Editorial

ജനങ്ങള്‍ ജാഗ്രതയോടെ ഇരിക്കുക തന്നെ വേണം



കള്ളക്കടത്തു കേസിലെ പ്രതിയുടെ ആഡംബര കാറില്‍ കയറിയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍ ജനജാഗ്രതാ യാത്രയ്ക്കു നേതൃത്വം നല്‍കി കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയിലൂടെ സഞ്ചരിച്ചത് എന്ന കാര്യം യുഡിഎഫിന് വീണുകിട്ടിയ ആയുധമായിത്തീര്‍ന്നിരിക്കുകയാണ്. ജാഥ കഴിഞ്ഞു കോടിയേരി സഖാവ് കൊക്കകോല പോലെയുള്ള 'കൊളോണിയല്‍ പാനീയ'മടക്കം വിളമ്പിയ വിഭവസമൃദ്ധമായ സദ്യയില്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. ഇതിന് എല്‍ഡിഎഫിന്റെ മറുചോദ്യം, ഒരാളുടെ ജാതകം പരിശോധിച്ചശേഷമാണോ അയാളുടെ കാറില്‍ കയറുന്നത് എന്നാണ്. സരിതയോടൊപ്പം വേദികള്‍ പങ്കിട്ടതിന്റെ പേരില്‍ ഇടതുപക്ഷം ഇതേ ആക്ഷേപമുന്നയിച്ചപ്പോള്‍ ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമൊക്കെ അടങ്ങിയ യുഡിഎഫ് നേതാക്കള്‍ ചോദിച്ച മറുചോദ്യവും മറ്റൊന്നല്ല. ഫൈസല്‍ കാരാട്ടിന്റെ കാര്യത്തില്‍ സിപിഐ-സിപിഎം നേതാക്കള്‍ പറയുന്നത്, മുസ്‌ലിംലീഗ് നേതാക്കളും അയാള്‍ക്കു ചുറ്റും കറങ്ങുന്ന ഉപഗ്രഹങ്ങളാണ് എന്ന മട്ടിലാണ്. അതായത്, ഒരു കാര്യം വ്യക്തം. പണത്തിന്റെയും ആഡംബര കാറിന്റെയും വിഭവസമൃദ്ധമായ സദ്യകളുടെയും കാമക്രോധലോഭമോഹ മദമാല്‍സര്യങ്ങളുടെയും മീതെ പരുന്തെന്നല്ല, എല്‍ഡിഎഫും യുഡിഎഫുമൊന്നും പറക്കുകയില്ല. തോമസ് ചാണ്ടിയുടെ സ്ഥലംനികത്തലിനും കായല്‍ കൈയേറ്റത്തിനുമെതിരായി ഇരട്ടച്ചങ്കുള്ള മുഖ്യമന്ത്രി കമാന്ന് ഒരക്ഷരം പറയാത്തതിന്റെ കാരണവും മനസ്സിലായില്ലേ?കുറച്ചുകാലമായി കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയകക്ഷികള്‍ക്കു സംഭവിച്ചിട്ടുള്ള ജീര്‍ണതയുടെ ഒന്നാംനമ്പര്‍ ഉദാഹരണമാണ് കൊടുവള്ളിയില്‍ ജനജാഗ്രതാ യാത്ര കടന്നുപോയ അപചയവഴികള്‍. കോണ്‍ഗ്രസും മുസ്‌ലിംലീഗുമെല്ലാം സമ്പന്നരുടെ പാര്‍ട്ടികളാണെന്നാണ് എല്‍ഡിഎഫ് ഭാഷ്യം. എണ്ണപ്പണത്തിന്റെ കൊഴുപ്പിലാണ് മലപ്പുറത്തിന്റെ രാഷ്ട്രീയം സഞ്ചരിക്കുന്നതെന്ന് അവര്‍ പറയും. എന്നാല്‍, മലപ്പുറം ജില്ലയില്‍ യുഡിഎഫിനെ നേരിടാന്‍ സമ്പന്നരെ ഇറക്കിക്കളിച്ചും പണം വാരിക്കോരിയെറിഞ്ഞുമാണ് സിപിഐയും സിപിഎമ്മും കഴിഞ്ഞ തിരഞ്ഞെടുപ്പിനെ നേരിട്ടത്. അങ്ങനെ അധാര്‍മിക വഴികളിലൂടെ ജയിച്ച രണ്ടോ മൂന്നോ എംഎല്‍എമാര്‍ എല്‍ഡിഎഫിനുണ്ട്. തോറ്റവരെ അധികാരസ്ഥാനങ്ങളില്‍ കുടിയിരുത്തുകയും ചെയ്തു. കാറില്‍ കയറുമ്പോള്‍ അയാള്‍ കള്ളക്കടത്തുകാരനാണോ എന്ന് നോക്കാനാവുമോ എന്നാണ് കോടിയേരി ചോദിക്കുന്നത്. എന്നാല്‍, മുനിസിപ്പാലിറ്റിയില്‍ മല്‍സരിപ്പിച്ചു കൗണ്‍സിലറാക്കുമ്പോഴോ? ഇത്തരം ഞഞ്ഞാമ്മിഞ്ഞാ വര്‍ത്തമാനങ്ങള്‍ അപ്പടി വിഴുങ്ങാന്‍ മലയാളികള്‍ പടുവങ്കന്‍മാരല്ല.ഇതോടൊപ്പം മറ്റൊരു കാര്യം കൂടി ഓര്‍ക്കണം. കള്ളക്കടത്തുകാര്‍ക്കും തട്ടിപ്പുകാര്‍ക്കും സകല തിരുമാലികള്‍ക്കും കയറിക്കൂടി വിലസാനും വാഴാനുമുള്ള ഇടമായിട്ടുണ്ട് കേരളത്തില്‍ എല്‍ഡിഎഫ്-യുഡിഎഫ് രാഷ്ട്രീയം. ഈ ഘട്ടത്തില്‍ ജനജാഗ്രത തന്നെയാണ് നാടിന്റെ ആവശ്യം.
Next Story

RELATED STORIES

Share it