Flash News

ജാര്‍ഖണ്ഡ്: നോമ്പുതുറക്കിടെ മുസ്‌ലിംകള്‍ക്കു നേരെ ആക്രമണം

റാഞ്ചി: ബിജെപി ഭരിക്കുന്ന ജാര്‍ഖണ്ഡില്‍ നിയമപാലനം ഏതു രീതിയില്‍ നടക്കുന്നുവെന്നതിന് മറ്റൊരു ഉദാഹരണം കൂടി. കൊദാര്‍മ ജില്ലയിലെ കോല്‍ഗാര്‍മ ഗ്രാമത്തില്‍ നോമ്പുതുറ സമയത്ത് മുസ്‌ലിംകളെ ആക്രമിച്ച നാലുപേരെ അറസ്റ്റ് ചെയ്തതിന് ഹിന്ദുത്വര്‍ പോലിസ് സംഘത്തെ ആക്രമിച്ച് ബന്ദികളാക്കി. പോലിസുകാരെ രക്ഷിക്കുന്നതിന് അറസ്റ്റ് ചെയ്ത നാലുപേരെയും വിട്ടയച്ചു.വെള്ളിയാഴ്ചയാണ് നോമ്പ് തുറന്നുകൊണ്ടിരിക്കെ നൂറുകണക്കിനു വരുന്ന ജനക്കൂട്ടം മസ്ജിദിലേക്ക് ഇരച്ചുകയറുകയും ആളുകളെ തല്ലിച്ചതയ്ക്കുകയും ചെയ്തത്.
വീടുകളിലുള്ള സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയും ആക്രമണം നടന്നിരുന്നു. മസ്ജിദിന് കേടുപാടു വരുത്തിയ അക്രമികള്‍ ഖുര്‍ആന്‍ കത്തിക്കുകയും ചെയ്തു. മുസ്‌ലിംകള്‍ ഗ്രാമം വിട്ടില്ലെങ്കില്‍ സ്ത്രീകളെയും കുട്ടികളെയും ഉള്‍പ്പെടെ കൊല്ലുമെന്നായിരുന്നു സംഘപരിവാര ഗുണ്ടകളുടെ ഭീഷണി.
250 വീടുകളുള്ള കൊദാര്‍മയില്‍ 20 മുസ്‌ലിം വീടുകള്‍ മാത്രമാണുള്ളത്. പ്രദേശത്ത് മസ്ജിദ് നിര്‍മിക്കുന്നതിനെതിരേ സംഘപരിവാര സംഘടനകള്‍ ദീര്‍ഘനാളായി പ്രചാരണം നടത്തിവരുന്നുണ്ട്. ഭയചകിതരായ മുസ്‌ലിം കുടുംബങ്ങള്‍ രാത്രിയില്‍ തന്നെ വീടുവിട്ടോടി എട്ടുകിലോമീറ്റര്‍ അകലെയുള്ള ജില്ലാ കലക്ടറേറ്റില്‍ അഭയംതേടുകയായിരുന്നു.
ശനിയാഴ്ച വൈകുന്നരത്തോടെ അക്രമികളില്‍പ്പെട്ട നാലുപേര്‍ ഇവിടെയെത്തി. സംഭവത്തെക്കുറിച്ച് അധികൃതര്‍ക്കു പരാതി സമര്‍പ്പിക്കാനെന്ന വ്യാജേന എത്തിയ അവര്‍ കലക്ടറേറ്റ് വളപ്പിലുണ്ടായിരുന്ന മുസ്‌ലിംകളെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതു ശ്രദ്ധയില്‍പ്പെട്ട പോലിസ് നാലുപേരെയും അറസ്റ്റ് ചെയ്തു. കോല്‍ഗാര്‍മ ഗ്രാമത്തില്‍ നിരീക്ഷണം നടത്തുന്നതിന് പോലിസ് സംഘത്തെ അയക്കുകയും ചെയ്തു.
പോലിസ് സംഘം ഗ്രാമത്തിലെത്തിയ ഉടനെ സംഘപരിവാര പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഗ്രാമീണര്‍ പോലിസിനു നേരെ ആക്രമണം അഴിച്ചുവിട്ടു. അറസ്റ്റ് ചെയ്ത നാലുപേരെയും മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പോലിസിനെ ബന്ദികളാക്കി. ഗുരുതരമായി പരിക്കേറ്റ ഒരു പോലിസുകാരനെ റാഞ്ചിയിലെ റിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അറസ്റ്റ് ചെയ്ത അക്രമികളെ വിട്ടയച്ചശേഷം മാത്രമാണ് പോലിസുകാരെ മോചിപ്പിച്ചത്.
കഴിഞ്ഞ മാസം ഇതേ കൊദാര്‍മ ജില്ലയില്‍ ബീഫ് കഴിച്ചെന്നാരോപിച്ച് മുസ്‌ലിംകളുടെ കല്യാണ പാര്‍ട്ടിയെ ഹിന്ദുത്വര്‍ ആക്രമിച്ചിരുന്നു. വധുവിന്റെ പിതാവിനെ മാരകമായി മുറിവേല്‍പ്പിക്കുകയും നിരവധി മുസ്‌ലിം വീടുകള്‍ തകര്‍ക്കുകയും ചെയ്തിരുന്നു. ബിജെപി ഭരിക്കുന്ന ജാര്‍ഖണ്ഡില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ പശുവിന്റെ പേരിലും മറ്റും ഒരു ഡസനിലേറെ മുസ്‌ലിംകളെയാണ് തല്ലിക്കൊന്നത്.
Next Story

RELATED STORIES

Share it