malappuram local

ചേളാരി ഐഒസി പ്ലാന്റ്; പ്രവര്‍ത്തനം നിയമാനുസൃതമെന്ന് കമ്പനി അധികൃതര്‍

മലപ്പുറം: ചേളാരിയിലെ ഐഒസി ബോട്ട്‌ലിങ് പ്ലാന്റ് പ്രവര്‍ത്തിക്കുന്നത് എല്ലാവിധ നിയമങ്ങളും പാലിച്ചുകൊണ്ടാണെന്ന് കമ്പനി അധികൃതര്‍. മലപ്പുറത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. കര്‍ശനമായ സുരക്ഷാ മാനദണ്ഡങ്ങളും പരിശോധനകളും നടത്തിയ ശേഷമാണ് കമ്പനി വിപുലീകരണവും പ്രവര്‍ത്തനവും നടന്നു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ കാല്‍നൂറ്റാണ്ടുകാലമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന പ്ലാന്റില്‍ ഇതുവരെ അപകടങ്ങളൊന്നും തന്നെ ഉണ്ടായിട്ടില്ല. എന്നുമാത്രമല്ല, സുരക്ഷയുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ അംഗീകാരങ്ങളും അവാര്‍ഡുകളും കമ്പനിയെ തേടി എത്തിയിട്ടുമുണ്ട്. കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ നടത്തുന്നതിന് കമ്പനി പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുമുണ്ട്. മലബാറിലെ ആറ് ജില്ലകളിലേക്ക് ഇവിടെ നിന്നുമാണ് എല്‍പിജി സിലിണ്ടറുകള്‍ വിതരണം ചെയ്യുന്നത്. ഊര്‍ജ സംരക്ഷണത്തിനായി എല്‍ഇഡി ബള്‍ബുകളുടെ ഉപയോഗവും സൗരോര്‍ജ സംവിധാനങ്ങളുടെ ഉപയോഗവും ഊര്‍ജിതമാക്കാന്‍ കമ്പനി തീരുമാനിച്ചിട്ടുണ്ട്. സാമൂഹിക സേവനങ്ങളുടെ ഭാഗമായി മൂന്നിയൂര്‍ പഞ്ചായത്തില്‍ അഞ്ച് ലക്ഷം രൂപ ചിലവില്‍ കുടിവെള്ള ടാങ്കും പൈപ്പ്‌ലൈനും സ്ഥാപിച്ചിട്ടുണ്ട്. 50 ലക്ഷം ഉപഭോക്താക്കള്‍ക്ക് ഇവിടെ നിന്നുമാണ് സിലിണ്ടറുകള്‍ വിതരണം ചെയ്യുന്നത്. അവര്‍ പറഞ്ഞു.
കമ്പനി സുക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണ്. ഫയര്‍ ഡിറ്റക്്ഷന്‍ സിസ്റ്റം, അഗ്നിശമന സംവിധാനം, വാതക നിരീക്ഷണ സംവിധാനം, ഇന്റര്‍ലോക് ഷട്ട് ഡൗണ്‍ സംവിധാനം എന്നിവയൊക്കെ പ്ലാന്റില്‍ ക്രമീകരിച്ചിട്ടുണ്ട്. വള്ളിക്കുന്ന് മണ്ഡലം എംഎല്‍എ പി അബ്ദുല്‍ ഹമീദ്, മലപ്പുറം ജില്ലാ കലക്ടര്‍ അമിത് മീണ എന്നിവരെല്ലാം പ്ലാന്റുകള്‍ സന്ദര്‍ശിച്ച് തൃപ്തിരേഖപ്പെടുത്തിയിട്ടുണ്ട്. പഞ്ചായത്തില്‍ നിന്നുള്ള എല്ലാ അനുമതി പത്രങ്ങളും പ്ലാന്റിനുണ്ട്.
ജനങ്ങളുടെ സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും പ്രദേശവാസികളില്‍ ബോധവല്‍ക്കരണം നടത്തുന്നതിനും കമ്പനി തയ്യാറാണ്. അതിനായി അടുത്ത ദിവസം പൊതുയോഗവും സെമിനാറും നടത്തും. മറിച്ചുള്ള പ്രചാരണങ്ങള്‍ തള്ളിക്കളണയണമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ കോര്‍പറേറ്റ് കമ്മ്യൂണിക്കേഷന്‍ ജനറല്‍ മാനേജര്‍ സബിത നടരാജ്, എല്‍പിജി കേരള സ്റ്റേറ്റ് ഓഫിസ് ജനറല്‍ മാനേജര്‍ സി എന്‍ രാജേന്ദ്രകുമാര്‍, ചേളാരി പ്ലാന്റ് ഡിജിഎം തോമസ് ജോര്‍ജ് ചിറയില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it