Flash News

ചെങ്ങന്നൂരില്‍ 76.27 ശതമാനം പോളിങ്

എം എം സലാം
ചെങ്ങന്നൂര്‍: കോരിച്ചൊരിയുന്ന മഴയിലും ആവേശം കൈവിടാതെ ചെങ്ങന്നൂര്‍ ജനത വിധിയെഴുതി. ശക്തമായ ത്രികോണമല്‍സരത്തിന്റെ എല്ലാ ആവേശവും ദൃശ്യമായ തിരഞ്ഞെടുപ്പില്‍ 76.27 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. 2016ല്‍ 74.36 ശതമാനമായിരുന്നു ആകെ പോളിങ്. 2009ന് ശേഷമുള്ള ഉയര്‍ന്ന പോളിങായിരുന്നു ഇന്നലത്തേത്.
ചെറിയ പ്രശ്‌നങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ വോട്ടെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു. ചെങ്ങന്നൂര്‍ മാന്നാര്‍ നായര്‍സമാജം ബിഎച്ച്എസ് അഞ്ചാം നമ്പര്‍ ബൂത്തിലെ വോട്ടിങ് യന്ത്രത്തില്‍ മോക് പോളിങിലെ വോട്ടുകളുമുണ്ടെന്ന് കണ്ടെത്തിയത് ബഹളത്തിനിടയാക്കി. റീ പോളിങ് വേണമെന്ന് ബിജെപി ആവശ്യപ്പെട്ടെങ്കിലും വിവിപാറ്റ് സ്ലിപ്പുകള്‍ പരിശോധിച്ച് പരിഹാരം കണ്ടെത്താമെന്നു വരണാധികാരി അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇവിടെ അല്‍പസമയം വോട്ടിങ് തടസ്സപ്പെട്ടു. ചെങ്ങന്നൂര്‍ ബ്ലോക്ക് ഓഫിസില്‍ ശ്രീധരന്‍പിള്ളയും പോലിസ് ഉദ്യോഗസ്ഥരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. സ്ഥാനാര്‍ഥിയോടൊപ്പം അണികളും ബൂത്തില്‍ പ്രവേശിച്ചെന്നു പരാതിപ്പെട്ടതിനെ തുടര്‍ന്നാണിത്. മണ്ഡലത്തില്‍ പലയിടത്തും ടിവി സംപ്രേഷണം തടസ്സപ്പെട്ടതായും പരാതിയുയര്‍ന്നു. കോട്ടയം സ്വദേശി കെവിന്‍ കൊല്ലപ്പെട്ടതു സംബന്ധിച്ച വാര്‍ത്ത വോട്ടര്‍മാര്‍ അറിയാതിരിക്കാന്‍ കേബിള്‍ മുറിച്ചതാണ് കാരണമെന്ന് യുഡിഎഫും ബിജെപിയും ആരോപിച്ചു.
വോട്ടെടുപ്പ് ആരംഭിച്ച രാവിലെ ഏഴു മുതല്‍  ബൂത്തുകളില്‍ വോട്ടര്‍മാരുടെ വന്‍നിര ദൃശ്യമായിരുന്നു. വൈകുന്നേരം വരെയും മണ്ഡലത്തിന്റെ എല്ലാ ഭാഗങ്ങളിലും ശക്തമായ മഴ അനുഭവപ്പെട്ടെങ്കിലും സ്ത്രീകളടക്കമുള്ളവര്‍ ബൂത്തുകളിലേക്ക് ഒഴുകിയെത്തി. വൈകുന്നേരം ആറിന്‌ശേഷം വരിയിലുണ്ടായിരുന്നവര്‍ക്ക് ടോക്കണ്‍ നല്‍കി.  രാത്രി എട്ടുമണിയോടെയാണ്  നടപടിക്രമങ്ങള്‍ പൂര്‍ത്തിയായത്.
യുഡിഎഫ് സ്ഥാനാര്‍ഥി വിജയകുമാറും എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാനും രാവിലെ തന്നെ കുടുംബസമേതം ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി. പുലിയൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലായിരുന്നു വിജയകുമാറിന്റെ വോട്ട്. കൊഴുവല്ലൂര്‍ എസ്എന്‍ഡിപി സ്‌കൂളിലെ 77ാം നമ്പര്‍ ബൂത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാനും കുടുംബവും വോട്ട് രേഖപ്പെടുത്തി. മണ്ഡലത്തില്‍ വോട്ടില്ലാത്ത ബിജെപി സ്ഥാനാര്‍ഥി അഡ്വ. ശ്രീധരന്‍പിള്ള രാവിലെ മുതല്‍ തന്നെ വിവിധ ബൂത്തുകളില്‍ സജീവമായിരുന്നു. ഉയര്‍ന്ന പോളിങ് ശതമാനം തങ്ങള്‍ക്ക് അനുകൂലമാവുമെന്ന് അവകാശപ്പെട്ട് മൂന്നു മുന്നണികളും രംഗത്തെത്തി. 31നാണ് വോട്ടെണ്ണല്‍.
Next Story

RELATED STORIES

Share it