ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ നിന്ന് ബിഡിജെഎസ് വിട്ടുനില്‍ക്കും

ചേര്‍ത്തല: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കിടെ എന്‍ഡിഎയിലെ ഭിന്നത രൂക്ഷമാവുന്നു. ഉപതിരഞ്ഞെടുപ്പില്‍ എന്‍ഡിഎയുമായി സഹകരിക്കേണ്ടതില്ലെന്ന് പ്രധാന ഘടകകക്ഷിയായ ബിഡിജെഎസ് തീരുമാനിച്ചു. ഇന്നലെ നടന്ന പാര്‍ട്ടി നേതൃയോഗത്തിനു ശേഷമാണ് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ഇക്കാര്യം വ്യക്തമാക്കിയത്.
ബിജെപിയുമായുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് എന്‍ഡിഎയിലെ ബിജെപി ഒഴിച്ചുള്ള കക്ഷികളുടെ യോഗം രണ്ടാഴ്ചയ്ക്കുള്ളില്‍ വിളിച്ചുചേര്‍ക്കാനും  തീരുമാനിച്ചു. പതിനാലോളം വാഗ്ദാനങ്ങള്‍ നല്‍കി വര്‍ഷങ്ങളായിട്ടും നടപ്പാക്കാന്‍ കൂട്ടാക്കാത്ത ബിജെപിയുമായി സഹകരിക്കേണ്ടെന്നാണ് യോഗത്തില്‍ പങ്കെടുത്തവര്‍ ഒറ്റക്കെട്ടായി അറിയിച്ചതെന്നു തുഷാര്‍ പറഞ്ഞു. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പാര്‍ട്ടി പങ്കെടുക്കില്ല. ബിജെപിക്കെതിരേ കടുത്ത ആരോപണങ്ങളാണ് തുഷാര്‍ വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ചത്.
ബിഡിജെഎസിന്റെ പിന്തുണയില്ലെങ്കില്‍ ചെങ്ങന്നൂരില്‍ ബിജെപി   സ്ഥാനാര്‍ഥിയുടെ നില പരിതാപകരമായിരിക്കും.  ചോദിക്കാത്ത എംപി സ്ഥാനം ബിഡിജെഎസ് അധ്യക്ഷന്‍ ആവശ്യപ്പെട്ടെന്ന് വരുത്തിത്തീര്‍ത്ത് ബിജെപിയിലെ ചില നേതാക്കള്‍ കള്ളപ്രചാരണം നടത്തി. കോഴിക്കോട് കേന്ദ്രീകരിച്ചു നടത്തിയ ഈ പ്രചാരണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട്   ബിജെപി ദേശീയനേതാക്കള്‍ക്ക് രേഖാമൂലം പരാതി നല്‍കും.
കൂടെ നിന്ന് ചവിട്ടുന്ന സ്വഭാവമാണ് കേരളത്തിലെ ബിജെപിയിലെ ചില നേതാക്കള്‍ക്കുള്ളത്. എന്‍ഡിഎയില്‍ സംഘടനാ സംവിധാനങ്ങളൊന്നുമില്ല. സംസ്ഥാന കമ്മിറ്റി മാത്രമാണ് പ്രവര്‍ത്തനരംഗത്തുള്ളതെന്നും തുഷാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it