ജര്‍മനി: തീവണ്ടികള്‍ കൂട്ടിയിടിച്ച് 9 മരണം; നൂറിലേറെ പേര്‍ക്കു പരിക്കേറ്റു

ബെര്‍ലിന്‍: ജര്‍മനിയിലെ ബെവാറിയയില്‍ രണ്ടു യാത്രാതീവണ്ടികള്‍ കൂട്ടിയിടിച്ച് ഒമ്പതു മരണം. നൂറിലേറെ പേര്‍ക്കു പരിക്കേറ്റു. ഇവരില്‍ 55 പേരുടെ നില ഗുരുതരമാണ്.
ചൊവ്വാഴ്ച രാവിലെ ഏഴിനു റൊസെന്‍ഹൈമിനും ഹോള്‍സ്‌കെര്‍ഷനിനും ഇടയിലുള്ള ഒറ്റവരിപ്പാതയിലാണ് സംഭവം. മ്യൂണിക്കിന് 60 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ഇരു ട്രെയിനുകളും ഭാഗികമായി പാളം തെറ്റിയതായും ഒന്നു മറ്റൊന്നിനുമേല്‍ ഇടിച്ചുകയറിയതായും തീവണ്ടി ഓപറേറ്റര്‍ വ്യക്തമാക്കി.
തകര്‍ന്ന തീവണ്ടി ബോഗികള്‍ക്കിടയില്‍നിന്നു മണിക്കൂറുകള്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് പരിക്കേറ്റവരെയും മറ്റും രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തത്. ഇരു ലോക്കോപൈലറ്റുമാരും സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും.
അമിത വേഗത്തിലെത്തിയ പ്രാദേശിക തീവണ്ടികള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നെന്നു ജര്‍മന്‍ ഫെഡറല്‍ പോലിസ് ഓഫിസറായ റെയ്‌നര്‍ ഷാര്‍ഫ് വ്യക്തമാക്കി. അപകടകാരണം വ്യക്തമല്ല. അപകട മേഖലയ്ക്കു ചുറ്റുമുള്ള റോഡുകള്‍ പോലിസ് അടച്ചിട്ടുണ്ട്.
കൂടാതെ, റൊസെന്‍ഹൈമിനും ഹോള്‍സ്‌കെര്‍ഷനിനും ഇടയിലെ തീവണ്ടി പാതയും അടച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
Next Story

RELATED STORIES

Share it