malappuram local

ചേലേമ്പ്രയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി

തേഞ്ഞിപ്പലം: പകര്‍ച്ചപ്പനിമൂലം കഴിഞ്ഞവര്‍ഷം പത്തുപേര്‍ മരിക്കുകയും ഈ വര്‍ഷം മഞ്ഞപ്പിത്തം റിപോര്‍ട്ട് ചെയ്യുകയും ചെയ്ത സാഹചര്യത്തില്‍ ചേലേമ്പ്ര ഗ്രാമപ്പഞ്ചായത്തില്‍ ആരോഗ്യ ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. വാര്‍ഡ്തല ആരോഗ്യ ശുചിത്വ പോഷണ സമിതികളുടെ ആഭിമുഖ്യത്തില്‍ ഇന്നലെ നടന്ന ശുചിത്വ കാംപയിനില്‍ ബഹുജന പങ്കാളിത്തമുണ്ടായി.
പഞ്ചായത്ത് പ്രസിഡന്റ് സി രാജേഷിന്റെയും മറ്റു ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ നടന്ന  കാംപയിനില്‍ ആരോഗ്യപ്രവര്‍ത്തകര്‍, ആശ, അങ്കണവാടി, കുടുംബശ്രീ പ്രവര്‍ത്തകരും അയല്‍സഭാ പ്രതിനിധികള്‍, എന്‍എന്‍എംഎച്ച്എസ്എസിലെ വിദ്യാര്‍ഥികളും പങ്കെടുത്തു. വീടുകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ച്  ഊര്‍ജിത ഉറവിട നശീകരണം നടത്തി ഡെങ്കിപ്പനിക്കെതിരെ ജാഗ്രരാകുവാന്‍ ജനങ്ങളോടഭ്യര്‍ഥിച്ചു. മഞ്ഞപ്പിത്തം റിപോര്‍ട്ട് ചെയ്ത വീടുകളിലെ കിണറുകളും സമീപ സ്ഥലങ്ങളായ കിണറുകളും അണുവിമുക്തമാക്കി.
വിദ്യാലയങ്ങളില്‍ ശുചീകരണം നടത്തി. ആരോഗ്യ ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തി, വീടുകളില്‍ രോഗപ്രതിരോധ സന്ദേശങ്ങളുള്‍ക്കൊള്ളുന്ന നോട്ടിസുകള്‍ വിതരണം ചെയ്തു. രണ്ട് ദിവസങ്ങളിലായി പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും നടന്ന ആരോഗ്യ സന്ദേശ യാത്ര ശുചിത്വ കാംപയിന്‍ വിജയിക്കാന്‍ കാരണമായി. ജലസുരക്ഷയും പകര്‍ച്ചവ്യാധി നിയന്ത്രണവും വിഷയങ്ങളാക്കി നടന്ന ആരോഗ്യ സെമിനാറില്‍ ശാസ്ത്രജ്ഞന്‍ ഡോ. മാധവന്‍ കോമത്ത് ജലസുരക്ഷയെ കുറിച്ചും പിഎച്ച്‌സി മെഡിക്കല്‍ ഓഫിസര്‍ ഡോ. മേനക വാസുദേവ്, കോഴിക്കോട് ജില്ല വെക്ടര്‍ കണ്‍ട്രോള്‍ മേധാവി അഞ്ജു വിശ്വനാഥ് എന്നിവര്‍ പകര്‍ച്ചവ്യാധി പ്രതിരോധത്തെക്കുറിച്ചും ക്ലാസെടുത്തു.
പ്രതിദിനം പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തുകൊണ്ടും ആഴ്ചയില്‍ ഒരു ദിവസം വീടുകളും സ്ഥാപനങ്ങളും ഡ്രൈഡേ ആചരിച്ചും പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളിലും ഉറവിടമാലിന്യ സംസ്‌കരണത്തിലും മുഴുവന്‍ ജനങ്ങളുടെയും സഹകരണം ഉണ്ടാവണമെന്ന് പ്രസിഡന്റ് സി രാജേഷ് അഭ്യര്‍ഥിച്ചു.
Next Story

RELATED STORIES

Share it