Districts

ജയിക്കാന്‍ സിപിഎമ്മിന്റെ വിദ്യകള്‍; സ്ഥാനാര്‍ഥി ചിരിക്കണം

കെ പി ഒ റഹ്മത്തുല്ല

തൃശൂര്‍: തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടന്നതോടെ വിജയിക്കാന്‍ സിപിഎം സ്ഥാനാര്‍ഥികള്‍ക്ക് തന്ത്രങ്ങള്‍ നിര്‍ദേശിച്ച് സര്‍ക്കുലര്‍ അയച്ചു. പാര്‍ട്ടി ഘടകങ്ങളിലൂടെയാണ് നിരവധി വിദ്യകളുള്ള സര്‍ക്കുലര്‍ നല്‍കിയിട്ടുള്ളത്.
സ്ഥാനാര്‍ഥി എല്ലാ വോട്ടര്‍മാരോടും ചിരിക്കണം. വോട്ടറോട് തര്‍ക്കിക്കരുത്. മൂന്ന് തവണയെങ്കിലും എല്ലാ വോട്ടര്‍മാരെയും വീട്ടില്‍ പോയി നേരില്‍ കാണണം. ഓരോ വോട്ടറോടും നേരില്‍ സംസാരിക്കണം. സംസാരത്തില്‍ പ്രാദേശിക പ്രശ്‌നങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. വിഎസിന്റെ പ്രസംഗങ്ങള്‍ വോട്ടര്‍മാരെ കേള്‍പ്പിക്കണം. ഏതെങ്കിലും പ്രത്യേക ജാതിയോ സമുദായമോ താമസിക്കുന്ന വാര്‍ഡാണെങ്കില്‍ സ്ഥാനാര്‍ഥിയുടെ ജാതിയും സമുദായവും പ്രചാരണത്തില്‍ ഉപയോഗിക്കണം. സ്ഥാനാര്‍ഥി പര്യടനത്തില്‍ ഒരാള്‍ സംസ്ഥാന രാഷ്ട്രീയവും മറ്റൊരാള്‍ പ്രാദേശിക വിഷയങ്ങളും സംസാരിക്കണം. അവസാനഘട്ട ഭവനസന്ദര്‍ശന സംഘത്തില്‍ പൊതുസമ്മതരായവര്‍ മാത്രമേ ഉണ്ടാവാന്‍ പാടുള്ളൂ. മോശമായ അഭിപ്രായം ഉള്ളവരെയെല്ലാം മാറ്റിനിര്‍ത്തണം. അഞ്ചംഗ സംഘമെങ്കിലും സ്ഥാനാര്‍ഥിയോടൊപ്പം ഉണ്ടാവണം. അവസാനവട്ട പ്രചാരണത്തിന് തയ്യാറാക്കുന്ന പോസ്റ്ററുകളിലും ബാനറുകളിലും നോട്ടീസുകളിലും നിര്‍ബന്ധമായും അച്യുതാനന്ദന്റെ ചിത്രങ്ങള്‍ ചേര്‍ക്കണം. എതിര്‍ സ്ഥാനാര്‍ഥികള്‍ക്കെതിരേ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കഴിയുന്ന പ്രചാരണങ്ങള്‍ അവസാന നാളുകളില്‍ പുറത്തെടുക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. യുഡിഎഫ്-ബിജെപി കൂട്ടുകെട്ടുണ്ടെന്ന പ്രചാരണം അവസാന സമയത്ത് ശക്തമായി ഉന്നയിക്കണമെന്നും നിര്‍ദേശിക്കുന്നു.
Next Story

RELATED STORIES

Share it