Flash News

ജാമ്യം ലഭിച്ചിട്ടും മോചിതരാവാതെ നിരവധി വിചാരണത്തടവുകാര്‍

സിദ്ദീഖ്  കാപ്പന്‍

ന്യൂഡല്‍ഹി: ജാമ്യം ലഭിച്ചിട്ടും ജയില്‍മോചിതരാവാന്‍ സാധിക്കാതെ അഴിക്കുള്ളില്‍ കഴിയുന്നത് നിരവധി വിചാരണത്തടവുകാര്‍. 2017 ജൂലൈ വരെയുള്ള കണക്കുപ്രകാരം മഹാരാഷ്ട്രയില്‍ മാത്രം 642 വിചാരണത്തടവുകാരാണ് ജാമ്യത്തുകയോ ജാമ്യക്കാരനെയോ ലഭിക്കാത്തതുമൂലം അഴികളെണ്ണിക്കഴിയുന്നത്. ജൂലൈ രണ്ടാംവാരത്തിലെ കണക്കനുസരിച്ച് മഹാരാഷ്ട്രയിലെ വിവിധ ജയിലുകളില്‍ കഴിയുന്നത് 642 പേരാണ്. പരമാവധി ഏഴുവര്‍ഷത്തില്‍ താഴെ ജയില്‍ശിക്ഷ ലഭിക്കാവുന്ന കുറ്റം ചെയ്തവരാണിവര്‍. ഇതില്‍ 589 പേര്‍ക്ക് ജാമ്യം ലഭിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും ജയില്‍മോചിതരാവാനായിട്ടില്ലെന്നാണ് ജയില്‍വകുപ്പ് തയ്യാറാക്കിയ രേഖകള്‍ വ്യക്തമാക്കുന്നത്. മഹാരാഷ്ട്രയിലെ ആര്‍തര്‍ റോഡ് ജയില്‍, ബൈകുള്ള ജയില്‍, തലോജ സെന്‍ട്രല്‍ ജയില്‍, കല്യാണ്‍ ജയില്‍, താനെ ജയില്‍ എന്നിവിടങ്ങളിലാണ് ഇത്തരത്തിലുള്ള തടവുകാര്‍ അധികമുള്ളത്. മുംബൈ, താനെ കോടതികളിലാണ് ഇവരുടെ വിചാരണ നടക്കുന്നത്. ഇവിടെ നിന്നുള്ള 392 തടവുകാര്‍ക്ക് ജാമ്യം ലഭിച്ചെങ്കിലും ഇവര്‍ ഇപ്പോഴും കസ്റ്റഡിയില്‍ തുടരുകയാണ്.
വിചാരണ പൂര്‍ത്തിയാവുന്നതിനു മുമ്പ് കുറ്റാരോപിതര്‍ ഒളിവില്‍ പോവുമെന്ന ആശങ്ക കാരണം കോടതികള്‍ സ്വന്തം ജാമ്യത്തില്‍ വിടുന്നതും പണജാമ്യത്തില്‍ വിടുന്നതും വിരളമാണ്. ഏഴുവര്‍ഷം വരെ ജയില്‍ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങള്‍ ചെയ്തവര്‍ക്ക് ശിക്ഷാകാലാവധിയുടെ മൂന്നിലൊന്ന് തികച്ചാല്‍ ജാമ്യം നല്‍കണമെന്നാണ് ദേശീയ നിയമ കമ്മീഷന്റെ 268ാമത് റിപോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നത്. ജാമ്യത്തുക നല്‍കാന്‍ വിവിധ സന്നദ്ധസംഘടനകള്‍ തയ്യാറാവുന്നുണ്ടെങ്കിലും ആള്‍ജാമ്യം നല്‍കാന്‍ ഇവര്‍ക്ക് പരിമിതിയുണ്ടെന്നാണ് മഹാരാഷ്ട്ര എഡിജിപി ബിപിന്‍ ബിഹാരി പറയുന്നത്. താഴ്ന്ന സാമൂഹിക-സാമ്പത്തിക മേഖലകളില്‍ നിന്നു വരുന്ന വിചാരണത്തടവുകാര്‍ക്ക് ആള്‍ജാമ്യത്തിനായി സ്വത്തുടമസ്ഥരുടെ രേഖകള്‍ ഹാജരാക്കുക പ്രയാസകരമാണ്. ഇത് ഇത്തരക്കാരുടെ ജയില്‍മോചനവും ജാമ്യവും ദുഷ്‌കരമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം തടവുകാര്‍ക്ക് ജാമ്യം ലഭിക്കാതെ വിചാരണ തീരുന്നതു വരെ ജയിലില്‍ കിടക്കേണ്ടിവരും. അന്യായമായ വ്യവസ്ഥക ള്‍ മൂലം, ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാനാവാത്ത വിചാരണത്തടവുകാര്‍ക്കു വേണ്ടി കേന്ദ്ര നിയമമന്ത്രി അടക്കമുള്ളവര്‍ക്ക് ഭീമഹരജി നല്‍കാനുള്ള കാംപയിനുകള്‍ ആംനസ്റ്റി ഇ ന്റര്‍നാഷനല്‍ അടക്കമുള്ള മനുഷ്യാവകാശ സംഘടനകള്‍ ആരംഭിച്ചിട്ടുണ്ട്. ദരിദ്രര്‍ക്ക് സ്വാതന്ത്ര്യം ലഭിക്കാത്ത ജാമ്യവ്യവസ്ഥ അടിസ്ഥാനപരമായി അനീതിയാണ് എന്ന കാംപയിനിനാണ് ആംനസ്റ്റി തുടക്കം കുറിച്ചിരിക്കുന്നത്.
നാഷനല്‍ ക്രൈം റിക്കാര്‍ഡ് ബ്യൂറോയുടെ ഏറ്റവും പുതിയ ജയില്‍ സ്ഥിതിവിവര കണക്ക് 2015 പ്രകാരം രാജ്യത്തെ മൊത്തം തടവുകാരില്‍ 67 ശതമാനവും വിചാരണത്തടവുകാരാണ്. തങ്ങള്‍ക്കെതിരേ ഏതെങ്കിലും കുറ്റം ചെയ്തതായി തെളിയിക്കപ്പെടാതെ വിവിധ കോടതികളില്‍ വിചാരണ നടക്കുന്നവരാണിവര്‍. 82.4 ശതമാനം വിചാരണത്തടവുകാരുള്ള ബിഹാറാണ് ഇക്കാര്യത്തില്‍ ഒന്നാമത്.  ജമ്മുകശ്മീര്‍(81.5), ഒഡീഷ (78.8), ജാര്‍ഖണ്ഡ് (77.1), ഡ ല്‍ഹി (76.7) എന്നിങ്ങനെയാണു മറ്റു സംസ്ഥാനങ്ങള്‍.
Next Story

RELATED STORIES

Share it