Flash News

ജറുസലേം: യുഎസ് നടപടിക്കെതിരേ യുഎന്‍

ന്യൂയോര്‍ക്ക്: ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ച യുഎസ് നീക്കത്തെ ശക്തമായി അപലപിച്ച് യുഎന്‍ രക്ഷാസമിതി. ഇന്നലെ ചേര്‍ന്ന  അടിയന്തര യോഗത്തിലാണ് യുഎസിനെതിരേ ശക്തമായ വിമര്‍ശനം ഉയര്‍ന്നത്. യുഎന്‍ നടപടി ഫലസ്തീന്‍ മേഖലയെ സംഘര്‍ഷഭൂമിയാക്കി മാറ്റിയ സാഹചര്യത്തില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ യുഎന്നിന്റെ അടിയന്തര യോഗം വിളിച്ചുചേര്‍ക്കണമെന്ന് എട്ട് രാജ്യങ്ങള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര സമ്മര്‍ദങ്ങള്‍ അവഗണിച്ച് കഴിഞ്ഞ ബുധനാഴ്ചയാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇസ്രായേലിന്റെ തലസ്ഥാനമായി ജറുസലേമിനെ അംഗീകരിക്കുന്നതായും തങ്ങളുടെ എംബസി തെല്‍അവീവില്‍ നിന്ന് ജറുസലേമിലേക്ക് മാറ്റുമെന്നും പ്രഖ്യാപിച്ചത്. ഇതിനെതിരേ ലോകത്തെങ്ങും പ്രതിഷേധം അലയടിക്കുന്ന പശ്ചാത്തലത്തിലാണ് യുഎന്‍ രക്ഷാസമിതി അടിയന്തര യോഗം ചേര്‍ന്നത്. ഫലസ്തീന്‍ വിഷയത്തിലെ ഏറ്റവും വൈകാരികമായ വിഷയമാണ് ജറുസലേം. അതിന്റെ നിലവിലെ അവസ്ഥയ്ക്ക് മാറ്റം വരുത്തുന്നത് സമാധാനപ്രക്രിയയെ തകിടംമറിക്കുമെന്നതാണ് യുഎന്നിന്റെ പ്രഖ്യാപിത നിലപാട്. ഇതിനെതിരായ സമീപനമാണ് യുഎസില്‍ നിന്നുണ്ടായതെന്ന് യുഎന്നിന്റെ പശ്ചിമേഷ്യന്‍ കോ-ഓര്‍ഡിനേറ്റര്‍ നിക്കൊളായ് മ്ലദനോവ് പറഞ്ഞു. മേഖലയിലാകെ കനത്ത പ്രത്യാഘാതങ്ങള്‍ക്ക് ഇത് ഇടവരുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ജറുസലേമിനെ തലസ്ഥാനമായി അംഗീകരിച്ച നടപടിയെ 'ഇസ്രായേലിന്റെ താന്തോന്നിത്തങ്ങള്‍ക്കുള്ള യുഎസ് സമ്മാന'മെന്നാണ് ഫലസ്തീന്‍ അംബാസഡര്‍ റിയാദ് മന്‍സൂര്‍ യോഗത്തില്‍ വിശേഷിപ്പിച്ചത്. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുന്ന യുഎസ് തീരുമാനം തള്ളുന്നതായി ജറുസലേമിലെ മുസ്‌ലിം-ക്രിസ്ത്യന്‍ പുണ്യസ്ഥലങ്ങളുടെ സൂക്ഷിപ്പുകാരന്‍ കൂടിയായ ജോര്‍ദാന്‍ യുഎന്നിനെ അറിയിച്ചു. യുഎസ് നടപടി ജറുസലേമിന്റെ നിലവിലെ സ്ഥിതിയില്‍ ഒരു മാറ്റവും ഉണ്ടാക്കില്ലെന്നും നടപടിയെ തള്ളിക്കളയുന്നതായും യുഎന്നിലെ ഈജിപ്ഷ്യന്‍ അംബാസഡര്‍ അംറ് അബ്ദുല്ലത്തീഫ് പറഞ്ഞു. ബ്രിട്ടിഷ് എംബസി ജറുസലേമിലേക്ക് മാറ്റാന്‍ തങ്ങള്‍ക്ക് പദ്ധതിയില്ലെന്നു ബ്രിട്ടിഷ് അംബാസഡര്‍ മാത്യു റെയ്‌ക്രോഫ്റ്റ് പറഞ്ഞു. യുഎസ് നടപടിക്കെതിരേ ഫ്രാന്‍സും സ്വീഡനും റഷ്യയും ജപ്പാനും ശക്തമായ നിലപാടാണ് സ്വീകരിച്ചത്.
Next Story

RELATED STORIES

Share it