര്‍ കേളു എഡിഎം കെ എം രാജു, സബ് കലക്ടര്‍ ഉമേഷ് കേശവന്‍, അസിസ്റ്റന്റ് പ്ലാനിങ് ഓഫിസര്‍ സുഭദ്ര നായര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it