Flash News

ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ അന്തരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസും സച്ചാര്‍ കമ്മിറ്റി ചെയര്‍മാനും പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനുമായിരുന്ന രജീന്ദര്‍ സച്ചാര്‍ (94) അന്തരിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ ഡല്‍ഹി ഫോര്‍ട്ടിസ് ആശുപത്രിയിലായിരുന്നു അന്ത്യം.
വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന അദ്ദേഹത്തെ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൃതദേഹം ഇന്നലെ വൈകീട്ടോടെ ഡല്‍ഹി ലോധി റോഡിലെ വൈദ്യുതി ശ്മശാനത്തില്‍ സംസ്‌കരിച്ചു.
1985 ആഗസ്ത് 6 മുതല്‍ ഡിസംബര്‍ 22 വരെയാണ് സച്ചാര്‍ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായി പ്രവര്‍ത്തിച്ചത്. രാജ്യത്തെ മുസ്‌ലിംകളുടെ സാമ്പത്തിക, വിദ്യാഭ്യാസ അവസ്ഥയെക്കുറിച്ചു പഠിക്കാന്‍ യുപിഎ സര്‍ക്കാര്‍ നിയോഗിച്ച ഏഴംഗ സമിതി അധ്യക്ഷനെന്ന നിലയില്‍ രജീന്ദര്‍ സച്ചാര്‍ നടത്തിയ പ്രവര്‍ത്തനം ശ്രദ്ധേയമായിരുന്നു.
2006 നവംബറില്‍ സമിതി സമര്‍പ്പിച്ച റിപോര്‍ട്ട് സച്ചാര്‍ കമ്മിറ്റി റിപോര്‍ട്ട് എന്ന പേരിലാണ് അറിയപ്പെടുന്നത്. സിവില്‍ സര്‍വീസ്, പോലിസ്, സൈന്യം, രാഷ്ട്രീയം തുടങ്ങിയ രംഗങ്ങളില്‍ മുസ്‌ലിം പ്രാതിനിധ്യത്തിന്റെ ദയനീയ ചിത്രം വ്യക്തമാക്കുന്നതായിരുന്നു സച്ചാര്‍ കമ്മിറ്റി റിപോര്‍ട്ട്.
ലാഹോറിലെ ഡിഎവി ഹൈസ്‌കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ലാഹോര്‍ ലോ കോളജില്‍ നിന്ന് നിയമബിരുദമെടുത്തു. 1952ല്‍ സിംലയിലാണ് അഭിഭാഷകവൃത്തിയില്‍ പ്രവേശിച്ചത്. വിരമിച്ചശേഷം സജീവ മനുഷ്യാവകാശ പ്രവര്‍ത്തകനായി മാറിയ സച്ചാര്‍, പീപ്പിള്‍സ് യൂനിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ്  (പിയുസിഎല്‍) അധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മനുഷ്യാവകാശ വിഷയങ്ങളില്‍ പ്രായത്തിന്റെ അവശത വകവയ്ക്കാതെ ഇടപെട്ടിരുന്ന അദ്ദേഹം, അന്നാ ഹസാരെ നടത്തിയ നിരാഹാര സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ അറസ്റ്റിലായിരുന്നു.
രജീന്ദര്‍ സച്ചാറിനെ രാഷ്ട്രപതിസ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് 2012ല്‍ സാമൂഹിക പ്രവര്‍ത്തകര്‍, അഭിഭാഷകര്‍, മുന്‍ സൈനികോദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍, കലാകാരന്‍മാര്‍ എന്നിവര്‍ ഓണ്‍ലൈന്‍ പ്രചാരണം സംഘടിപ്പിച്ചിരുന്നു.
Next Story

RELATED STORIES

Share it