ചെന്നൈയിലെ ആശുപത്രിയില്‍ ഓക്‌സിജന്‍ മുടങ്ങി: 18 രോഗികള്‍ ശ്വാസംമുട്ടി മരിച്ചു

ചെന്നൈ: പ്രളയബാധിതമായ ചെന്നൈയിലെ മാനപാക്കം മദ്രാസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓര്‍ത്തോപീഡിക്‌സ് ട്രോമറ്റോളജി (എംഐഒടി) ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ 18 രോഗികള്‍ മരിച്ചു. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. ഐസിയുവിലും വെന്റിലേറ്ററിലുമുണ്ടായിരുന്ന രോഗികളാണ് മരിച്ചത്.
പ്രളയം കാരണം ആശുപത്രിയില്‍ വൈദ്യുതിയുണ്ടായിരുന്നില്ല. ജനറേറ്ററിലാണ് ആശുപത്രി പ്രവര്‍ത്തിച്ചിരുന്നത്. ആശുപത്രി കെട്ടിടത്തിന്റെ താഴേനിലയിലെ ജനറേറ്റര്‍ മുറിയില്‍ വെള്ളം കയറിയതോടെ വൈദ്യുതി പൂര്‍ണമായും നിലച്ചു.
75 രോഗികളായിരുന്നു ഐസിയുവിലുണ്ടായിരുന്നതെന്നും അതില്‍ 57 പേരെ മറ്റ് ആശുപത്രികളിലേക്കു മാറ്റിയിരുന്നതായും ബാക്കിയുള്ളവര്‍ രണ്ടുമൂന്നു ദിവസം മുമ്പ് മരിച്ചിരുന്നതായും തമിഴ്‌നാട് ആരോഗ്യ വകുപ്പ് സെക്രട്ടറി ജെ രാധാകൃഷ്ണന്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, മഴയത്തുടര്‍ന്ന് അടച്ചിട്ട ചെന്നൈ വിമാനത്താവളം ഇന്ന് ഭാഗികമായി തുറക്കും. പ്രളയബാധിത മേഖലകളില്‍ ദുരിതാശ്വാസ-രക്ഷാപ്രവര്‍ത്തനത്തിനു ദേശീയ ദുരന്തനിവാരണസേനയുടെ 20 സംഘങ്ങളെ കൂടി വിന്യസിച്ചു.
ഇതോടെ രക്ഷാപ്രവര്‍ത്തനത്തിന് 40 പേരടങ്ങുന്ന 50 സംഘങ്ങളായി. ഇതുവരെ പതിനായിരത്തിലധികം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ടെന്ന് ദുരന്തനിവാരണ സേനാ ഡയറക്ടര്‍ ഒ പി സിങ് പറഞ്ഞു. പ്രളയത്തില്‍ അകപ്പെട്ടവരെ രക്ഷിക്കാന്‍ പ്രത്യേക ബോട്ടുകളും ലൈഫ് ജാക്കറ്റുകളും മറ്റ് ഉപകരണങ്ങളും സേന ഉപയോഗിക്കുന്നുണ്ട്. പുതുച്ചേരിയിലും സേന രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. തമിഴ്‌നാട്ടില്‍ പ്രളയത്തില്‍ ഇതേവരെ 269 പേര്‍ മരിച്ചതായാണ് കണക്ക്. പ്രളയസാഹചര്യങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് മഹര്‍ഷിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി ജയലളിതയും പ്രളയബാധിത പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം വ്യോമനിരീക്ഷണം നടത്തിയിരുന്നു. പ്രളയക്കെടുതികള്‍ നേരിടാന്‍ സംസ്ഥാനത്തിന് 5000 കോടിയുടെ ധനസഹായം അനുവദിക്കണമെന്ന് ജയലളിത പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. പ്രളയത്തെ തുടര്‍ന്ന് എണ്ണക്കമ്പനികള്‍ക്ക് ഇന്ധനം വിതരണം ചെയ്യാന്‍ സാധിച്ചിട്ടില്ല. ഇന്ധനക്ഷാമം ചരക്കുനീക്കത്തേയും ബാധിച്ചു. ഇന്ധന ടാങ്കറുകളുടെ ഡ്രൈവര്‍മാരുടെ അഭാവവും പ്രശ്‌നം രൂക്ഷമാക്കി. അവശ്യവസ്തുക്കള്‍ക്ക് ചെന്നൈയിലും പരിസരത്തും ക്ഷാമം തുടരുകയാണ്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പാല്‍വിതരണം പൂര്‍ണമായും നിലച്ചു. സ്വകാര്യ കമ്പനിയുടെ പാലിന് ലിറ്ററിന് 90 രൂപയാണ് വില. തക്കാളി വില 80 രൂപയായും വര്‍ധിച്ചു.
Next Story

RELATED STORIES

Share it