kozhikode local

ജനകീയ സമിതിക്കാര്‍ റോഡ് ഉപരോധിച്ചു



വടകര: ആയഞ്ചേരി ടൗണില്‍ നിന്ന് പെരുമുണ്ടച്ചേരി ഉദയാ ക്ലബ്ബ് പരിസരത്തേക്ക് ആരംഭിച്ച ജനകീയ ജീപ്പ് തടഞ്ഞതിനെ തുടര്‍ന്ന് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ആയഞ്ചേരി ജംഗ്ഷനില്‍ റോഡ് ഉപരോധിച്ചു. ഇന്നലെ രാവിലെ 11.30ഓടെയായിരുന്നു സംഭവം. ഏറെ യാത്രാ ക്ലേശം അനുഭവപ്പെടുന്ന കല്ലുമ്പുറം വഴി പെരുമുണ്ടച്ചേരിയിലേക്ക് നവംബര്‍ ഒന്ന് മുതലാണ് ജനകീയ ജീപ്പ് സര്‍വ്വീസ് ആരംഭിച്ചത്. ജീപ്പ് സര്‍വ്വീസിന്റെ ഉദ്ഘാടനം ആയഞ്ചേരി, പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തത്. എന്നാല്‍ ഇതിനെതിരെ ഇവിടെയുള്ള ഓട്ടോ തൊഴിലാളി യൂനിയന്‍ എതിര്‍ത്തിരുന്നു. ജീപ്പ് സര്‍വ്വീസിനെതിരെ ഓട്ടോ തൊഴിലാളികള്‍ രംഗത്ത് വന്നെങ്കിലും പ്രതിഷേധം വകവെക്കാതെ സര്‍വ്വീസ് നടത്താനായിരുന്നു ജനകീയ സമിതിയുടെ തീരുമാനം. ഇതോടെ പോലീസ് ഇടപെട്ട് തല്‍ക്കാലം സര്‍വ്വീസ് നിര്‍ത്തി വെപ്പിച്ചു. എന്നാല്‍ പ്രശ്‌നം രൂക്ഷമായതിനെ തുടര്‍ന്ന വടകര സിഐ മധുസൂദനന്‍ നായര്‍ ഇരു വിഭാഗക്കാരേയും വിളിച്ച് ചര്‍ച്ച നടത്തിയെങ്കിലും വിജയിച്ചില്ല. ഇതേ തുടര്‍ന്നാണ് ഇന്നലെ വീണ്ടും ജനകീയ ജീപ്പ് സര്‍വ്വീസ് ആരംഭിച്ചത്. വീണ്ടും ജനകീയ ജീപ്പ് സര്‍വ്വീസ് ആരംഭിച്ചപ്പാള്‍ സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ ആയഞ്ചേരിയില്‍ തടഞ്ഞു. ഇതോടെ യാത്രക്കാരും പ്രതിഷേധവുമായി രംഗത്തെത്തി. ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ടൗണില്‍ റോഡ് ഉപരോധിക്കുകയും ചെയ്തു. വാഹന ഗതാഗതം നീണ്ട സമയം നിലച്ചതോടെ പോലീസ്, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് തല്‍ക്കാലം പ്രശ്‌നം പരിഹരിക്കുകയായിരുന്നു. പ്രശ്‌നം നാളെ രാവിലെ 10 മണിക്ക് ആര്‍ടിഒയുടെ നേതൃത്വത്തില്‍ ഇരുവിഭാഗത്തെയും വിളിച്ചു ചേര്‍ത്ത് ചര്‍ച്ച നടത്തും. അതു വരെ പാരലല്‍ സര്‍വ്വീസ് നിര്‍ത്തി വെക്കാനാണ് തീരുമാനം. യാത്രക്ലേശം രൂക്ഷമായ ആയഞ്ചേരിയില്‍ ജനകീയ സര്‍വ്വീസ് നടത്തുന്നത് കൊണ്ട് ഓട്ടോ, ടാക്‌സി സര്‍വ്വീസിന് ദോഷമുണ്ടാകില്ലെന്നും ജനകീയ സമിതി ഭാരാവാഹികളായ പി ഭാസ്‌കരന്‍, എംഎ ഗഫൂര്‍, കെ പ്രദീഷ്, പി പ്രദീഷ്, പിഎം പ്രദീപ് എന്നിവര്‍ പറഞ്ഞു. ഒരു പ്രദേശത്തുകാരുടെ യാത്രാ സൗകര്യം നിഷേധിക്കുന്ന സമീപനം അംഗീകരിക്കാനാവില്ലെന്ന് ജനകീയ സമിതി ഭാരവാഹികള്‍ വ്യക്തമാക്കി. അമ്പ്രോളി രവി, ടിടി ശ്രീധരന്‍, കെ ഹമീദ്, മൊയ്തു അരൂര്‍ എന്നിവര്‍ റോഡ് ഉപരോധത്തിന് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it