Articles

ചെറുതല്ലാത്ത ഒരു നത്തോലിക്കഥ

ചെറുതല്ലാത്ത ഒരു നത്തോലിക്കഥ
X


ഒരു പഴയ സുഹൃത്തിനെ ഓര്‍മ വരുന്നു. ഓഫിസിലെത്തിയാല്‍ ആദ്യത്തെ ഏതാനും മണിക്കൂര്‍ കക്ഷി എല്ലാവരോടും സൊറപറഞ്ഞിരിക്കും. ആശാന്‍ സൊറപറച്ചില്‍ അവസാനിപ്പിച്ച് കംപ്യൂട്ടറിനു മുമ്പിലെത്തുമ്പോഴേക്കും പരിശോധിക്കാനുള്ള ഫയലുകളുടെ എണ്ണം പെരുകിയിട്ടുണ്ടാവും. അതോടെ ജോലി ആരംഭിക്കുന്ന ഇദ്ദേഹം പിന്നീട് ചുറ്റുമുള്ളതൊന്നും കാണില്ല, കേള്‍ക്കില്ല. കംപ്യൂട്ടര്‍ സ്‌ക്രീനില്‍ കണ്ണ് തറച്ചുറപ്പിച്ച് ഒരൊറ്റയിരിപ്പാണ്.

ആരെങ്കിലും എന്തെങ്കിലും കാര്യത്തിനു വിളിച്ചാല്‍പ്പോലും കക്ഷി അറിയില്ല. എന്തെങ്കിലും കാര്യം ചോദിച്ചറിയണമെങ്കില്‍ പിന്നെ ഒരൊറ്റ വഴിയേയുള്ളൂ. പ്ലാസ്റ്റിക് കവര്‍ തിരുമ്മുന്നതിന്റെ ശബ്ദം കേള്‍പ്പിക്കുക. തിരിഞ്ഞുനോക്കിയിരിക്കും കട്ടായം.ഇതിനായി ഒരു പ്ലാസ്റ്റിക് കവര്‍ സഹപ്രവര്‍ത്തകര്‍ എപ്പോഴും കരുതിവച്ചിരുന്നു.സംഗതി ഇതാണ്: ആള്‍ നല്ലൊരു പലഹാരപ്രിയനാണ്. പ്ലാസ്റ്റിക് കവറിന്റെ ശബ്ദം കേള്‍ക്കുമ്പോള്‍ അദ്ദേഹം കരുതുക ആരോ പലഹാരപ്പൊതി പൊട്ടിക്കുന്നു എന്നാണ്. ഇത് ഇദ്ദേഹത്തിന്റെ മാത്രം കഥയല്ല. നമ്മുടെ വീടുകളിലെ കൊച്ചുകുട്ടികളില്‍ പലര്‍ക്കും ഈ സ്വഭാവമുണ്ടെന്നാണ് അനുഭവം. സംശയമുണ്ടെങ്കില്‍ പരീക്ഷിച്ചുനോക്കാം. ടിവിയിലോ സ്മാര്‍ട്ട് ഫോണിലോ കാര്യമായി ശ്രദ്ധിച്ചിരിക്കുന്ന കുട്ടി പ്ലാസ്റ്റിക് കവറിന്റെ ശബ്ദം കേള്‍ക്കുന്ന മാത്രയില്‍ തിരിഞ്ഞുനോക്കുന്നതു കാണാം. കുട്ടികളെ സംബന്ധിച്ചിടത്തോളം പ്ലാസ്റ്റിക് കവര്‍ എന്നാല്‍ പലഹാരം എന്നായിക്കഴിഞ്ഞിരിക്കുന്നു. ഇതിന്റെ ഭീകരാവസ്ഥ മനസ്സിലാവണമെങ്കില്‍ നാട്ടിലെ സ്‌കൂളുകള്‍ക്കു സമീപമുള്ള കടകളില്‍ തൂങ്ങിക്കിടക്കുന്ന പലഹാരപ്പൊതികളിലൂടെ ഒന്നു കണ്ണോടിച്ചാല്‍ മതി. നമ്മളൊന്നും കേട്ടിട്ടും കണ്ടിട്ടുമില്ലാത്ത എത്രയെത്ര പലഹാരങ്ങളാണ് കാറ്റുനിറച്ച പ്ലാസ്റ്റിക് കവറുകളിലായി തൂങ്ങിയാടുന്നത്. പ്ലാസ്റ്റിക് കവര്‍ കണ്ടാല്‍ കൈക്കുഞ്ഞുങ്ങള്‍ക്കുപോലുമറിയാം, അതിനകത്ത് പലഹാരമാണെന്ന്. മനുഷ്യര്‍ക്കു മാത്രമല്ല ഈ സ്വഭാവമുള്ളത്. വളര്‍ത്തുനായ്ക്കളും പൂച്ചകളുമൊക്കെ പ്ലാസ്റ്റിക് കവറിന്റെ ശബ്ദം കേള്‍ക്കുമ്പോഴേക്കും തീറ്റയ്ക്കായി ഓടി വരുന്നതായി കാണാം. കാലിത്തീറ്റയുടെ ചാക്ക് കാണുമ്പോഴേക്കും പശുക്കള്‍ കയറു പൊട്ടിക്കാന്‍ നോക്കുന്നതായി കര്‍ഷകര്‍ പറയും. ടാങ്കില്‍ വളര്‍ത്തുന്ന മീനുകള്‍ക്ക് ശബ്ദം കേള്‍ക്കാനാവില്ലെങ്കിലും തീറ്റക്കവര്‍ കാണുമ്പോഴേക്കും അവ ഓടിയെത്തുന്നതായി പലര്‍ക്കും അനുഭവമുണ്ട്.ഇപ്പോഴിതു പറയാന്‍ കാരണം, യുഎസ് നാഷനല്‍ ഓഷ്യാനിക് ആന്റ് അറ്റ്‌മോസ്ഫിയറിക് അഡ്മിനിസ്‌ട്രേഷനിലെ ഒരു ശാസ്ത്രജ്ഞന്‍ നടത്തിയ രസകരമായ ഒരു പഠനമാണ്. നത്തോലി എന്ന കടല്‍മീനിന്റെ ചില പെരുമാറ്റരീതികളാണു പരീക്ഷണവിധേയമാക്കിയത്. ഈ മീനുകളില്‍ ഗന്ധം ഉണ്ടാക്കുന്ന പ്രതികരണങ്ങളെക്കുറിച്ചായിരുന്നു പഠനം. ജൈവാംശങ്ങള്‍ പറ്റിപ്പിടിച്ച പ്ലാസ്റ്റിക്കിന്റേതുള്‍പ്പെടെയുള്ള പലതരം ഗന്ധങ്ങള്‍ മീനുകളെ വളര്‍ത്തിയിരുന്ന ടാങ്കില്‍ കലര്‍ത്തിയായിരുന്നു പരീക്ഷണം.നത്തോലികളുടെ ഇഷ്ടഭക്ഷണമായ ക്രില്‍ എന്ന ചെറുജീവികളുടെ ഗന്ധവും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. മീനുകള്‍ ഗന്ധം തിരിച്ചറിഞ്ഞെന്നു മാത്രമല്ല, ഗന്ധമേറ്റതോടെ തീറ്റയ്ക്കായി ആക്രാന്തം കൂട്ടുകയും ചെയ്തു. ഇഷ്ടഭക്ഷണങ്ങള്‍ ഏതായിരുന്നു എന്നതിലാണു പ്രശ്‌നം. ക്രില്‍, പിന്നെ പ്ലാസ്റ്റിക്.ജൈവാംശമുള്ള പ്ലാസ്റ്റിക്കിന്റെ ഗന്ധമടിച്ചയുടന്‍ ഭക്ഷണം കിട്ടിയതുപോലെ മീനുകള്‍ പെരുമാറിയെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. കുളത്തിലും മറ്റും തീറ്റവസ്തുക്കള്‍ ഇട്ടുകൊടുക്കുമ്പോള്‍ മല്‍സ്യങ്ങള്‍ കൂട്ടത്തോടെ വന്ന് പിടഞ്ഞു മറിയുന്നതു കാണാം. അതുപോലെയുള്ള പരാക്രമങ്ങളാണ് ജൈവാംശമുള്ള പ്ലാസ്റ്റിക്കിന്റെ ഗന്ധമടിച്ചപ്പോഴും ഇവ കാട്ടിയതത്രേ.  പായലും പൂപ്പലും പിടിച്ച പ്ലാസ്റ്റിക്കിന്റെ മണമടിക്കുമ്പോഴേ ഭക്ഷണം എത്തിപ്പോയി എന്നു കരുതുന്ന ഈ മീനുകള്‍ അപകടകരമായ ചില സൂചനകളാണ് ശാസ്ത്രലോകത്തിനു നല്‍കുന്നത്. കടലില്‍ ഒഴുകിയെത്തുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കടല്‍പ്പക്ഷികള്‍ക്കും മല്‍സ്യങ്ങള്‍ക്കും ആമകള്‍, ഡോള്‍ഫിനുകള്‍ തുടങ്ങിയ ജലജീവികള്‍ക്കും പവിഴപ്പുറ്റുകള്‍ക്കും എത്രമാത്രം അപകടമുണ്ടാക്കുന്നുവെന്നതു സംബന്ധിച്ച നിരവധി വാര്‍ത്തകള്‍ ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നു. ഇന്തോനീസ്യയിലെ ഒരു ദ്വീപിന്റെ തീരക്കടലില്‍ വച്ച് ജസ്റ്റിന്‍ ഹോഫ്മാന്‍ എന്ന ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ കടല്‍ക്കുതിരയുടെ ചിത്രം ഈയിടെ ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കടലില്‍ ഒഴുകിനടക്കുന്ന ഒരു പ്ലാസ്റ്റിക് ചെവിത്തോണ്ടിയില്‍ കടല്‍പ്പായലാണെന്നു കരുതി മുറുകെ പിടിച്ചിരുന്ന് അറിയാതെ ഒഴുകിപ്പോവുന്ന കടല്‍ക്കുതിരയുടെ ചിത്രമായിരുന്നു അത്. മാലിന്യം പ്രകൃതിയെ എങ്ങനെയെല്ലാം നശിപ്പിക്കുന്നു എന്ന് ഏതാനും സെന്റിമീറ്റര്‍ മാത്രം വലുപ്പമുള്ള ആ കടല്‍ക്കുതിരയുടെ ചിത്രം കാണിച്ചുതന്നു.നത്തോലിയില്‍ നടത്തിയ ഈ പരീക്ഷണം നല്‍കുന്ന സൂചനകളും ഗൗരവമേറിയതാണ്. നത്തോലി ഉള്‍പ്പെടെയുള്ള മല്‍സ്യങ്ങള്‍ പ്ലാസ്റ്റിക്കിനെ ഭക്ഷണമായി കണക്കാക്കുകയോ ബന്ധപ്പെടുത്തി കാണുകയോ ചെയ്യുന്നു എന്നാണു പരീക്ഷണം തെളിയിച്ചത്. സൂക്ഷ്മജീവികളോ ആല്‍ഗകളോകൊണ്ട് പൊതിയപ്പെട്ട എത്രയോ പ്ലാസ്റ്റിക് മീനുകളുടെ ശരീരത്തിലെത്തുന്നുണ്ടാവാം? ഇവയെ ഭക്ഷണമാക്കുന്നതിലൂടെ ഈ പ്ലാസ്റ്റിക്കോ അവയിലടങ്ങിയിട്ടുള്ള ഹാനികരമായ ഘടകങ്ങളോ മനുഷ്യരിലും എത്തില്ലേ? വലിയ മല്‍സ്യങ്ങളെ പിടിക്കാനുള്ള ചൂണ്ടയില്‍ ഇരയായി കോര്‍ക്കാന്‍ ചെറുമല്‍സ്യങ്ങള്‍ വ്യാപകമായി ഉപയോഗിച്ചുവരുന്നു. അല്ലെങ്കിലും ചെറിയ മീനുകളെ വലിയവ അകത്താക്കുക എന്നതാണല്ലോ കടല്‍നീതി. അതിനാല്‍ കടലിലെത്തുന്ന മാലിന്യങ്ങളെല്ലാം നമ്മുടെ തന്നെ വയറ്റില്‍ തിരിച്ചെത്തുമെന്നു മനസ്സിലാക്കുന്നതു നന്ന്.
Next Story

RELATED STORIES

Share it