wayanad local

ജനങ്ങള്‍ ആവശ്യപ്പെടുന്ന കാലത്ത് ബീഫ് നിരോധിക്കണമെന്ന് വി മുരളീധരന്‍

കല്‍പ്പറ്റ: കേരളത്തില്‍ ബീഫ് വലിയ ചര്‍ച്ചയല്ലെന്നും എന്നാല്‍, ജനങ്ങള്‍ ആവശ്യപ്പെടുന്ന കാലത്ത് ബീഫ് നിരോധിക്കണമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍. വയനാട് പ്രസ്‌ക്ലബ്ബിന്റെ മീറ്റ് ദ ലീഡര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡല്‍ഹി കേരളഹൗസില്‍ ക്രമസമാധാന പ്രശ്‌നം ഉണ്ടാവാതിരിക്കാനാണ് പോലിസ് ഇടപെട്ടത്. അതു കേരളത്തിന്റെ അഭിമാനത്തെ ബാധിച്ചുവെന്നു പറയുന്നതില്‍ കാര്യമില്ല.
ചാനല്‍ ചര്‍ച്ചയ്ക്കിടെ ഇടതുപക്ഷവുമായും സഹകരിക്കുമെന്ന എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞതു തെറ്റായാണ് പ്രചരിപ്പിച്ചത്. അത് എസ്എന്‍ഡിപിയുടെ നയമല്ല.
ആരുടെയും സഹായമില്ലാതെ തന്നെ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന പാര്‍ട്ടിയാണ് ബിജെപിയെന്ന് എന്‍എസ്എസ് നിലപാടുമായി ബന്ധപ്പെട്ട ചോദ്യത്തിന് മുരളീധരന്‍ മറുപടി നല്‍കി.
കഴിഞ്ഞ കാലത്ത് നിന്നു വ്യത്യസ്തമായി തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇത്തവണ ശക്തമായ ത്രികോണ മല്‍സരമാണ് നടക്കുന്നത്. ബിജെപി സ്ഥാനാര്‍ഥികളുടെ സാന്നിധ്യമാണ് കാരണം. സിപിഎം ലീഗുമായി സഖ്യമുണ്ടാക്കുന്നതിന്റെ സൂചനകളാണ് ഇപ്പോള്‍ കാണുന്നത്. ലീഗ് വര്‍ഗീയ കക്ഷിയല്ലെന്ന പിണറായിയുടെ പരാമര്‍ശം ഇതിനു തെളിവാണ്. പലയിടത്തും ഒളിഞ്ഞും തെളിഞ്ഞുമാണ് സഹകരണം. ഹിന്ദുസേനയുമായി ബിജെപിക്ക് ബന്ധമില്ല.
ക്രിസ്ത്യന്‍ മതമേലധ്യക്ഷന്‍മാരെ ഉമ്മന്‍ചാണ്ടി കണ്ടതു തിരഞ്ഞെടുപ്പ് ചട്ടലംഘനമാണ്. ഇതിനെതിരേ പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ജില്ലാ പ്രസിഡന്റ് കെ സദാനന്ദന്‍, സെക്രട്ടറി പി ജി ആനന്ദകുമാര്‍ പങ്കെടുത്തു. പ്രസ്‌ക്ലബ്ബ് സെക്രട്ടറി എന്‍ എസ് നിസാര്‍ അധ്യക്ഷത വഹിച്ചു. കെ എ അനില്‍കുമാര്‍, ഇ എം മനോജ് സംസാരിച്ചു.
Next Story

RELATED STORIES

Share it