ernakulam local

ചെമ്മീന്‍ കെട്ട് സമരം നീതിക്ക് നിരക്കാത്തത്: തീരദേശ ചെമ്മീന്‍ കെട്ട് സംരക്ഷണ സമിതി

വൈപ്പിന്‍: ഒരു രാഷ്ട്രീയ പാര്‍ട്ടിയെ കൂട്ടുപിടിച്ച് നടത്തിവരുന്ന സമരം നീതിക്ക് നിരക്കാത്തതെന്ന് മാലിപ്പുറം തീരദേശ ചെമ്മീന്‍ കെട്ട് സംരക്ഷണ സമിതി ചൂണ്ടിക്കാട്ടി. നാല്‍പ്പത് വര്‍ഷത്തിലധികമായി ചെമ്മീന്‍ കൃഷിമാത്രം നടന്നുവരുന്ന മാലിപ്പുറം തീരദേശ ചെമ്മീന്‍ കെട്ട് സംരക്ഷണ സമിതിയില്‍പെട്ട ചെമ്മീന്‍ കെട്ടുകള്‍ പൊക്കാളി കൃഷിയിടങ്ങളാണെന്ന് ഉദ്യോഗസ്ഥന്‍മാരെയും തൊഴിലാളികളെയും തെറ്റിദ്ധരിപ്പിച്ചാണ് ചില വ്യക്തികള്‍ സമരം നടത്തുന്നത്.
വര്‍ഷങ്ങളായി മുഴുവന്‍ വര്‍ഷ ചെമ്മീന്‍ കെട്ടു നടത്തുന്ന ഇവിടെ ചെമ്മീന്‍ വാറ്റുന്നതിനായുള്ള ഫിഷറീസ് ലൈസന്‍സ് ലഭിക്കുന്നതിനു യാതൊരു നിയമ തടസവും നിലവില്‍ ഇല്ല. ആയതിനാല്‍ പതിവുപോലെ ഇക്കുറിയും ചെമ്മീന്‍ വാറ്റിനു ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ലൈസന്‍സ് നല്‍കിയിട്ടുമുണ്ട്. എന്നാല്‍ ഇത് ജില്ലാ കലക്ടറുടെ ഉത്തരവിനെ മറികടന്ന് തരപ്പെടുത്തിയതെന്നാണ് സമരം നടത്തുന്നവരുടെ ആരോപണം. ഇതില്‍ തെല്ലും വാസ്തവമില്ലെന്ന് സമതി പ്രസിഡന്റ് പറമ്പാടി കാര്‍ത്തികേയന്‍ പറയുന്നു. ആറുമാസം നെല്‍കൃഷിയും ആറുമാസം ചെമ്മീന്‍ കൃഷിയും നടത്തിവരുന്ന പൊക്കാളി പാടശേഖരങ്ങളില്‍ ഇതു ലംഘിച്ചാല്‍ ചെമ്മീന്‍ കൃഷിക്ക് ലൈസന്‍സ് നല്‍കരുതെന്നാണ് കലക്ടറുടെ ഉത്തരവ്. ഈ സാഹചര്യത്തില്‍ മാലിപ്പുറം തീരദേശ ചെമ്മീന്‍ കെട്ടു സംരക്ഷണ സമിതിയുടെ കീഴിലുള്ള ചെമ്മീന്‍ കെട്ടുകളില്‍ ഈ ഉത്തരവ് ബാധിക്കുകയില്ല.
മാത്രമല്ല വര്‍ഷങ്ങളായി ചെമ്മീന്‍ കെട്ടു നടത്തുന്ന ഇവിടെ ആഴക്കൂടുതല്‍ ഉള്ളതിനാല്‍ നെല്‍കൃഷി വിളയില്ലെന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യവുമാണെന്ന് പ്രസിഡന്റ് വ്യക്തമാക്കുന്നു. അതേ സമയം മാലിപ്പുറം തീരദേശത്തെ ചെമ്മീന്‍ കെട്ടുകള്‍ക്ക് കേരള ഹൈക്കോടതി പോലിസ് സംരക്ഷണം നല്‍കണമെന്ന് ഞാറക്കല്‍ പോലിസിനോട് ഉത്തരവിട്ടിട്ടും ഇവിടെ ചെമ്മീന്‍ കെട്ടുകള്‍ കൈയേറിയതിനെതിരേ പോലിസ് ഒരു നടപടിയും എടുത്തിട്ടില്ല. ഈ സാഹചര്യത്തില്‍ പോലിസിനെതിരേ കോടതി അലക്ഷ്യത്തിനും കെട്ടു കൈയേറിയവര്‍ക്കെതിരേ സ്വകാര്യ അന്യായം ഫയലു ചെയ്യാനും സമിതി തീരുമാനിച്ചതായി പ്രസിഡന്റ് അറിയിച്ചു.
Next Story

RELATED STORIES

Share it