kozhikode local

ചെങ്ങോട്ടുമലയില്‍ കരിഞ്ചോല ആവര്‍ത്തിക്കുമോ? ഭയപ്പാടോടെ മലയോരവാസികള്‍

പേരാമ്പ്ര: കോട്ടൂര്‍ പഞ്ചായത്തിലെ ചെങ്ങോട്ടുമലയില്‍ കട്ടിപ്പാറ കരിഞ്ചോലയില്‍ നടന്നതുപോലുള്ള ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ചെങ്ങോട്ടുമല ഖനന വിരുദ്ധ ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. മൂന്ന് തവണ ഉരുള്‍പൊട്ടല്‍ നടന്ന ചെങ്ങോട്ടുമലയില്‍ സ്വകാര്യ കമ്പനി അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങളും മണ്ണ് നീക്കം ചെയ്യലും മരംമുറിയും നടത്തുന്നുണ്ട്. രണ്ട് ഹിറ്റാച്ചി ഉപയോഗിച്ച് ഏക്കര്‍ കണക്കിന് സ്ഥലത്തെ മേല്‍ മണ്ണ് നീക്കം ചെയ്യുകയാണ്. മലമുകളില്‍ ഒരു കോണ്‍ക്രീറ്റ് ജലസംഭരണിയും പണിതിട്ടുണ്ട്. ഇത് സുരക്ഷിതമല്ലാത്ത സ്ഥലത്താണ് പണിതിരിക്കുന്നത്. ചെങ്ങോട്ടുമല പരിസ്ഥിതി ദുര്‍ബല പ്രദേശമാണെന്ന് കാണിച്ചും മലയിലെ ഖനനത്തിനെതിരേയും ആക്ഷന്‍ കമ്മിറ്റി മുഖ്യമന്ത്രി, റവന്യു മന്ത്രി, വനം മന്ത്രി, തൊഴില്‍ മന്ത്രി, കോടിയേരി ബാലകൃഷ്ണന്‍, എം എം ഹസന്‍, കുമ്മനം രാജശേഖരന്‍, പുരുഷന്‍ കടലുണ്ടി എംഎല്‍എ, ജില്ലാ കലക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയെങ്കിലും ഖനനാനുമതി പുനപ്പരിശോധിക്കാനുള്ള നടപടി ആരും കൈക്കൊണ്ടില്ല. വിദഗ്ധമായ പഠനം നടത്താതെ ഖനനാനുമതി കൊടുക്കരുതെന്ന് ഡിഎഫ്ഒ, അസി. കലക്ടര്‍, വില്ലേജ് ഓഫിസര്‍, പഞ്ചായത്ത് സെക്രട്ടറി, പഞ്ചായത്ത് ജൈവ വൈവിധ്യ പരിപാലന സമിതി എന്നിവര്‍ കലക്ടര്‍ക്ക് റിപോര്‍ട്ട് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നു ഉണ്ടാവുന്നില്ല.കട്ടിപ്പാറയിലേതിനു സമാനമായ അവസ്ഥയാണ് നിലവിലുള്ളത്. ചെങ്ങോട്ടുമലയില്‍  ഇളക്കിയിട്ട മേല്‍ മണ്ണ് മഴയില്‍ ഒലിച്ചുപോയിട്ടുണ്ട്. അധികൃതര്‍ ഗൗനിക്കുന്നില്ലെങ്കില്‍ വന്‍ ദുരന്തമായിരിക്കും ഇവിടെയുണ്ടാവുകയെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നു. മാനദണ്ഡങ്ങള്‍ പാലിക്കാതെ കൊടുത്ത അനുമതി പുനപ്പരിശോധിക്കാന്‍ ജില്ലാ കലക്ടര്‍ എന്തിനാണ് മടി കാണിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. വാര്‍ഡ് മെമ്പര്‍ ടി കെ രഗിന്‍ ലാല്‍ അധ്യക്ഷത വഹിച്ചു. എം കെ സതീഷ്, വി എന്‍ രാജേഷ്, ടി പി രവീന്ദ്രന്‍, കൊളക്കണ്ടി ബിജു, എരഞ്ഞോളി ബാലന്‍ നായര്‍, കെ ജയരാജന്‍, രാജു മാത്യു, ടി കെ ചന്ദ്രന്‍, ലിനീഷ് നരയംകുളം സംസാരിച്ചു.
Next Story

RELATED STORIES

Share it