Pathanamthitta local

ജനകീയസമരം ജയിച്ചു; മധുമല മദ്യശാല പൂട്ടി



പത്തനംതിട്ട: ജനകീയ സമരത്തെ തുടര്‍ന്ന് മധുമലയിലെ മദ്യശാല അടയ്ക്കാന്‍ എക്‌സൈസ് നിര്‍ദേശിച്ചു. ജനങ്ങള്‍ എതിര്‍ക്കുന്നതിനാല്‍ മദ്യശാല അടയ്ക്കാന്‍ നിര്‍ദേശിക്കുകയായിരുന്നുവെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു. എട്ട് ദിവസമായി നാട്ടുകാര്‍ സമരത്തിലായിരുന്നു. ഇലന്തൂര്‍, നാരങ്ങാനം പഞ്ചായത്തുകളുടെ അതിര്‍ത്തിയിലാണ് മധുമല. മധുമല മലനടയ്ക്കും തൊട്ടടുത്താണ് ബിവ്‌കോ മദ്യശാല തുറന്നത്. കഴിഞ്ഞ ദിവസം മദ്യവുമായി ലോറി എത്തിയിരുന്നു. സിമന്റ് കട്ട നിര്‍മാണ യൂനിറ്റ് പ്രവര്‍ത്തിച്ചിരുന്ന ഷെഡില്‍ തുടങ്ങിയ മദ്യവില്‍പന കേന്ദ്രത്തിലേക്ക് മദ്യം കടത്തുന്നത് സ്ത്രീകള്‍ തടഞ്ഞു. ലോറി റോഡില്‍ തന്നെ കിടക്കുകയായിരുന്നു. ഇതിനിടെ രാത്രി കുറച്ച് മദ്യക്കുപ്പികള്‍ ഉള്ളില്‍ എത്തിച്ച് പിറ്റേന്ന് കുറച്ചുസമയം വില്‍പനയും നടത്തി. ഇതോടെ ജനരോഷം ശക്തമായി. തിങ്കളാഴ്ച പോലിസ് അകമ്പടിയോടെ മദ്യലോറി അകത്ത് കടത്താന്‍ ശ്രമിച്ചു. നാട്ടുകാര്‍ ഇതും തടഞ്ഞു. സ്ഥലത്ത് സംഘര്‍ഷസാധ്യത ശക്തമായതോടെ സര്‍ക്കാര്‍ തന്നെ ഇടപെട്ട് മദ്യശാല മാറ്റാന്‍ നിര്‍ദേശിക്കുകയായിരുന്നു. ലോറിയും കൊണ്ടുപോയി. മദ്യശാലയ്ക്ക് എതിരേ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ബി സത്യനും പഞ്ചായത്ത് അംഗങ്ങളും പരാതി നല്‍കിയിരുന്നു. പരിസരവാസിയായ കേണല്‍ രാധാകൃഷ്ണന്‍ നായര്‍ പ്രതിരോധമന്ത്രാലയത്തിനും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it