thrissur local

ചൊക്കനയില്‍ പുലിയിറങ്ങി വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചു

കൊടകര: വെള്ളിക്കുളങ്ങരയ്ക്കടുത്ത് ചൊക്കനയില്‍ പുലിയിറങ്ങി വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചു. ചൊക്കന എസ്‌റ്റേറ്റ് ഗ്രൗണ്ടിനു സമീപത്തെ തൊഴിലാളികളുടെ പാഡികള്‍ക്കു സമീപമുള്ള റബര്‍ തോട്ടത്തിലാണ് ഇന്നലെ പുലര്‍ച്ചെ പുലിയിറങ്ങിയത്. എസ്‌റ്റേറ്റിലെ തൊഴിലാളിയായ മണപ്പുള്ളി പോള്‍രാജിന്റെ പശുക്കുട്ടിയെ പുലി ആക്രമിച്ചു കൊന്നു. പശുക്കുട്ടിയുടെ ജഡം ഏറെക്കുറെ പുലി തിന്ന നിലയിലാണ്. പോള്‍രാജിന്റെ വളര്‍ത്തുനായയേയും പുലി ആക്രമിച്ചു. നായയുടെ വയര്‍ മാന്തി പൊളിച്ചിരുന്നു. തോട്ടത്തില്‍ ടാപ്പിംഗിനെത്തിയ തൊഴിലാളികളാണ് പുലിയുടെ ആക്രമണത്തില്‍ ചത്തുകിടക്കുന്ന പശുക്കുട്ടിയുടെ ജഡവും സമീപത്ത് പരിക്കേറ്റ് അവശനിലയില്‍ കടിക്കുന്ന നായയേയും കണ്ടത്. ചൊക്കന പ്രദേശത്ത് നേരത്തേയും പുലിയിറങ്ങി വളര്‍ത്തുമൃഗങ്ങളെ പിടിച്ചിട്ടുള്ളതായി തോട്ടം തൊഴിലാളിയായ ചെറ്റക്കല്‍ പൗലോസ് പറഞ്ഞു. സംഭവമറിഞ്ഞ് വെള്ളിക്കുളങ്ങര ഫോറസ്റ്റ് റേഞ്ചിലെ ഉദ്യോഗസ്ഥര്‍, വെറ്ററിനറി അധികൃതര്‍, മറ്റത്തൂര്‍ പഞ്ചായത്തംഗം ജോയ് കാവുങ്ങല്‍ എന്നിവര്‍ സ്ഥലത്തെത്തി. പുള്ളിപ്പുലിയാണ് മേഖലയില്‍ വിഹരിക്കുന്നതെന്ന് തോട്ടംതൊഴിലാളികള്‍ പറഞ്ഞു. വനത്തോടുചേര്‍ന്നുള്ള റബര്‍തോട്ടത്തില്‍ പുലിയെ പലരും കണ്ടിട്ടുള്ളതായും പറയുന്നു. കാട്ടാന ശല്യവും ചൊക്കന മേഖലയില്‍ രൂക്ഷമാണ്. രണ്ടുദിവസം മുമ്പ് ചൊക്കന പുഴയോരത്ത് കാട്ടാനയെ കണ്ടതായി തൊഴിലാളികള്‍ അറിയിച്ചു. കാട്ടാനയുടേയും പുലിയുടേയും സാന്നിധ്യം തോട്ടം തൊഴിലാളികളെ ഭീതിയിലാക്കിയിരിക്കുകയാണ്. വന്യമൃഗങ്ങളുടെ ആക്രമണം ഭയന്നാണ് സ്ത്രീകളടക്കമുള്ള തോട്ടം തൊഴിലാളികള്‍ പുലര്‍ച്ചെ റബര്‍പ്ലാന്റേഷില്‍ ജോലിക്കെത്തുന്നത്.
Next Story

RELATED STORIES

Share it