Flash News

ചെങ്ങന്നൂരില്‍ എല്‍ഡിഎഫിന്റെ സര്‍വാധിപത്യം

ചെങ്ങന്നൂര്‍: ഉപതിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ മണ്ഡലത്തില്‍ ഗ്രാമ, നഗര വ്യത്യാസമില്ലാതെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സര്‍വാധിപത്യമാണ് ദൃശ്യമായത്. മണ്ഡലത്തിലെ 10 പഞ്ചായത്തുകളിലും ഒരു നഗരസഭയിലും എല്‍ഡിഎഫ് വ്യക്തമായ ലീഡ് നേടി. കേരള കോണ്‍ഗ്രസ് എം ഭരിക്കുന്ന തിരുവവണ്ടൂര്‍ പഞ്ചായത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
കഴിഞ്ഞ തവണ യുഡിഎഫിന് ലീഡ് കിട്ടിയ സ്ഥലങ്ങളായിരുന്ന പാണ്ടനാടും ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റിയും ഇക്കുറി ഇടത് ആധിപത്യം നേടി. മാന്നാര്‍ പഞ്ചായത്തില്‍ 2,629 വോട്ടുകളാണ് സജി ചെറിയാന് ലീഡ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 440 വോട്ടുകളുടെ ലീഡ് മാത്രമാണ് ഇവിടെയുണ്ടായിരുന്നത്. മൂന്നാമതായി എണ്ണിയ ബിജെപി ശക്തികേന്ദ്രവും നിലവില്‍ കേരളാ കോണ്‍ഗ്രസ് ഭരണം നടത്തുന്നതുമായ തിരുവന്‍വണ്ടൂര്‍ പഞ്ചായത്തിലും എല്‍ഡിഎഫ് ലീഡ് നേടി. കഴിഞ്ഞതവണ മൂന്നാം സ്ഥാനത്തായിരുന്ന എല്‍ഡിഎഫ് ഇവിടെ ശക്തമായ തിരിച്ചുവരവാണു നടത്തിയത്. ഇവിടെ കഴിഞ്ഞതവണ ഒന്നാമതായിരുന്ന ബിജെപി ഇക്കുറി രണ്ടാംസ്ഥാനത്തായി. യുഡിഎഫ് ഇവിടെ മൂന്നാംസ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ വീട് സ്ഥിതിചെയ്യുന്ന ചെന്നിത്തല പഞ്ചായത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി 2,300 വോട്ടിന്റെ ഭൂരിപക്ഷം നേടി. ചെന്നിത്തലയുടെ വീടിരിക്കുന്ന ബൂത്തില്‍ സജി ചെറിയാന് 457 വോട്ട് ഭൂരിപക്ഷം കിട്ടി. ഇവിടെ 280 വോട്ടാണ് യുഡിഎഫ് സ്ഥാനാര്‍ഥി വിജയകുമാര്‍ പിടിച്ചത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പിതാവിന്റെ കുടുംബവീട് ഇരിക്കുന്ന വള്ളക്കാലില്‍ ഭാഗം ഒന്നാം നമ്പര്‍ ബൂത്തില്‍ എല്‍ഡിഎഫിന് 77 വോട്ട് ലീഡ് ഉണ്ടായിരുന്നു. യുഡിഎഫ് സ്ഥാനാര്‍ഥി വിജയകുമാറിന്റെ വീട് ഇരിക്കുന്ന 97ാം നമ്പര്‍ ബൂത്തില്‍ ബിജെപിക്ക് 70 വോട്ടാണു ലഭിച്ചത്. 2016ല്‍ ഈ ബൂത്തില്‍ ബിജെപി ഭൂരിപക്ഷം നേടിയിരുന്നു. അതേസമയം ജനവിധി തേടിയ ചെറു പാര്‍ട്ടികള്‍ക്കെല്ലാം കെട്ടിവച്ച കാശ് നഷ്ടമായി.
തിരഞ്ഞെടുപ്പില്‍ സെക്കുലര്‍ നാഷനല്‍ ദ്രാവിഡ് പാര്‍ട്ടി സ്ഥാനാര്‍ഥി സ്വാമി സുഖാകാശ സരസ്വതി 800 വോട്ടുമായി നാലാം സ്ഥാനത്തും 728 വോട്ടുമായി നോട്ട അഞ്ചാം സ്ഥാനത്തും എത്തി. മണ്ഡലത്തില്‍ വന്‍ പ്രചാരണം നടത്തിയിട്ടും ആം ആദ്മി പാര്‍ട്ടിയുടെ രാജീവ് പള്ളത്തിന് 368 വോട്ടുകള്‍ മാത്രമാണു ലഭിച്ചത്. രാഷ്ട്രീയ ലോക്ദളിന്റെ ജിജി പുന്തല 248 വോട്ടും എസ്‌യുസിഐയുടെ മധു ചെങ്ങന്നൂര്‍ 124 വോട്ടും നേടി.
Next Story

RELATED STORIES

Share it