ജയില്‍മോചിതരാവുന്ന ബംഗ്ലാദേശി കുടിയേറ്റ തൊഴിലാളികളെ ബുധനാഴ്ച നാടുകടത്തും

മലപ്പുറം: ജയില്‍മോചിതരാവുന്ന ബംഗ്ലാദേശി കുടിയേറ്റ തൊഴിലാളികളെ ബുധനാഴ്ച നാടുകടത്തിയേക്കും. അനധികൃതമായി രാജ്യത്ത് പ്രവേശിച്ച് തൊഴിലെടുത്ത് വരുന്നതിനിടെ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി വാഴക്കാടിനടുത്ത് വച്ചാണ് പോലിസ് 34  ബംഗ്ലാദേശി പൗരന്‍മാരെ പിടികൂടിയത്.
വ്യാജരേഖകളുണ്ടാക്കി ഇന്ത്യയില്‍ തങ്ങിയതിന് ഫോറിനേഴ്‌സ് ആക്റ്റ് സെക്ഷന്‍ രണ്ട് (ബി), 14 (ബി) എന്നിവ പ്രകാരം ഇവര്‍ക്കെതിരേ പോലിസ് മൂന്ന് കേസുകളെടുത്തിരുന്നു. തുടര്‍ന്ന് മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് നാലുമാസം തടവിനും 100 രൂപ വീതം പിഴയടയ്ക്കാനും വിധിച്ചിരുന്നു. പശ്ചിമ ബംഗാളിലെയും അസമിലെയും തിരിച്ചറിയല്‍ കാര്‍ഡുകളില്‍ ഫോട്ടോ മാറ്റി ഒട്ടിച്ചാണ് ഇവര്‍ പൗരത്വ രേഖ വ്യാജമായി ഉണ്ടാക്കിയിരുന്നത്. ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയിലെ ജലനിരപ്പ് താഴ്ന്ന പത്മാ നദിയിലൂടെ രാജ്യത്തേക്ക് കുടിയേറിയ ഇവര്‍ വിവിധ സ്ഥലങ്ങളില്‍ നിര്‍മാണജോലികളില്‍ ഏര്‍പ്പെട്ടുവരികയായിരുന്നു. പിടികൂടപ്പെട്ടവരില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടിയും ഉണ്ടായിരുന്നു.
ഈ കുട്ടിയെ കഴിഞ്ഞമാസം അതിര്‍ത്തിയില്‍ കൊണ്ടുപോയി നാടുകടത്തി. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഇവരെ നാടുകടത്താനുള്ള രേഖകളെല്ലാം ശരിയായതായി മലപ്പുറം ജില്ലാ പോലിസ് സൂപ്രണ്ട് ദേബേഷ്‌കുമാര്‍ ബെഹ്‌റ പറഞ്ഞു. 15 പോലിസുകാരടങ്ങുന്ന സംഘമായിരിക്കും ഇവരെ അതിര്‍ത്തിയിലേക്ക് കൊണ്ടുപോവുക. തീവണ്ടി മാര്‍ഗം പശ്ചിമബംഗാളിലേക്ക് എത്തിച്ച ശേഷം അതിര്‍ത്തിയിലെത്തി ബിഎസ്എഫിനെ ഏല്‍പ്പിക്കും. ബിഎസ്എഫ് ആയിരിക്കും ബംഗ്ലാദേശ് അധികൃതര്‍ക്ക് കൈമാറുക. കുടിയേറ്റക്കാരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായി കഴിഞ്ഞ ഒക്ടോബറില്‍ കോണ്‍സുലേറ്റിന്റെ നേതൃത്വത്തില്‍ ബംഗ്ലാദേശ് മന്ത്രി മുഷ്‌റഫ് ഹുസയ്‌നും സംഘവും കോഴിക്കോട്, തൃശൂര്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നു.
അനധികൃത കുടിയേറ്റക്കാരുടെ വിഷയം കേന്ദ്രസര്‍ക്കാരിന്റെ അധികാരത്തിലുള്ളതായതിനാല്‍ നാടുകടത്താന്‍ കൊണ്ടുപോവുന്നവര്‍ക്കാവശ്യമായ യാത്ര, ഭക്ഷണ ചെലവുകള്‍ ആര് വഹിക്കുമെന്നതില്‍ വ്യക്തത ഉണ്ടായിട്ടില്ല. നേരത്തെ ഒറ്റപ്പെട്ട ചിലരെ ബംഗ്ലാദേശിലേക്കും പാകിസ്താനിലേക്കുമൊക്കെ നാടുകടത്തിയിട്ടുണ്ടെങ്കിലും ജോലി തേടിവന്ന് പിടിയിലകപ്പെടുന്നവരുടെ സംഘത്തെ അതിര്‍ത്തിയില്‍ കൊണ്ടുവിടുന്ന സംഭവം ഇതാദ്യത്തേതാണ്.
Next Story

RELATED STORIES

Share it