Cricket

ജയം തുടര്‍ന്ന് മുംബൈ ഇന്ത്യന്‍സ്; കൊല്‍ക്കത്തയെ എറിഞ്ഞിട്ടു

ജയം തുടര്‍ന്ന് മുംബൈ ഇന്ത്യന്‍സ്; കൊല്‍ക്കത്തയെ എറിഞ്ഞിട്ടു
X

മുംബൈ: ഐപിഎല്ലില്‍ കരുത്തരായ കൊല്‍ക്കത്തയ്‌ക്കെതിരേ മുംബൈ ഇന്ത്യന്‍സിന് തകര്‍പ്പന്‍ ജയം. 13 റണ്‍സിനാണ് നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് വിജയം ആഘോഷിച്ചത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ് അടിച്ചെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ കൊല്‍ക്കത്തയുടെ പോരാട്ടം 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സില്‍ അവസാനിച്ചു. റണ്‍സ് വിട്ടുകൊടുക്കാന്‍ പിശുക്കുകാണിച്ച ബൗളര്‍ മാരാണ് മുംബൈ ഇന്ത്യന്‍സിന് ജയം സമ്മാനിച്ചത്. ഈ സീസണില്‍ ആറ് മല്‍സരങ്ങള്‍ തോറ്റ മുംബൈക്ക്് ഒരു തോല്‍വി പോലും ചിലപ്പോള്‍ പുറത്തേക്കുള്ള വഴി തുറന്നേക്കും.
ടോസ് നഷ്ടപ്പെട്ട മുംബൈ ഇന്ത്യന്‍സിന് തകര്‍പ്പന്‍ തുടക്കമാണ് സൂര്യകുമാര്‍ യാദവും (39 പന്തില്‍ 59) എവിന്‍ ലെവിസും ( 28 പന്തില്‍ 43) ചേര്‍ന്ന് സമ്മാനിച്ചത്. ഇരുവരും പവര്‍പ്ലേയില്‍ തല്ലിത്തകര്‍ത്തോടെ മുംബൈ സ്‌കോര്‍ബോര്‍ഡ് ശരവേഗം പാഞ്ഞു. സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കുന്ന യാദവ് ഏഴ് ഫോറും രണ്ട് സിക്‌സറുമാണ് അക്കൗണ്ടിലാക്കിയത്. ഒടുവില്‍ ആന്ദ്രേ റസലിന് മുന്നില്‍ കീഴടങ്ങി ലെവിസ് മടങ്ങുമ്പോള്‍ മുംബൈ സ്‌കോര്‍ബോര്‍ഡ് 9.2 ഓവറില്‍ ഒരുവിക്കറ്റിന് 91 റണ്‍സെന്ന മികച്ച നിലയിലായിരുന്നു. അഞ്ച് ഫോറും രണ്ട് സിക്‌സറുമായിരുന്നു ലെവിസിന്റെ സമ്പാദ്യം.
എന്നാല്‍ മുന്നേറ്റ നിരയില്‍ രോഹിത് ശര്‍മ (11 പന്തില്‍ 11) വീണ്ടും നിരാശപ്പെടുത്തി. ബാറ്റിങ് പ്രമോഷനോടെ ക്രീസിലെത്തിയ ഹാര്‍ദിക് പാണ്ഡ്യ ( 20 പന്തില്‍ 35) തല്ലിത്തകര്‍ത്തത്തോടെ വീണ്ടും മുംബൈ സ്‌കോര്‍ബോര്‍ഡിന് വേഗതകൂടി. ക്രുണാല്‍ പാണ്ഡ്യ (11 പന്തില്‍ 14), ജെപി ഡുമിനി (11 പന്തില്‍ 13) എന്നിവരും മുംബൈക്ക് വേണ്ടി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. കൊല്‍ക്കത്തയ്ക്ക് വേണ്ടി സുനില്‍ നരെയ്ന്‍, ആന്ദ്രെ റസല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം പങ്കിട്ടു.
മറുപടി ബാറ്റിങിനിറങ്ങിയ കൊല്‍ക്കത്തന്‍ നിര കൃത്യമായ ഇടവേളകളില്‍ മുംബൈ ബൗളര്‍മാര്‍ കൂടാരം കയറ്റി. റോബിന്‍ ഉത്തപ്പയാണ് ( 35 പന്തില്‍ 54) കൊല്‍ക്കത്തന്‍ നിരയിലെ ടോപ് സ്‌കോറര്‍. ദിനേഷ് കാര്‍ത്തിക് ( 26 പന്തില്‍ 36*), നിധീഷ് റാണ ( 27 പന്തില്‍ 31) എന്നിവരും കൊല്‍ക്കത്തയ്ക്ക് വേണ്ടി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മുംബൈക്ക് വേണ്ടി ഹര്‍ദിക് പാണ്ഡ്യ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങി.
ജയത്തോടെ 10 മല്‍സരങ്ങളില്‍ നിന്ന് എട്ട് പോയിന്റുകളുമായി മുംബൈ അഞ്ചാം സ്ഥാനത്ത് തുടരുന്നു. 10 മല്‍സരങ്ങളില്‍ നിന്ന് 10 പോയിന്റുള്ള കൊല്‍ക്കത്ത മൂന്നാം സ്ഥാനത്താണ്.
Next Story

RELATED STORIES

Share it