ജസ്റ്റിസ് കെ ടി തോമസിന് എതിരേ പ്രതിഷേധം

ആലപ്പുഴ: ആര്‍എസ്എസിനും സംഘപരിവാരത്തിനുമെതിരേ രാജ്യവ്യാപകമായി പ്രതിഷേധമുയരുമ്പോഴും സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസും നിയമ പരിഷ്‌കരണ കമ്മിറ്റി ചെയര്‍മാനുമായ ജ. കെ ടി തോമസിന് ആര്‍എസ്എസ് ഇന്ത്യയുടെ സംരക്ഷകര്‍. കഴിഞ്ഞദിവസം സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യയുടെ സംരക്ഷകരില്‍ നാലാംസ്ഥാനം ആര്‍എസ്എസിനാണെന്ന പ്രസ്താവനയുമായി ജസ്റ്റിസ് രംഗത്തെത്തിയത്.
നേരത്തെ തന്നെ സംഘപരിവാര സഹയാത്രികനും ആര്‍എസ്എസ് വേദികളിലെ സ്ഥിരം സാന്നിധ്യവുമായ ജ. തോമസിന്റെ പുതിയ പ്രസ്താവനയ്‌ക്കെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഇന്ത്യയുടെ സുരക്ഷിതത്വത്തിന്റെ ഘടകങ്ങളില്‍ ഭരണഘടന, ജുഡീഷ്യറി, സൈന്യം എന്നിവ കഴിഞ്ഞാല്‍ നാലാം സ്ഥാനം ആര്‍എസ്എസിനാണെന്നാണ് അഭിമുഖത്തില്‍ ജ. തോമസ് പറയുന്നത്. ആര്‍എസ്എസ് നടത്തുന്ന ആയുധ പരിശീലനങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് അതു സ്വയംപ്രതിരോധത്തിന് മാത്രമാണെന്നും അല്ലാതെ ഉപയോഗിക്കാന്‍ അനുവദിക്കുന്നില്ലെന്നുമാണു ജസ്റ്റിസിന്റെ കണ്ടെത്തല്‍. ഗുജറാത്ത് കലാപത്തിലടക്കം ആര്‍എസ്എസിന് പങ്കുള്ള കാര്യം അവതാരകന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ സിഖ് കൂട്ടക്കൊലയെ ചൂണ്ടിക്കാട്ടിയാണു കെ ടി തോമസ് ഇതിനെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നത്. കഠ്‌വ, ഉന്നാവോ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ആര്‍എസ്എസിനെതിരേ ജനരോഷം ശക്തമായ സാഹചര്യത്തില്‍ ജസ്റ്റിസിന്റെ പ്രസ്താവനയ്‌ക്കെതിരേ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്.
പ്രസ്താവന ഇന്ത്യന്‍ ജുഡീഷ്യറിക്കും ജനാധിപത്യത്തിനും അപമാനമാണെന്നു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും ഹൈക്കോടതി അഭിഭാഷകനുമായ അഡ്വ. ടി ജി സുനില്‍ പറഞ്ഞു. പ്രസ്താവനയ്ക്കു മറുപടി നല്‍കിയുള്ള സുനിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് നിരവധി പേരാണ് ഷെയര്‍ ചെയ്തത്.
Next Story

RELATED STORIES

Share it