malappuram local

ജില്ലയിലെ ആരോഗ്യജാഗ്രതാ പ്രവര്‍ത്തനംരാഷ്ട്രീയ-മത സംഘടനകള്‍ മുന്‍കൈയെടുക്കണം

മലപ്പുറം: ജില്ലയിലെ ആരോഗ്യ ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയപ്പാര്‍ട്ടികളും മത സംഘടനകളും ഏറ്റെടുക്കണമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ. ആരോഗ്യ ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്ഥാപനങ്ങളുടെയും ആരോഗ്യ വകുപ്പിന്റെയും മാത്രമാണെന്നാണ് പലരും വിശ്വസിക്കുന്നത്. ഈ ധാരണ തിരുത്താന്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെയും മത സംഘടനകളുടെയും സഹകരണം ആവശ്യമാണ്. ജില്ലയില്‍ നിപാ വൈറസ് ആശങ്കയുടെ പേരില്‍ ജില്ലാ കലക്ടര്‍ നല്‍കിയ നിര്‍ദേശങ്ങളോട് പൊതുജനങ്ങളില്‍നിന്ന് മികച്ച പ്രതികരണമാണുണ്ടായത്. പകര്‍ച്ചപ്പനിയും മറ്റും ജില്ലയ്ക്ക് ഭീഷണി ഉയര്‍ത്തി നില്‍ക്കുന്നുണ്ട്. ഇതിനെ നമുക്ക് മറിക്കടക്കണം.
നിപാ വൈറസ് നിയന്ത്രണവുമായി ബന്ധപ്പെട്ട് ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരുടെയും സഹകരണമുണ്ടായിട്ടുണ്ട്. എന്നാല്‍, ലക്ഷ്യംകാണമെങ്കില്‍ കുറച്ചു ദിവസം കൂടി കാത്തിരിക്കണം. ജൂണ്‍ 12ന് വൈറസ് പ്രവര്‍ത്തനത്തിന്റെ ശക്തിയുടെ ഒരുഘട്ടം കഴിയും. ഈ കാലയളവില്‍ മത പ്രഭാഷണങ്ങള്‍, രാഷട്രീയപ്പാര്‍ട്ടികളുടെ പൊതുയോഗങ്ങള്‍ എന്നിവ നിര്‍ബന്ധമായും മാറ്റിവച്ച് സഹകരിക്കണം. പൂര്‍ണ സുരക്ഷിതരായി എന്ന് ഉറപ്പാക്കാന്‍ ജുലൈ ഒന്നുവരെ കാത്തിരിക്കണം. നിപാ വൈറസ് ആശങ്കയുടെ പശ്ചാത്തലത്തില്‍ വിളിച്ചുചേര്‍ത്ത രാഷ്ട്രീയ കക്ഷി നേതാക്കളുടെയും മത സംഘടനാനേതാക്കളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് യോഗം വിളിച്ചത്. നിപാ രോഗികളുമായി ബന്ധപ്പെട്ട 200 ഓളം പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ഇവരെ എല്ലാ ദിവസവും ആരോഗ്യ വകുപ്പ് നിരീക്ഷിച്ച് റിപോര്‍ട്ട് നല്‍കുന്നുണ്ട്. ഇതു സംബന്ധിച്ച് എല്ലാ ദിവസവും കലക്ടറേറ്റില്‍ അവലോകനവും നടക്കുന്നുണ്ട്. പനി ജലദോഷം മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍, പൊതു പരിപാടികളില്‍ പങ്കെടുക്കരുത്. പരിപാടികളില്‍ ജ്യൂസ്, മറ്റ് തണുത്ത പാനീയങ്ങള്‍ ഒഴിവാക്കുക. പകരം ചായ കൊടുക്കുക. പൊതു പരിപാടികളില്‍ സ്റ്റീല്‍ പാത്രങ്ങള്‍ ഉപയോഗിക്കുക. ലോഷന്‍ ഉപയോഗിച്ച് കൈ കഴുകുക. കല്ല്യാണത്തിന് പങ്കെടുത്തവര്‍ക്കാണ് കഴിഞ്ഞ വര്‍ഷം ഏറ്റെവും കൂടതല്‍ മഞ്ഞപ്പിത്തം ഉണ്ടായിട്ടുള്ളതെന്നു ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ കാണിച്ച് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ സക്കീന പറഞ്ഞു.
തണുത്ത വെള്ളം, വെല്‍ക്കം ഡ്രിങ്ക്‌സ്, എന്നിവ കഴിച്ച പുരുഷന്‍മാരാണ് ഇതില്‍ കൂടുതലും ഉള്‍പ്പെട്ടത്. ജില്ലയില്‍ നിപാ വൈറസ് ആശങ്കയുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങളോട് സഹകരിച്ച് വീടുകളില്‍ കഴിയുന്നവര്‍ക്ക് ഇന്നുമുതല്‍ സ്‌പെഷ്യല്‍ കിറ്റുകള്‍ വീടുകളില്‍ എത്തിച്ചുനല്‍കുമെന്നും ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. ജില്ലയില്‍ 150 പേരെ ഇതിനായി തിരഞ്ഞെടുത്തിട്ടുണ്ട്.
ഏറനാട്, പെരിന്തല്‍മണ്ണ, തിരൂര്‍, തിരൂരങ്ങാടി താലൂക്കിലുള്ളവരാണ് ഇവര്‍. ഒമ്പത് തരം ഭക്ഷ്യ വസ്തുക്കളാണ് പ്രത്യേക കിറ്റില്‍ ഉണ്ടാവുക. 10 കിലോ കുറവ അരി, ഒരു കിലോ പഞ്ചസാര തുടങ്ങിവയ്ക്ക് പുറമെ മല്ലിപ്പൊടി, മുളക് പൊടി, ചായ, തൂവര പരിപപ്പ്, മഞ്ഞള്‍, ചെറുപയര്‍, തുടങ്ങിയവയുമുണ്ടാവും. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ എഡിഎം വി രാമചന്ദ്രന്‍, ആര്‍ഡിഒ കെ അജീഷ്, ജില്ലാ മെഡിക്കില്‍ ഓഫിസര്‍ കെ സക്കീന, ഡെപ്യുട്ടി ഡിഎംഒ ഡോ.മുഹമ്മദ് ഇസ്മായില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




Next Story

RELATED STORIES

Share it