ജയിലില്‍ സൗമ്യയുടെ ആത്മഹത്യ: ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

കണ്ണൂര്‍: പിണറായി പടന്നക്കരയില്‍ മാതാപിതാക്കളെയും മകളെയും വിഷം നല്‍കി കൊലപ്പെടുത്തിയ കേസിലെ പ്രതി വണ്ണത്താന്‍കണ്ടി സൗമ്യ (28) കണ്ണൂര്‍ വനിതാ ജയിലില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ മൂന്ന് ജയില്‍ ജീവനക്കാര്‍ക്കെതിരേ വകുപ്പുതല നടപടി. സുരക്ഷാ വീഴ്ച വരുത്തിയതിന് മൂന്ന് അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു. ജയില്‍ സൂപ്രണ്ട്, സംഭവദിവസം ജയിലിന്റെ ചുമതലയുണ്ടായിരുന്ന അസിസ്റ്റന്റ് സൂപ്രണ്ട് എന്നിവര്‍ക്കെതിരേ നടപടിക്കും ശുപാര്‍ശയുണ്ട്. തല്‍ക്കാലം കീഴുദ്യോഗസ്ഥരായ മൂന്ന് അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍മാര്‍ക്കെതിരേ മാത്രം സസ്‌പെന്‍ഷന്‍ നടപടി സ്വീകരിക്കാനാണ് നിര്‍ദേശം. രണ്ടുദിവസത്തിനകം ഉത്തരവിറങ്ങും. ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരമേഖലാ ജയില്‍ ഡിഐജി എസ് സന്തോഷ് കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തിയിരുന്നു. ജയില്‍ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും ഭാഗത്തുനിന്ന് ഗുരുതര സുരക്ഷാവീഴ്ച ഉണ്ടായതായി അദ്ദേഹം കണ്ടെത്തുകയുണ്ടായി. ഡിഐജി നല്‍കിയ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജയില്‍ മേധാവി ഡിജിപി ആര്‍ ശ്രീലേഖ ജീവനക്കാര്‍ക്കെതിരേ നടപടിക്ക് നിര്‍ദേശം നല്‍കിയത്. സംഭവദിവസം ഡെപ്യൂട്ടി സൂപ്രണ്ട് അവധിയാണ് എന്നറിഞ്ഞുകൊണ്ട് സൂപ്രണ്ട് അവധിയെടുത്തെന്നും സൂപ്രണ്ടോ ഡെപ്യൂട്ടി സൂപ്രണ്ടോ ആരെങ്കിലുമൊരാള്‍ നിര്‍ബന്ധമായും ജയിലില്‍ ഉണ്ടായിരിക്കണമെന്ന ഡിജിപിയുടെ നിര്‍ദേശം പാലിച്ചില്ലെന്നും ഡിഐജിയുടെ അന്വേഷണ റിപോര്‍ട്ടിലുണ്ട്. അതേസമയം, കൂട്ടക്കൊലക്കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്നു സൗമ്യയുടെ ബന്ധുക്കള്‍ ആരോപിക്കുകയും ഏക പ്രതി ദുരൂഹസാഹചര്യത്തില്‍ മരിക്കുകയും ചെയ്ത സാഹചര്യത്തില്‍ കൂട്ടക്കൊലക്കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. മാതാപിതാക്കളായ കുഞ്ഞിക്കണ്ണന്‍ (80), ഭാര്യ കമല (65), മകള്‍ ഐശ്വര്യ (ഒമ്പത്) എന്നിവരുടെ കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നായിരിക്കും ക്രൈംബ്രാഞ്ച് പ്രധാനമായും അന്വേഷിക്കുക.

Next Story

RELATED STORIES

Share it