thrissur local

ചേലക്കരയില്‍ വയോധിക കൊല്ലപ്പെട്ടിട്ട് ഒരു വര്‍ഷം: അന്വേഷണം പാതിവഴിയില്‍

ചേലക്കര: വയോധികയെ ക്ഷേത്രവളപ്പില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിട്ട് ഒരു വര്‍ഷമായിട്ടും അന്വേഷണം എങ്ങുമെത്താതെ പാതി വഴിയില്‍ നിലച്ച അവസ്ഥയാണ്. പുലാക്കോട് ഒടുവക്കൊടി പരേതനായ ചന്ദ്രന്‍ എഴുത്തച്ഛന്റെ ഭാര്യ കല്യാണിയമ്മ (70) യുടെ മൃതദേഹം കഴിഞ്ഞ വര്‍ഷം ഇതേ ദിവസമാണ് പുലാക്കോട് സുബ്രമണ്യന്‍ ക്ഷേത്രമതില്‍ കെട്ടിനോട് ചേര്‍ന്ന് ചാക്കില്‍ കെട്ടിയ നിലയില്‍ ക്ഷേത്രം വൃത്തിയാക്കാനെത്തിയ ജീവനക്കാരി കണ്ടത് മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കവും ഉണ്ടായിരുന്നു അണിഞ്ഞിരുന്ന ആഭരണങ്ങളും നഷ്ടമായിരുന്നു.
കൃത്യത്തില്‍ ക്ഷേത്രത്തിലെ പൂജാരിയും സമീപവാസിയുമായി കോട്ടപ്പുറത്ത് ഗോപി (34) യെ പോലീസ് സംശയിച്ചു.ഇതിനെ തുടര്‍ന്ന് ചേലക്കര സ്‌റ്റേഷനിലേക്ക് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെങ്കിലും തന്ത്രപൂര്‍വ്വം ഒഴിഞ്ഞ് മാറി.ഇയാള്‍ക്കെതിരെ തെളിവുകള്‍ ഒട്ടേറെ തെളിവുകള്‍ ഉണ്ടായിട്ടും പോലീസിന് അറസ്റ്റ് ചെയ്യാനായില്ല. പോലിസിന്റെ നീക്കം മനസ്സിലാക്കിയ ഇയാള്‍ മൂന്നാം ദിവസം വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിക്കുകയായിരുന്നു. നഷ്ടപ്പെട്ട ആഭരണങ്ങള്‍ക്കായി ഗോപിയുടെ വീട്ടിലെ സെപ്റ്റിക്ക് ടാങ്ക് പൊളിച്ച് പരിശോധന നടത്തിയെങ്കിലും ആഭരണങ്ങള്‍ ഇതുവരെ കണ്ടെടുക്കാനായിട്ടില്ല. വൃദ്ധയുടെ മൃതദേഹത്തില്‍ നിന്നും ഗോപി ഉപയോഗിച്ചിരുന്ന മേല്‍മുണ്ട് കണ്ടെടുത്തിരുന്നു. ഇത് ഡി എന്‍ എ ഉള്‍പ്പെടെയുള്ള ശാസ്ത്രീയ പരിശോധനകള്‍ നടത്തിയിരുന്നെങ്കിലും ഫലവത്തായില്ല. കൊലപാതകവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ ബാക്കിയാണ്.
Next Story

RELATED STORIES

Share it