thrissur local

ജനമൈത്രി പോലിസ് സമിതി യോഗം: ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ പരിശോധന

ചാവക്കാട്: ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ പഞ്ചായത്തും നഗരസഭയും പോലിസും ആരോഗ്യ വകുപ്പും ചേര്‍ന്ന് പരിശോധന നടത്താന്‍ തീരുമാനം. ഇന്നലെ ചേര്‍ന്ന ചാവക്കാട് ജനമൈത്രി പോലിസ് സമിതി യോഗത്തിലാണ് തീരുമാനമുണ്ടായത്.
മേഖലയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വീടുകളും ക്വാര്‍ട്ടേഴ്‌സുകളും ശുചിത്വമില്ലാത്തതുമൂലം രോഗങ്ങള്‍ പടര്‍ന്നുപിടിക്കാനുള്ള സാധ്യത കൂടുതലാണെന്നും അംഗങ്ങള്‍ പറഞ്ഞു. പലയിടത്തും ഇടുങ്ങിയ മുറികളില്‍ മുപ്പതിലധികം പേരാണ് കഴിയുന്നത്.
ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കണമെന്നും ഇതു പാലിക്കാതെ മുറികള്‍ നല്‍കുന്ന ഉടമകള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. നഗരസഭയില്‍ പ്ലാസ്റ്റിക് നിരോധനം ഉറപ്പു വരുത്തും. മേഖലയില്‍ പ്ലാസ്റ്റിക് നിരോധനം ഫലപ്രദമല്ല. പോലിസും നഗരസഭ അധികൃതരും ചേര്‍ന്ന് നഗരത്തിലെ കടകളില്‍ മിന്നല്‍ പരിശോധന നടത്തും. ശുദ്ധജലക്ഷാമം രൂക്ഷമായ പ്രദേശങ്ങളായ കടപ്പുറം അഴിമുഖം, പുന്ന, തെക്കന്‍ പാലയൂര്‍, തെക്കഞ്ചേരി മേഖലകളില്‍ ജനമൈത്രി പോലിസിന്റെ നേതൃത്വത്തില്‍ സൗജന്യമായി വെള്ളം വിതരണം നടത്തും.
മുനക്കകടവ് അഴിമുഖം മേഖലയില്‍ ചേറ്റുവ പുഴയില്‍ നിന്നും മണല്‍ കടത്ത് വ്യാപകമാവുന്നതായും ചേറ്റുവ പുഴയില്‍ രാത്രികാല പെട്രോളിങ് ശക്തമാക്കി മണല്‍ കടത്തു സംഘത്തെ പിടികൂടണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.
സ്‌കൂളുകളില്‍ പിടിമുറുക്കുന്ന മദ്യ ലഹരി മാഫിയകള്‍ക്കെതിരെ ബോധവല്‍ക്കരണം നടത്തുക, ലഹരി ഉല്‍പന്നങ്ങള്‍ വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി കൈക്കൊള്ളുക, സെപ്റ്റിക് മാലിന്യം അടക്കമുള്ളവ പൊതുസ്ഥലങ്ങളില്‍ തള്ളുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുക തുടങ്ങീ ആവശ്യങ്ങളും യോഗത്തിലുയര്‍ന്നു.
സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കെ ജി സുരേഷ് അധ്യക്ഷത വഹിച്ചു. എസ്‌ഐ എ വി രാധാകൃഷ്ണന്‍, സിപിഒ എം എ ജിജി, ജനപ്രതിനിധികളായ എ സി ആനന്ദന്‍, കെ എസ് ബാബുരാജ്, പി എം നാസര്‍, പി എ അഷ്‌ക്കറലി, തറയില്‍ ജനാര്‍ദ്ദനന്‍, പീറ്റര്‍ പാലയൂര്‍, പി ഐ വിശ്വംഭരന്‍, ഹിമ മനോജ്, നസീം അബു, എം കെ സെയ്തലവി സംസാരിച്ചു.
Next Story

RELATED STORIES

Share it