ജനാധിപത്യം ഭീഷണി നേരിടുന്നു: മന്‍മോഹന്‍ സിങ്‌

ന്യൂഡല്‍ഹി: നരേന്ദ്രമോദി ഭരണത്തില്‍ രാജ്യം കടുത്ത നിരാശയിലാണെന്നു മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. അവിശ്വാസപ്രമേയം പരിഗണിക്കാതിരിക്കാന്‍ സര്‍ക്കാര്‍ തന്നെയാണ് പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുത്തിയത്. രാജ്യത്തെ ജനാധിപത്യം ഇപ്പോള്‍  അപകടത്തിലാണെന്നും മന്‍മോഹന്‍ സിങ് കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നടത്തിയ ജന്‍ ആക്രോശ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ ജുഡീഷ്യറിയിലെ പ്രതിസന്ധി ചൂണ്ടിക്കാട്ടി സംസാരിച്ച് മന്‍മോഹന്‍ സിങ്, ഇത് രാജ്യത്തെ ജനാധിപത്യത്തിന് ഗുണം ചെയ്യില്ലെന്ന് വ്യക്തമാക്കി.
കോണ്‍ഗ്രസ്സിനെ ശക്തിപ്പെടുത്തി, രാജ്യത്തെ ജനാധിപത്യത്തെ ശക്തിപ്പെടുത്തേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. ഇതിനായി രാഹുല്‍ഗാന്ധിയുടെ ദൗത്യത്തെ പിന്തുണയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ മോദി സര്‍ക്കാരിന് ആയില്ല. ഈ സര്‍ക്കാര്‍ കര്‍ഷകവിരുദ്ധമാണ്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുത്തനെ കുറഞ്ഞിട്ടും രാജ്യത്ത് ഇന്ധനവില കുറയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. രാജ്യത്തെ ഈ സ്ഥിതിഗതികള്‍ മാറ്റാന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നാം ഒന്നിച്ച് നില്‍ക്കേണ്ട സമയമാണിതെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു.
പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി മോദി ജനങ്ങളെ വഞ്ചിച്ചുവെന്ന് റാലിയില്‍ സംസാരിച്ച യുപിഎ അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു.
ഭരണഘടനാ സ്ഥാപനങ്ങള്‍ ഭീഷണി നേരിടുന്നു. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും അസംതൃപ്തരാണ്. രാജ്യത്ത് പെണ്‍കുട്ടികള്‍ സുരക്ഷിതരല്ല. രാഷ്ട്രീയ എതിരാളികളെ സര്‍ക്കാര്‍ ഏജന്‍സികളെ ഉപയോഗിച്ച് ഒതുക്കുകയാണെന്നും മാധ്യമങ്ങള്‍ക്ക് സത്യംപറയാന്‍ കഴിയാത്ത അവസ്ഥയാണെന്നും സോണിയഗാന്ധി വ്യക്തമാക്കി.
Next Story

RELATED STORIES

Share it