Flash News

ജിഎസ്ടി: ഒമ്പതു ചട്ടങ്ങള്‍ക്കും അന്തിമ അംഗീകാരം



ന്യൂഡല്‍ഹി: ചരക്കുസേവന നികുതിയുടെ അടിസ്ഥാന ഘടനയ്ക്ക് ജിഎസ്ടി കൗണ്‍സില്‍ അന്തിമ അംഗീകാരം നല്‍കി. കശ്മീരിലെ ശ്രീനഗറില്‍ കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റിലിയുടെ അധ്യക്ഷതയില്‍ ഇന്നലെ ആരംഭിച്ച പതിനാലാമത് കൗണ്‍സില്‍ യോഗത്തിലാണ് ജിഎസ്ടിയുടെ ഒമ്പതു ചട്ടങ്ങള്‍ക്കും കൗണ്‍സില്‍ അംഗീകാരം നല്‍കിയത്. അഞ്ചു മുതല്‍ 28 ശതമാനം വരെയുള്ള നാലു സ്ലാബുകളിലായി 80-90 ശതമാനം ചരക്കുകകള്‍ക്കും സേവനങ്ങള്‍ക്കും നികുതി ഈടാക്കാന്‍ യോഗത്തില്‍ അന്തിമ തീരുമാനമായി. ദൈനംദിന ഉപയോഗത്തിനുള്ള അവശ്യ വസ്തുക്കളുടെ നികുതി ഏറ്റവും താഴ്ന്ന തട്ടായ അഞ്ചു ശതമാനത്തില്‍ നിലനിര്‍ത്താനും കൗണ്‍സിലില്‍ തീരുമാനമായി. 1150 ഇനം വസ്തുക്കളുടെയും സേവനങ്ങളുടെയും നിരക്കുകള്‍ക്ക് യോഗം അന്തിമ രൂപം നല്‍കിയിട്ടുണ്ട്. റജിസ്‌ട്രേഷന്‍, റിട്ടേണ്‍, റീഫണ്ട്, സംയോജനം, രൂപാന്തരം, പേമെന്റ്, ഇന്‍പുട് ടാക്‌സ് ക്രെഡിറ്റ്, മൂല്യനിര്‍ണയം അടക്കം ഒമ്പത് നിയമങ്ങളുമായി ബന്ധപ്പെട്ടവയ്ക്കും ഇന്നലെ അന്തിമ രൂപം നല്‍കി. സില്‍ക് നൂല്‍, പൂജ വസ്തുക്കള്‍, കരകൗശല വസ്തുക്കള്‍ തുടങ്ങിയ ഇനങ്ങള്‍ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കണമെന്ന് വിവിധ സംസ്ഥാന ധനകാര്യ മന്ത്രിമാര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. എന്നാല്‍, അത്യാവശ്യമെങ്കില്‍ മാത്രം ജിഎസ്ടിയില്‍ ഏറ്റവും കുറഞ്ഞ ഇളവുകള്‍ അനുവദിക്കാമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. പൂജാ സാമഗ്രികള്‍ക്ക് നികുതി ചുമത്തരുതെന്ന് യോഗത്തില്‍ പങ്കെടുത്ത യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു. ജിഎസ്ടി നിലവില്‍ വരുമ്പോള്‍ സ്വര്‍ണത്തിന്റെ നികുതി ഒരു ശതമാനത്തിന് പകരം അഞ്ചു ശതമാനം ആക്കമണമെന്ന് സംസ്ഥാന ധനകാര്യമന്ത്രി തോമസ് ഐസക് പറഞ്ഞു. സ്വര്‍ണത്തിന്റെ നികുതി ഒരു ശതമാനമായി നിചപ്പെടുത്തണമെന്ന് ചില കോണുകളില്‍ നിന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. ആഡംഭര വസ്തുവായ സ്വര്‍ണം പാവപ്പെട്ടവരുടെ അവശ്യ വസ്തുവല്ലെന്നും യോഗത്തിന് മുമ്പ് തോമസ് ഐസക് വ്യക്തമാക്കി. ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്നും തുടരും.
Next Story

RELATED STORIES

Share it