Flash News

ജിഎസ്ടി ഇന്ന് അര്‍ധരാത്രി മുതല്‍ ; പ്രഖ്യാപനച്ചടങ്ങ് കോണ്‍ഗ്രസ് ബഹിഷ്‌കരിക്കും

കെ എ സലിം

ന്യൂഡല്‍ഹി: ചരക്കുസേവന നികുതി (ജിഎസ്ടി) ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍വരും. ഇതിനായി അര്‍ധരാത്രി ചേരുന്ന പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തും. ചടങ്ങില്‍ പ്രധാനമന്ത്രിയും രാഷ്ട്രപതിയും ജിഎസ്ടിയെക്കുറിച്ചു സംസാരിക്കും. ഇതുമായി ബന്ധപ്പെട്ട രണ്ടു ഹ്രസ്വചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. ഒരു മണിക്കൂര്‍ നീളുന്ന ചടങ്ങായിരിക്കും സംഘടിപ്പിക്കുക. ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍, മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ, സംസ്ഥാനങ്ങളിലെ ധന—മന്ത്രിമാര്‍, പാര്‍ലമെന്റിന്റെ ഇരുസഭകളിലെയും അംഗങ്ങള്‍, ജിഎസ്ടി കൗണ്‍സില്‍ അംഗങ്ങള്‍, നടപടികളുടെ ഭാഗമായവര്‍ തുടങ്ങിയവരും സന്നിഹിതരായിരിക്കും. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെയും പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ടെങ്കിലും പ്രത്യേക സമ്മേളനത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചതിനാല്‍ അദ്ദേഹം പങ്കെടുക്കില്ല. അര്‍ധരാത്രിയിലെ പ്രഖ്യാപന സമ്മേളനത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന് ഇന്നലെയാണ് കോണ്‍ഗ്രസ് തീരുമാനിച്ചത്. ഇന്നലെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി മന്‍മോഹന്‍ സിങ് അടക്കമുള്ള ഉന്നതനേതാക്കളുമായി കൂടിയാലോചിച്ചശേഷമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.  ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേരത്തേ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് സര്‍ക്കാരാണ് ജിഎസ്ടി കൊണ്ടുവന്നത്. എന്നാല്‍ അതിന്റെ എല്ലാ അംഗീകാരവും ബിജെപി തട്ടിയെടുത്തതായി കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ആക്ഷേപമുണ്ട്. ജിഎസ്ടി ചെറുകിട കച്ചവടക്കാരെ പീഡിപ്പിക്കാനുള്ള അവസരമായി മാറുമെന്നും ചില നേതാക്കള്‍ ആരോപിക്കുന്നു. പ്രഖ്യാപനം നടത്താന്‍ അര്‍ധരാത്രി തിരഞ്ഞെടുത്തതിലും അതിനായി പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചതിലും കോണ്‍ഗ്രസ്സിന് അമര്‍ഷമുണ്ട്. രാജ്യത്തെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവാണ് സ്വാതന്ത്ര്യം കിട്ടിയതായി അര്‍ധരാത്രി പ്രഖ്യാപിച്ചത്. മോദി സമാനമായി നെഹ്‌റു ചമയാന്‍ ശ്രമിക്കുന്നുവെന്നാണ് കോണ്‍ഗ്രസ് ആക്ഷേപം. ബഹിഷ്‌കരണം സംബന്ധിച്ച് പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ലെങ്കിലും ധൃതിപിടിച്ചാണ് ജിഎസ്ടി നടപ്പാക്കുന്നതെന്ന ആക്ഷേപം സിപിഎമ്മിനുണ്ട്. പ്രതിപക്ഷത്തായിരുന്നപ്പോള്‍ ജിഎസ്ടിയെ എതിര്‍ത്തിരുന്ന ബിജെപി എന്തിനാണ് ഇപ്പോള്‍ ഇതു നടപ്പാക്കാന്‍ ധൃതി കാട്ടുന്നതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ചോദിച്ചു.
Next Story

RELATED STORIES

Share it