malappuram local

ജനകീയ പ്രക്ഷോഭം ഭയന്ന് നെല്ലിക്കാപറമ്പില്‍ നിര്‍മാണം നിര്‍ത്തി

അരീക്കോട്: നിര്‍ദിഷ്ട കൊച്ചി - മംഗലാപുരം വാതക പൈപ്പ് ലൈന്‍ ജനവാസ മേഖലയില്‍ നിന്ന് മാറ്റി സ്ഥാപിക്കുകയും, ഇരകളുടെ ആശങ്കയകറ്റി മാന്യമായ നഷ്ട പരിഹാരം ഉറപ്പ് വരുത്തുകയും ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ 80 ദിവസമായി നടക്കുന്ന എരഞ്ഞിമാവ് ഗെയില്‍ വിരുദ്ധ സമരത്തിന്റെ തുടര്‍ച്ചയെന്നോളം പദ്ധതി പ്രദേശമായ നെല്ലിക്കാപറമ്പി ല്‍ നിന്നും  കാലത്തു 10 മണിക്ക് നിര്‍മാണ പ്രവര്‍ത്തി നടക്കുന്ന കാരകുറ്റി റോഡിലേക്ക്  ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍  പ്രതിഷേധമാര്‍ച്ച് സംഘടിപ്പിച്ചു. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് ഇരകളും മാര്‍ച്ചില്‍ പങ്കെടുത്തു. സര്‍വസന്നാഹങ്ങളുമായെത്തിയ പോലിസ് നിര്‍മാണ സ്ഥലത്തുവച്ചു മാര്‍ച്ച് തടഞ്ഞു. ജനകീയ പ്രക്ഷോഭം ഭയന്ന് ജെ സിബി, ഹിറ്റാച്ചി ഉള്‍പ്പെടെയുള്ള  നിര്‍മാണ ഉപകരണങ്ങള്‍ സൈറ്റില്‍ നിന്നും മാറ്റുകയും നിര്‍മാണ പ്രവര്‍ത്തി നിര്‍ത്തിവക്കുകയും ചെയ്തു. സമരഭൂമിയില്‍ നടന്ന പ്രതിഷേധ പൊതുസമ്മേളനം എം ഐ ഷാനവാസ് എംപി ഉദ്ഘാടനം ചെയ്തു. ജനകീയ സമരത്തെ അടിച്ചൊതുക്കാനാണ് ഭാവമെങ്കില്‍ പാര്‍ലിമെന്റ് വരെ സ്തംഭിപ്പിക്കുന്നതിലേക്കു കാര്യങ്ങള്‍ എത്തിക്കും. ഗെയിലിനു കാവല്‍ നില്‍ക്കുന്ന പോലിസുകാരുടെ നാലില്‍ ഒന്നെങ്കിലും ഉണ്ടെങ്കില്‍ ഓഖി ദുരന്തത്തില്‍ പെട്ടവരെ രക്ഷിക്കാമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എരഞ്ഞിമാവ് സമര സമിതി ചെയര്‍മാന്‍ ഗഫൂര്‍ കുറുമാടന്‍ അധ്യക്ഷത വഹിച്ചു.കോഴിക്കോട,് മലപ്പുറം ജില്ലകളില്‍ പ്രാദേശിക തലത്തില്‍ ഇതിനകം ഉയര്‍ന്ന് വന്ന സമരപന്തലുകള്‍ക്കു കീഴില്‍ ഒരുമിച്ച് കൂടിയ ഗെയില്‍ ഇരകളും, ജനപ്രതിനിധികളും, രാഷ്ട്രിയ നേതൃത്വവും സാംസ്‌കാരിക പ്രവര്‍ത്തകരും, പൊതുജനങ്ങളും മാര്‍ച്ചില്‍ അണിനിരന്നു. കെ എം ഷാജി എംഎല്‍എ മുഖ്യ പ്രഭാഷണം നടത്തി.
Next Story

RELATED STORIES

Share it