Idukki local

ചെറുകിട തേയിലകര്‍ഷകര്‍ കടുത്ത പ്രതിസന്ധിയില്‍

മുഹമ്മദ് അന്‍സാരി

വണ്ടിപ്പെരിയാര്‍: പച്ചക്കൊളുന്ത് എടുക്കാന്‍ ആളില്ലാതായതോടെ തോട്ടം മേഖലയില്‍ തേയില കൃഷി ചെയ്യുന്ന ചെറുകിട തേയിലകര്‍ഷകര്‍ പ്രതിസന്ധിയില്‍. ചെറുകിട തേയില തോട്ടങ്ങളില്‍ വിളവെടുക്കുന്ന പച്ച ക്കൊളുന്തിന് ന്യയ വില  ലഭിക്കാത്തതിനാലും വന്‍കിട തോട്ടം ഉടമകള്‍  കര്‍ഷകരില്‍ നിന്ന് നേരിട്ട് കൊളുന്ത് വാങ്ങാത്തതിനാലുമാണ് ദുരിതമേറുന്നത്.
ഗുണനിലവാരം ഇല്ലന്ന കാരണം പറഞ്ഞാണ് വന്‍കിട തേയില ഫാക്ടറികള്‍ ചെറുകിട കര്‍ഷകരില്‍ നിന്നും പച്ചക്കൊളുന്ത് എടുക്കാത്തത്. ഇടനിലക്കാരാണ് ചെറുകിട കര്‍ഷകരില്‍ നിന്നും പച്ചക്കൊളുന്ത് വാങ്ങി വന്‍കിട തോട്ടം ഉടമകള്‍ക്ക് വില്‍പ്പന നടത്തുന്നത്. ഇടനിലക്കാര്‍ കര്‍ഷകര്‍ക്ക് ഒരു കിലോ പച്ചക്കൊളുന്തിന് ആറു മുതല്‍ പന്ത്രണ്ട് രുപ വരെ മാത്രമാണ് നല്‍കുന്നത്. ചെറുകിട കര്‍ഷകരില്‍ നിന്ന് തീരെ വില കുറച്ച് വാങ്ങിയ ശേഷം ഇടനിലക്കാര്‍ കൂടുതല്‍ വിലയ്ക്കാണ് വില്‍പ്പന നടത്തുന്നത്. വാങ്ങാനാളില്ലാത്തതിനാല്‍ വിളവെടുത്ത കൊളുന്ത് ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് പ്രദേശത്തെ കര്‍ഷകര്‍.
ഗുണനിലവാരമനുസരിച്ചാണ് ഫാക്ടറികള്‍ വില നിശ്ചയിക്കുന്നത്. വര്‍ധിച്ച പണിക്കൂലിയും വളങ്ങളുടെയും കീടനാശിനികളുടേയും വിലയും താരതമ്യപ്പെടുത്തുമ്പോള്‍ കിലോക്ക് പതിനെട്ടു രൂപയെങ്കിലും കിട്ടണമെന്നാണ് കര്‍ഷകര്‍ പറയുന്നത് നേരിട്ട് ഫാക്ടറികളില്‍ കൊളുന്ത് എത്തിച്ച് നല്‍കിയാല്‍ ഗുണമേന്മ കുറവാണെന്ന പേരിലും വില കുറയ്ക്കുകയാണു പതിവ്. പീരുമേട്ടിലും പരിസര പ്രദേശങ്ങളിലും വേനല്‍ മഴ ലഭിച്ചതോടെ കൊളുന്ത് ഉല്‍പ്പാദനവും വര്‍ധിച്ചു. ഇതും കൊളുന്ത് വിലയിടിവിന് കാരണമായിട്ടുണ്ട്.
കര്‍ഷകരില്‍ നിന്ന് കൊളുന്ത് വാങ്ങി ഫാക്ടറിയില്‍ വില്‍പ്പന നടത്തുന്ന ഇടനിലക്കാരും കൊളുന്തിന് വിലയില്ലാത്തതിനാല്‍ കര്‍ഷകരെ ഉപേക്ഷിച്ച നിലയിലാണ്. പീരുമേട്ടിലെ തേയില തോട്ടങ്ങളിലെ എ.വി.ടി കമ്പനിയുടെ കരടിക്കുഴി,പശുപ്പാറ, അരണക്കല്‍, എച്ച്.എം. എല്‍ കമ്പനിയുടെ പട്ടുമല വാളാര്‍ഡി, പോബ്‌സണ്‍ കമ്പനിയുടെ ഗ്രാമ്പി, തേങ്ങക്ക ല്‍, കോണിമാറയുടെ പെരിയാര്‍ എസ്റ്റേറ്റ്  തുടങ്ങിയ സ്ഥലങ്ങളില്‍ മാത്രമാണ് തേയിലപ്പൊടി ഉല്‍പാദിപ്പിക്കുവാന്‍ സജ്ജീകരണങ്ങളുള്ള ഫാക്ടറികള്‍ ഉള്ളത്. സ്വന്തമായി തേയിലപ്പൊടി ഉല്‍പാദിക്കാന്‍ കഴിയാത്തതിനാലും കൊളുന്ത് വാങ്ങാന്‍ ആളില്ലാത്തതിനാലും വന്‍കിട തോട്ടം ഉടമകളും ഇടനിലക്കാരും നിശ്ചയിക്കുന്ന നിസാര തുകയ്ക്ക് കൊളുന്ത് വില്‍ക്കുവാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാവുന്നു.
അവശ്യമായ ഇടവേളകളില്‍  വളവും  കീടനാശിനികളും ഉപയോഗിച്ച് തേയിലച്ചെടികള്‍ സംരക്ഷിക്കുന്ന കര്‍ഷകര്‍ക്ക് വിലയില്‍ വന്ന ഇടിവും  വാങ്ങാനാളില്ലാത്തതും കര്‍ഷകര്‍ക്ക് ഇരട്ടി പ്രഹരമാണ് ഉണ്ടായിരിക്കുന്നത്.  കൃത്യസമയത്ത് വിളവെടുത്ത കൊളുന്ത് ഫാക്ടറിയില്‍ എത്തിച്ചില്ലെങ്കില്‍ കൊളുന്ത് ഉപയോഗ ശൂന്യമാണ്. ഏക്കര്‍ കണക്കിന് തേയില തോട്ടങ്ങള്‍ പാട്ടത്തിനെടുത്ത് തേയില കൃഷി ചെയ്യുന്ന കര്‍ഷകരാണ് ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിടുന്നത്.
കാലാവസ്ഥ വ്യതിയാനവും കടുത്ത ചൂടും പച്ചക്കൊളുന്തിന്റെ ഉത്പാദനത്തെ ഗണ്യമായി ബാധിക്കുമ്പോഴും വലിയ വില കൊടുത്ത് മരുന്നുകള്‍ അടിച്ചും ദൂര സ്ഥലങ്ങളില്‍ നിന്നും വെള്ളം എത്തിച്ചു നനച്ചുമാണ് ചെറുകിട കര്‍ഷകര്‍ പച്ചക്കൊളുന്ത് ഉല്‍പാദിപ്പിക്കുന്നത്. ദിവസേന ആയിരക്കണക്കിന് പച്ചക്കൊളുന്താണ് ഇത്തരത്തില്‍ ഉപയോഗശൂന്യമാകുന്നത്. വന്‍കിട ഫാക്റ്ററികളാണ് ചെറുകിട കര്‍ഷകരുടെ ആശ്രയം. പച്ചക്കൊളുന്ത് വാങ്ങാനും സംരക്ഷിക്കാനും ബദല്‍ സംവിധാനം ഇല്ലാത്തതും കര്‍ഷകരെ വലയ്ക്കുന്നു.
Next Story

RELATED STORIES

Share it