ചോദ്യംചെയ്യല്‍: നോട്ടീസ് ലഭിച്ചില്ലെന്ന ബിഷപ്പിന്റെ വാദം തള്ളി കേരള പോലിസ്

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ചോദ്യംചെയ്യലിന് ഹാജരാവാനുള്ള നോട്ടീസ് കിട്ടിയിട്ടില്ലെന്ന ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ അഭിഭാഷകന്റെ വാദം തള്ളി കേരള പോലിസ് രംഗത്ത്. ജലന്ധര്‍ പോലിസ് കമ്മീഷണറുടെ ഔദ്യോഗിക ഇ-മെയില്‍ വിലാസത്തിലാണ് നോട്ടീസ് അയച്ചതെന്ന് കോട്ടയം എസ്പി എസ് ഹരിശങ്കര്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ഇത് സെന്റ് ആയിട്ടുമുണ്ട്. കൂടാതെ വാട്‌സ് ആപ്പ് വഴിയും നോട്ടീസ് കൈമാറിയിട്ടുണ്ട്.
നോട്ടീസ് അയച്ച കാര്യം എറണാകുളം റേഞ്ച് ഐജി വിജയ് സാഖറെ ജലന്ധര്‍ കമ്മീഷണറുമായി ഫോണില്‍ സംസാരിക്കുകയും ചെയ്തു. നോട്ടീസ് ബിഷപ്പിന് നേരിട്ട് കൈമാറണമെന്നാണ് ജലന്ധര്‍ കമ്മീഷണറോട് ആവശ്യപ്പെട്ടിരിക്കുന്നത്. പകര്‍പ്പ് സഹിതം മറുപടി ലഭിക്കുമ്പോഴാണ് നോട്ടീസ് കൈപ്പറ്റിയതിന്റെ നടപടിക്രമം പൂര്‍ത്തിയാവുന്നത്. ഇതുവരെയായും അതു ലഭിച്ചിട്ടില്ല. ഈ മാസം 19നു രാവിലെ 10 മണിക്ക് മുമ്പായി അന്വേഷണസംഘത്തിന് മുമ്പാകെ ഹാജരാവണമെന്നാണു നിര്‍ദേശം.
സിആര്‍പിസി 41 എ വകുപ്പുപ്രകാരമാണ് ബിഷപ്പിന് നോട്ടീസ് അയച്ചത്. സ്വാഭാവിക നീതി ഉറപ്പുവരുത്തുന്നതിന് ഒരാഴ്ച സമയം നല്‍കിയാണ് ബിഷപ്പിന് നോട്ടീസ് കൊടുത്തിരിക്കുന്നതെന്നും എസ്പി കൂട്ടിച്ചേര്‍ത്തു. ചോദ്യംചെയ്യാന്‍ മാത്രമാണെങ്കില്‍ നോട്ടീസ് ലഭിച്ചാല്‍ ഹാജരാവുമെന്നും അല്ലെങ്കില്‍ എന്തു വേണമെന്ന് ആലോചിച്ചു തീരുമാനിക്കുമെന്നുമായിരുന്നു ബിഷപ്പിന്റെ അഭിഭാഷകനായ മന്ദീപ് സിങിന്റെ പ്രതികരണം. കേസില്‍ ആവശ്യമെങ്കില്‍ മുന്‍കൂര്‍ ജാമ്യം തേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it