Kollam Local

ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് കല്‍ക്കെട്ടിന് പകരം കയര്‍ ഭൂവസ്ത്രം ഉപയോഗിക്കണം : മന്ത്രി തോമസ് ഐസക്ക്



കൊല്ലം:പുഴകള്‍,തോടുകള്‍, കുളങ്ങള്‍ തുടങ്ങിയ ജലസ്രോതസ്സുകളുടെ അതിരുകളില്‍ കല്ലു കെട്ടുന്നത് ഒഴിവാക്കി, പ്രകൃതിസൗഹൃദമായ കയര്‍ ഭൂവസ്ത്രം ഉപയോഗിക്കണമെന്ന് ധനകാര്യ മന്ത്രി ടി എം തോമസ് ഐസക് നിര്‍ദേശിച്ചു. കയര്‍ ഭൂവസ്ത്രത്തിന്റെ ഉപയോഗം തൊഴിലുറപ്പ് പദ്ധതിയില്‍ എന്ന വിഷയത്തില്‍ ജില്ലാ പഞ്ചായത്ത് ഐ ടി ഹാളില്‍ മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കല്‍ക്കെട്ടുകള്‍ സ്വാഭാവിക നീരൊഴുക്ക് തടസപ്പെടുത്തുകയും ജല ആവാസവ്യവസ്ഥയെ ദോഷകരമായി ബാധിക്കുകയും ചെയ്യും. ഇത്തരം കല്‍ക്കെട്ടു നിര്‍മാണം പലയിടത്തും കൈയേറ്റത്തെ പ്രോല്‍സാഹിപ്പിക്കുന്ന നിലയിലാണെന്നും കണ്ടെത്തിയിട്ടുണ്ട്. നീര്‍ത്തട പരിപാലന പരിപാടിയുടെ ഭാഗമായി ജല സംരക്ഷണ സംരംഭങ്ങള്‍ ഏറ്റെടുക്കണം. പൊതു കുളങ്ങള്‍ക്കൊപ്പം സ്വകാര്യ ഭൂമിയിലെ ജലസംരക്ഷണവും തൊഴിലുറപ്പ് പദ്ധതിയില്‍ ഏറ്റെടുക്കണമെന്നും മന്ത്രി പറഞ്ഞു. പരമാവധി വെള്ളം സംരക്ഷിക്കുന്നതിന് ലക്ഷ്യമിടുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തൊഴിലുറപ്പ് പദ്ധതിയുടെ സാധ്യത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പ്രയോജനപ്പെടുത്തണം. കയര്‍ ഭൂവസ്ത്രം ഉപയോഗിച്ചാല്‍ നാടിന്റെ ജലസ്രോതസുകള്‍  സംരക്ഷിക്കപ്പെടുന്നതിനൊപ്പം കയര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക്  മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍ ലഭിക്കുകയും ചെയ്യും. കേന്ദ്രവിഹിതം ലഭിക്കാത്തതിനാല്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ആറു മാസമായി വേതനം കുടിശികയാണ്. കുടിശിക തീര്‍ക്കുന്നതിനായി ഈ തുക തല്‍ക്കാലം സംസ്ഥാന സര്‍ക്കാര്‍ വഹിക്കുന്നത് പരിഗണനയിലാണ്. കയര്‍ മേഖലയില്‍ അടുത്ത നാലു വര്‍ഷം ആധുനിക യന്ത്രവല്‍ക്കരണം ഉള്‍പ്പെടെ ആയിരം കോടി രൂപയുടെ വികസന പദ്ധതികളാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ അധ്യക്ഷത വഹിച്ചു. സബ് കലക്ടര്‍ എസ് ചിത്ര, തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോജക്ട് കോര്‍ഡിനേറ്റര്‍ കെ വനജകുമാരി, പി എ യു പ്രോജക്ട് ഡയറക്ടര്‍ എ ലാസര്‍, നാഷനല്‍ കയര്‍ റിസര്‍ച്ച് ആന്റ് മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ കെ ആര്‍ അനില്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it