ജലം ലഭ്യമാക്കണമെന്ന് തമിഴ്‌നാടിനോട് മുഖ്യമന്ത്രി

തിരുവനന്തപുരം: പറമ്പിക്കുളം-ആളിയാര്‍ പദ്ധതിയില്‍ നിന്ന് കരാര്‍ പ്രകാരം കേരളത്തിനു 400 ക്യൂസെക്‌സ് ജലം ലഭിക്കുമെന്ന് ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. ഉഭയകക്ഷി കരാര്‍ പ്രകാരം ചിറ്റൂര്‍ പുഴയിലെ മണക്കടവ് ചിറ വഴി ഫെബ്രുവരി 15 വരെ ദിവസം 400 ക്യൂസെക്‌സ് (സെക്കന്‍ഡില്‍ 400 ഘനയടി) വെള്ളമാണ് ലഭിക്കേണ്ടത്. എന്നാല്‍, ആവശ്യമായ വെള്ളം വിട്ടുനല്‍കാന്‍ തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ തയ്യാറാവുന്നില്ല. ഫെബ്രുവരി 6ന് 131 ക്യൂസെക്‌സും 7ന് 67 ക്യൂസെക്‌സും മാത്രമാണ് വിട്ടുതന്നത്. ഫെബ്രുവരി 8ന് രാവിലെ 8 മണിക്ക് രേഖപ്പെടുത്തിയത് വെറും 32 ക്യൂസെക്‌സ് മാത്രമാണ്. ഈ നിലയിലുള്ള വെള്ളത്തിന്റെ കുറവും കരാര്‍ലംഘനവും ഉത്കണ്ഠയുളവാക്കുന്നതാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഫെബ്രുവരി 15 വരെ 400 ക്യൂസെക്‌സ് വെള്ളം നല്‍കണമെന്നും തുടര്‍ന്നുള്ള വിഹിതത്തിന്റെ കാര്യം ഫെബ്രുവരി 10ന് ചെന്നൈയില്‍ ജോയിന്റ് വാട്ടര്‍ റഗുലേറ്ററി ബോര്‍ഡ് യോഗം ചേര്‍ന്നു നിശ്ചയിക്കണമെന്നുമാണ് ജനുവരി 19നു ചേര്‍ന്ന ബോര്‍ഡ് തീരുമാനം. കരാര്‍ പ്രകാരമുള്ള വെള്ളം ലഭിക്കാത്തത് പാലക്കാട് ജില്ലയിലെ കര്‍ഷകരെ പ്രയാസത്തിലാക്കിയിരിക്കുകയാണ്. വരള്‍ച്ചയും നെല്‍കൃഷി നാശവുമായിരിക്കും ഇതിന്റെ ഫലം. ജില്ലയില്‍ ഇപ്പോള്‍ തന്നെ കുടിവെള്ളത്തിനു ക്ഷാമമുണ്ട്. ഈ സാഹചര്യം കണക്കിലെടുത്ത് തമിഴ്‌നാട് മുഖ്യമന്ത്രി ഇടപെട്ട് ഫെബ്രുവരി 15 വരെ കേരളത്തിന് കരാര്‍ പ്രകാരമുള്ള 400 ക്യൂസെക്‌സ് വെള്ളം ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it