Flash News

ജര്‍മനിയും ഇംഗ്ലണ്ടും റഷ്യയില്‍ പന്ത് തട്ടും

ജര്‍മനിയും ഇംഗ്ലണ്ടും റഷ്യയില്‍ പന്ത് തട്ടും
X


ലണ്ടന്‍: 2018 ഫുട്‌ബോള്‍ ലോകകപ്പില്‍ ആവേശം പകരാന്‍ ഇംഗ്ലണ്ടും നിലവിലെ ചാംപ്യന്‍മാരായ ജര്‍മനിയും റഷ്യയിലുണ്ടാവും. ലോകകപ്പ് യോഗ്യതാ മല്‍സരത്തില്‍ ജര്‍മനി വടക്കന്‍ അയര്‍ലന്‍ഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വീഴ്ത്തിയപ്പോള്‍ സ്ലോവേനിയയെ എകപക്ഷീയമായ ഒരു ഗോളിനാണ് ഇംഗ്ലണ്ട് മുട്ടുകുത്തിച്ചത്.
ഇഞ്ചുറി ടൈമില്‍ സൂപ്പര്‍ താരം ഹാരി കെയ്‌നാണ് ഇംഗ്ലണ്ടിന് വിജയ ഗോള്‍ സമ്മാനിച്ചത്. കൈല്‍ വാക്കറുടെ ക്രോസിനെ ഉന്നം പിഴക്കാതെ വലയിലെത്തിച്ചാണ് കെയ്ന്‍ ഇംഗ്ലണ്ടിന് റഷ്യയിലേക്കുള്ള ടിക്കറ്റ് സമ്മാനിച്ചത്. ഗ്രൂപ്പ് എഫില്‍ ഒമ്പത് കളികളില്‍ നിന്ന് 23 പോയിന്റാണ് ഇംഗ്ലണ്ടിനുള്ളത്.
അതേ സമയം രണ്ടാം മിനിറ്റില്‍ തന്നെ ജര്‍മനി കരുത്ത് കാട്ടി. സെബാസ്റ്റിയന്‍ റീഡിയിലൂടെ അക്കൗണ്ട് തുറന്ന ജര്‍മനിക്ക് വേണ്ടി 21ാം മിനിറ്റില്‍ വാഗ്്‌നര്‍ ലീഡുയര്‍ത്തി. 86ാം മിനിറ്റില്‍ കിമ്മിച്ചാണ് ജര്‍മനിയുടെ മൂന്നാം ഗോള്‍ നേടിയത്. ഇഞ്ചുറി ടൈമില്‍ ജോഷ് മാഗെന്നിസിന്റെ വകയായിരുന്നു അയര്‍ലന്‍ഡിന്റെ ആശ്വാസഗോള്‍. ഗ്രൂപ്പ് സിയില്‍ ഒമ്പത് കളികളില്‍ നിന്ന് 27 പോയിന്റാണ് ജര്‍മനിക്കുള്ളത്.
മറ്റ് മല്‍സരങ്ങളില്‍ കസാക്കിസ്താനെ 3-1ന് റൊമാനിയയും സ്ലോവാക്കിയെ 1-0ന് സ്‌കോട്‌ലന്‍ഡും തോല്‍പ്പിച്ചു.
ദക്ഷിണാ അമേരിക്കാ യോഗ്യതാ റൗണ്ടില്‍ ഇക്വഡോറിനെ 2-1 ന് ചിലിയും മുട്ടുകുത്തിച്ചു. പരാഗ്വെ 2-1ന് കൊളംബിയയെയും വീഴ്ത്തിയപ്പോള്‍ കരുത്തരായ ഉറുഗ്വേയ്ക്ക് വെനസ്വേലയോട് ഗോള്‍ രഹിത സമനില വഴങ്ങേണ്ടി വന്നു.
Next Story

RELATED STORIES

Share it