Flash News

ചെന്നിത്തലയുടെ പടയൊരുക്കം; കളങ്കിതരെ ഉള്‍പ്പെടുത്തരുത്



തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ കാസര്‍കോട് നിന്ന് ഇന്നാരംഭിക്കുന്ന പടയൊരുക്കം യാത്രയില്‍ നിന്നു കളങ്കിതരെയും ക്രിമിനല്‍ പശ്ചാത്തലമുള്ളവരെയും മാറ്റിനിര്‍ത്താന്‍ നിര്‍ദേശം. സ്വര്‍ണക്കടത്തു കേസിലെ പ്രതിയുടെ ആഡംബരകാറില്‍ എല്‍ഡിഎഫ് ജനജാഗ്രതാ യാത്രയുടെ ജാഥാ ക്യാപ്റ്റനായ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സഞ്ചരിച്ചതു വിവാദമായ സാഹചര്യത്തിലാണു യുഡിഎഫിന്റെ ജാഗ്രതാ നിര്‍ദേശം. പടയൊരുക്കം യാത്രയില്‍ നിന്നും കളങ്കിതരെ മാറ്റിനിര്‍ത്തണമെന്നു നിര്‍ദേശിക്കുന്ന സര്‍ക്കുലര്‍ യുഡിഎഫ് സംസ്ഥാന നേതൃത്വം ജില്ലാ ഘടകങ്ങള്‍ക്കു നല്‍കി. എല്‍ഡിഎഫ് ജാഥ വിവാദമായ സാഹചര്യത്തില്‍ യുഡിഎഫ് ജാഥയില്‍ കുഴപ്പങ്ങളുണ്ടാക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുമെന്നു യുഡിഎഫ് നേതൃത്വം ആശങ്കപ്പെടുന്നു. ഇതു തടയുന്നതിനുള്ള നിര്‍ദേശങ്ങളാണു സര്‍ക്കുലറില്‍ ഉള്‍പ്പെടുന്നത്. കളങ്കിതരും ക്രിമിനല്‍ പശ്ചാത്തലമുള്ളതുമായ ആളുകളുടെ സാന്നിധ്യം അറിഞ്ഞോ, അറിയാതെയോ സ്വീകരണ വേദിയില്‍ ഉണ്ടാവാന്‍ പാടില്ലെന്ന് ഉറപ്പുവരുത്തണമെന്നു നിര്‍ദേശം നല്‍കിയതായി വി ഡി സതീശന്‍ എംഎല്‍എയും അറിയിച്ചു. പടയൊരുക്കം യാത്രയെ തകര്‍ക്കാനുള്ള ഗൂഢനീക്കം ചില ഭാഗങ്ങളില്‍ നിന്നു നടക്കുന്നുണ്ട്. അതുകൊണ്ടു തന്നെ യാത്രയിലുടനീളം ജാഗ്രത പാലിക്കും. കളങ്കിതരെ വേദിയിലേക്കു കടത്തിവിടാന്‍ നീക്കമുണ്ടാവുമെന്നു രഹസ്യവിവരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സാമ്പത്തിക കുറ്റവാളികള്‍, ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ എന്നിവരില്‍ നിന്നു ജാഥയ്ക്കായി പണം സ്വീകരിക്കരുതെന്നു നിര്‍ദേശമുണ്ട്. എന്നാല്‍ ബാറുടമകളില്‍ നിന്നും പണം വാങ്ങരുതെന്നു നിര്‍ദേശമില്ല. സ്വീകരണ വേദികളില്‍ ജില്ല, സംസ്ഥാന നേതാക്കള്‍ക്ക് മാത്രമെ ഇരിപ്പിടം നല്‍കാവൂ. ജാഥാ ക്യാപ്റ്റന് ഹാരാര്‍പ്പണം ചെയ്യുന്നതു മുന്‍കൂട്ടി തയ്യാറാക്കിയ ലിസ്റ്റിലുള്ളവര്‍ മാത്രമായിരിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.
Next Story

RELATED STORIES

Share it