Most popular

ജയലളിതയുടെ പ്രചാരണ സമ്മേളനങ്ങളില്‍ മരണം തുടര്‍ക്കഥ; ഒരാഴ്ചക്കിടെ സേലത്തും വിരുതാചലത്തും മരിച്ചത് നാലുപേര്‍

ജയലളിതയുടെ പ്രചാരണ സമ്മേളനങ്ങളില്‍ മരണം തുടര്‍ക്കഥ;  ഒരാഴ്ചക്കിടെ  സേലത്തും  വിരുതാചലത്തും  മരിച്ചത്  നാലുപേര്‍
X
jayalalitha

സേലം: അണ്ണാ ഡിഎംകെ അധ്യക്ഷ ജയലളിതയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന റാലികളില്‍ മരണം ആവര്‍ത്തിക്കുന്നു. കഴിഞ്ഞ ദിവസം സേലത്തെ റാലിയില്‍ രണ്ട് പ്രവര്‍ത്തകരാണ് കുഴഞ്ഞുവീണ് മരിച്ചത്. പാച്ചിയണ്ണന്‍ (55), പെരിയസാമി (62) എന്നിവരുടെ മരണം രാഷ്ട്രീയ വിവാദത്തിന് തിരിക്കൊളുത്തിയിട്ടുണ്ട്. ഡിഎംകെയും ഡിഎംഡികെയും വിഷയം ഏറ്റെടുത്തതോടെ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് ജയലളിത പ്രഖ്യാപിച്ചു.ചെന്നൈയില്‍നിന്നു 250 കിലോമീറ്റര്‍ അകലെ വിരുതാചലത്തില്‍ കഴിഞ്ഞാഴ്ച നടന്ന ജയലളിതയുടെ റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ട് 2 അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ മരിച്ചിരുന്നു. മരണം തുടര്‍ക്കഥയായപ്പോഴാണ് പ്രതിപക്ഷ കക്ഷികള്‍ വിഷയം ഏറ്റെടുത്തത്. പ്രചാരണത്തിന് ജയലളിത തിരഞ്ഞെടുക്കുന്ന സമയം ശരിയല്ലെന്നാണ് ആരോപണം. ഒന്നിടവിട്ട ദിവസങ്ങളില്‍ ഓരോ റാലി സംഘടിപ്പിക്കാനാണ് അവര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നല്‍കിയ നിര്‍ദേശം. ഓരോ റാലിയിലും 16 സ്ഥാനാര്‍ഥികള്‍ പങ്കെടുക്കുകയും ഓരോ സ്ഥാനാര്‍ഥികളും 20,000 പേരെ പങ്കെടുപ്പിക്കുകയും വേണം. ഇത്തരത്തില്‍ മൂന്ന് ലക്ഷത്തിലധികം പേര്‍ പങ്കെടുത്ത റാലിയാണ് ബുധനാഴ്ച സേലത്ത് നടന്നത്. ഇവിടെ 51 സ്ഥാനാര്‍ഥികള്‍ ജയലളിതയെ കാത്ത് മണിക്കൂറുകളോളം പൊരിവെയിലത്തിരുന്നു. പത്ത് കിലോമീറ്റര്‍ നീണ്ട ട്രാഫിക് കുരുക്കില്‍പ്പെട്ടവരില്‍ തുറന്ന വാഹനങ്ങളിലെത്തിയവരാണ് ഏറെ പ്രയാസപ്പെട്ടത്. പലരും വാഹനങ്ങളില്‍ നിന്നിറങ്ങി മരങ്ങള്‍ക്ക് ചുവട്ടില്‍ കൂട്ടംകൂടി. മൂന്ന് മണിക്ക് നിശ്ചയിച്ച റാലിക്ക് ജയലളിത ഹെലികോപ്റ്ററിലെത്തിയത് നാല് മണി കഴിഞ്ഞാണ്. പ്രവര്‍ത്തകര്‍ ഒരു മണിക്കുതന്നെ എത്തി സ്ഥാനംപിടിച്ചിരുന്നു. ഇതില്‍പ്പെട്ട രണ്ടുപേരാണ് മരിച്ചത്. കഴിഞ്ഞ തവണത്തേതില്‍നിന്നു വ്യത്യസ്തമായി നിശ്ചയിച്ച പ്രകാരമല്ല ജയലളിത റാലികളില്‍ എത്തുന്നത്. അവരുടെ ആരോഗ്യ പ്രശ്‌നങ്ങളാണിതിന് കാരണമെന്ന് ആരോപണമുണ്ട്. സേലത്ത് ജയലളിത വേദിയിലേക്കെത്തിയത് സാവധാനം നടന്നാണ്. ഇരുന്ന് പ്രസംഗിക്കുകകൂടി ചെയ്തതോടെ ആരോപണം ശക്തമായിട്ടുണ്ട്. പ്രവര്‍ത്തകരുടെ മരണത്തിന് ഉത്തരവാദി അവരെ ചുട്ടുപൊള്ളുന്ന വെയിലത്ത് നിര്‍ത്തിയ ജയലളിതയാണെന്ന് ഡിഎംകെ നേതാവ് എം കെ സ്റ്റാലിന്‍ കുറ്റപ്പെടുത്തി.
Next Story

RELATED STORIES

Share it