Flash News

ജയരാജനും ശങ്കര്‍റെഡ്ഡിക്കുമെതിരായ കേസുകള്‍ അവസാനിപ്പിക്കുന്നു



കൊച്ചി: മുന്‍മന്ത്രി ഇ പി ജയരാജനെതിരായ ബന്ധുനിയമന കേസും വിജിലന്‍സ് മുന്‍ ഡയറക്ടര്‍ എന്‍ ശങ്കര്‍റെഡ്ഡിക്കെതിരായ ബാര്‍ കോഴ അട്ടിമറിക്കേസും അവസാനിപ്പിക്കുന്നുവെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍ അറിയിച്ചു. ബന്ധുനിയമന കേസ് നിലനില്‍ക്കില്ലെന്ന് വിജിലന്‍സ് കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. ശങ്കര്‍റെഡ്ഡിക്കെതിരായ പരാതിയില്‍ കഴമ്പില്ലെന്നു വ്യക്തമാക്കിയാണ് കേസ് അവസാനിപ്പിക്കുന്നത്. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസില്‍ എംഡിയായി പി കെ സുധീറിനെ നിയമിച്ചതില്‍ അഴിമതിയാരോപിക്കുന്ന കേസില്‍ പ്രതിചേര്‍ത്തതിനെതിരേ ഇ പി ജയരാജന്‍ സമര്‍പ്പിച്ച ഹരജിയാണു കോടതിയിലുള്ളത്. അതേസമയം, രൂക്ഷമായ വിമര്‍ശനമാണ് ഹൈക്കോടതിയില്‍നിന്ന് വിജിലന്‍സിന് നേരിടേണ്ടിവന്നത്. വിജിലന്‍സ് സൂപ്പര്‍ പവറാണോയെന്ന് ചോദിച്ച കോടതി, ജനവികാരത്തിന് അടിപ്പെട്ട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യരുതെന്നും പറഞ്ഞു. മന്ത്രിസഭയെ പോലും നിയന്ത്രിക്കാന്‍ വിജിലന്‍സിന് അധികാരമുണ്ടോയെന്നും കോടതി ചോദിച്ചു. മന്ത്രിസഭാ യോഗതീരുമാനം തിരുത്താന്‍ വിജിലന്‍സിന് ആവശ്യപ്പെടാനാവില്ല. വിജിലന്‍സ് പോലിസിന്റെ ഭാഗമാണെന്നും കോടതി വ്യക്തമാക്കി. അടുത്തമാസം ആറിന് കേസ് വീണ്ടും പരിഗണിക്കും. ബന്ധുനിയമന കേസില്‍ അഴിമതി നിരോധന നിയമം —നിലനില്‍ക്കില്ലെന്നു കരുതുന്നതായി വിജിലന്‍സ് ഡിവൈഎസ്പി വി ശ്യാംകുമാര്‍ കഴിഞ്ഞദിവസം കോടതിയില്‍ വ്യക്തമാക്കിയിരുന്നു. പ്രതികളാരും സാമ്പത്തികനേട്ടം ഉണ്ടാക്കിയിട്ടില്ല. വിവാദ നിയമനം ലഭിച്ചിട്ടും സ്ഥാനമേല്‍ക്കാത്തതുകൊണ്ട് രണ്ടാംപ്രതി പി കെ സുധീറും നേട്ടമുണ്ടാക്കിയിട്ടില്ലെന്ന് വിജിലന്‍സ് ഡിവൈഎസ്പി വി ശ്യാംകുമാര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ജയരാജന്റെ ഭാര്യാ സഹോദരിയും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ പി കെ ശ്രീമതി എംപിയുടെ മകന്‍ പി കെ സുധീര്‍ നമ്പ്യാറെ ചട്ടം ലംഘിച്ചു കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ (കെഎസ്‌ഐഇഎല്‍) മാനേജിങ് ഡയറക്ടറായി നിയമിച്ചു എന്നതാണ് ജയരാജനെതിരായ കേസ്. ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബറില്‍ ജയരാജന്‍ മന്ത്രിസ്ഥാനം രാജിവച്ചിരുന്നു. ബന്ധുനിയമന കേസില്‍ നേരത്തേയും വിജിലന്‍സിനു നേരെ ഹൈക്കോടതിയുടെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. രാഷ്ട്രീയക്കാരെയും പത്രക്കാരെയും തൃപ്തിപ്പെടുത്താനാവരുത് കേസെടുക്കലെന്ന് കോടതി പറഞ്ഞിരുന്നു. ബന്ധുനിയമനത്തില്‍ ലാഭമുണ്ടായോ എന്ന് പറയുന്നതില്‍ ആരെയാണ് ഭയക്കുന്നതെന്നും ഹൈക്കോടതി വിജിലന്‍സിനോട് ഒരു ഘട്ടത്തില്‍ ചോദിച്ചിരുന്നു.
Next Story

RELATED STORIES

Share it