World

ചൈനയില്‍ കനത്ത മഴ; ഇന്ത്യക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി

ബെയ്ജിങ്: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ അണക്കെട്ടുകള്‍ തുറന്നുവിടുകയാണെന്നും ഇത് ഇന്ത്യയിലെ ചില പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിനു കാരണമാവുമെന്നും ചൈനയുടെ മുന്നറിയിപ്പ്. തിബത്തില്‍ സാങ്‌പോ എന്നും അരുണാചല്‍പ്രദേശില്‍ സിയാങ് എന്നുമാണ് ബ്രഹ്മപുത്ര അറിയപ്പെടുന്നത്. ചൈനീസ് സര്‍ക്കാരിന്റെ റിപോര്‍ട്ട് അനുസരിച്ച് സാങ്‌പോ നിറഞ്ഞൊഴുകുകയാണ്.
സാങ്‌പോയിലേക്ക് വെള്ളം തുറന്നുവിടുകയാണെന്നും ഇത് ബ്രഹ്മപുത്രയില്‍ ജലനിരപ്പ് ഉയരുന്നതിനും അരുണാചല്‍പ്രദേശിലെ സിയാങ് തീരത്തുള്ള മൂന്നു ജില്ലകള്‍, അപ്പര്‍ അസം എന്നിവിടങ്ങളില്‍ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നു ചൈന ഇന്ത്യയെ അറിയിച്ചു. ഇതോടെ അരുണാചല്‍പ്രദേശ്, അസം സംസ്ഥാനങ്ങളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. കഴിഞ്ഞ 50 വര്‍ഷത്തിനുള്ളിലെ ഏറ്റവും ശക്തമായ മഴയാണ് ഈ വര്‍ഷം ചൈനയില്‍ ഉണ്ടായത്. അതുമൂലം ബ്രഹ്മപുത്രയിലേക്ക് ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവും വര്‍ധിച്ചിട്ടുണ്ട്.
അതേസമയം, ജാഗ്രതാ മുന്നറിയിപ്പില്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ദിബ്രുഗഡിലുള്ള കേന്ദ്ര ജലവിഭവ മന്ത്രാലയം അറിയിച്ചു.ആഗസ്റ്റ് 14ന് ചൈന വന്‍തോതില്‍ വെള്ളം ഒഴുക്കിവിട്ടിരുന്നു. എന്നാല്‍ ഇത് വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കില്ല. സാഹചര്യം നേരിടാനുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. സിയാങും ബ്രഹ്മപുത്രയും ഒഴുകുന്ന വഴികളിലുള്ള എല്ലാ ജില്ലകളിലും ജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it