kannur local

ജനപ്രതിനിധികള്‍ തിരിഞ്ഞുനോക്കിയില്ല

കാട്ടാമ്പള്ളി: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് വീടും സ്ഥലവും നഷ്ടപ്പെടുന്നവര്‍ സര്‍വേക്കെതിരേ സംഘടിച്ചപ്പോള്‍ ജനപ്രതിനിധികള്‍ക്ക് മൗനം. സ്ഥലം എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ പ്രദേശത്തേക്ക് തിരിഞ്ഞുനോക്കിയില്ല. ഇതോടെ നാട്ടുകാര്‍ കടുത്ത പ്രതിഷേധവും രോഷവുമായി തെരുവിലിറങ്ങി. യാതൊരു മുന്നറിയിപ്പും ഇല്ലാതെയാണ് റവന്യൂ ഉദ്യോഗസ്ഥരും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരും പോലിസ് സന്നാഹത്തോടെ ഇന്നലെ കോട്ടക്കുന്നില്‍ എത്തിയത്.
സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സമരക്കാര്‍ ആവലാതി പറഞ്ഞപ്പോള്‍ നിയമപാലകര്‍ കൈമലര്‍ത്തി. ജില്ലാ കലക്ടറുടെ നിര്‍ദേശമുണ്ടെന്നും സര്‍വേ നടത്താന്‍ വഴിയൊരുക്കുക മാത്രമാണ് തങ്ങളുടെ ചുമതലയെന്നുമായിരുന്നു പോലിസിന്റെ മറുപടി. സമരസമിതി ഭാരവാഹികള്‍ കെ എം ഷാജി എംഎല്‍എയുമായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. നേരത്തെ എംഎല്‍എയുടെയും കലക്ടറുടെയും സാന്നിധ്യത്തില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും നാട്ടുകാരുടെ വാദം തള്ളുകയായിരുന്നു.
ഇപ്പോഴത്തെ അലൈന്‍മെന്റ് പ്രകാരം ഒട്ടേറെ വീടുകളും ആരാധനാലയങ്ങളും പൊളിക്കേണ്ടി വരുമെന്നാണു പരാതി. താരതമ്യേന നാശനഷ്ടം കുറവായ അലൈന്‍മെന്റ് നാട്ടുകാര്‍ നിര്‍ദേശിച്ചെങ്കിലും അധികൃതര്‍ അംഗീകരിക്കുന്നില്ലെന്ന് സമരക്കാര്‍ പറയുന്നു. അതിനിടെ, ഇന്നലെ ഉച്ചയോടെ കോട്ടക്കുന്ന് വഴി കാറില്‍ പോവുകയായിരുന്ന പി കെ ശ്രീമതി എംപിയോട് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ പരാതി ബോധിപ്പിച്ചെങ്കിലും അവരും കൈമലര്‍ത്തി. താന്‍ നിസ്സഹായയാണെന്നും ഒന്നും ചെയ്യാന്‍ പറ്റില്ലെന്നുമായിരുന്നു എംപിയുടെ മറുപടി.
Next Story

RELATED STORIES

Share it