ചെങ്ങന്നൂരിലെ തിരിച്ചടി: കേരളാ കോണ്‍ഗ്രസ് (എം) സ്റ്റിയറിങ് കമ്മിറ്റി നാളെ

കോട്ടയം: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിയുടെ കാരണങ്ങള്‍ വിലയിരുത്താന്‍ കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി യോഗം നാളെ ചേരും. ഉച്ചകഴിഞ്ഞ് മൂന്നിന് തിരുവനന്തപുരം അധ്യാപക ഭവനില്‍ ചേരുന്ന യോഗം പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണി ഉദ്ഘാടനം ചെയ്യും.
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായ പരാജയം പാര്‍ട്ടിയുടെ ഭാവിക്കുമേല്‍ കരിനിഴല്‍ വീഴ്ത്തിയെന്നാണു നേതൃതലത്തിലെ വിലയിരുത്തല്‍. പാര്‍ട്ടിക്ക് വിലപേശാനുള്ള ശക്തിയും തോല്‍വിയോടെ അസ്തമിച്ചു. ഈ സാഹചര്യത്തില്‍ ഭാവികാര്യങ്ങള്‍ ഏതു രീതിയിലായിരിക്കണമെന്ന ചര്‍ച്ചകള്‍ യോഗത്തിലുണ്ടാവും. ചെങ്ങന്നൂരില്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കാനുള്ള പാര്‍ട്ടിയിലെ ഭൂരിഭാഗം നേതാക്കളുടെയും അഭിപ്രായം അട്ടിമറിക്കപ്പെട്ടതു ജോസഫ് ഗ്രൂപ്പിന്റെ പിടിവാശിയാണെന്ന് വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു.
അവസാനനിമിഷം മനസ്സാക്ഷി വോട്ടെന്ന ഫോര്‍മുല പാര്‍ട്ടിക്കുള്ളില്‍ ഉരുത്തിരിഞ്ഞെങ്കിലും യുഡിഎഫിന് പരസ്യമായി പിന്തുണ പ്രഖ്യാപിക്കണമെന്ന നിലപാടിലായിരുന്നു ജോസഫ് ഗ്രൂപ്പ്. അതുകൊണ്ടു തന്നെ നാളെ ചേരുന്ന യോഗത്തില്‍ പി ജെ ജോസഫിനെതിരേയും മോന്‍സ് ജോസഫിനെതിരേയും രൂക്ഷവിമര്‍ശനമുയരാനാണു സാധ്യത.
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിനു മുന്നോടിയായി ചേര്‍ന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ ആലപ്പുഴയില്‍ നിന്നുള്ള പ്രതിനിധികളും ജോസ് കെ മാണി എംപിയും യുഡിഎഫുമായി സഹകരിക്കുന്നതിനെതിരേ ശക്തമായ എതിര്‍പ്പാണ് ഉയര്‍ത്തിയത്. എന്നാല്‍, തിരഞ്ഞെടുപ്പിനു ദിവസങ്ങള്‍ക്ക് മുമ്പ് കോണ്‍ഗ്രസ്സിലെ മുന്‍നിര നേതാക്കളുടെ അഭ്യര്‍ഥന കണക്കിലെടുത്തു കെ എം മാണിക്ക് മനംമാറ്റമുണ്ടാവുകയായിരുന്നു. തിരഞ്ഞെടുപ്പ് ഫലം വന്നതോടെ പാര്‍ട്ടിയുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റി. ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ വിജയം മുന്നണിയിലേക്കുള്ള മടക്കത്തിനുള്ള പാലമാക്കുകയായിരുന്നു മാണിയുടെ ലക്ഷ്യം.
തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇരുമുന്നണികള്‍ക്കും മാണി അനഭിമതനായിക്കഴിഞ്ഞിരിക്കുകയാണ്. ആലപ്പുഴയില്‍ നിന്നുളള നേതാക്കള്‍ പാര്‍ട്ടി തീരുമാനം ലംഘിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കു വേണ്ടി പ്രചാരണം നടത്തിയെന്ന ആരോപണവും സ്റ്റിയറിങ് കമ്മിറ്റി ഗൗരവമായി ചര്‍ച്ച ചെയ്യും. രാജ്യസഭാ തിരഞ്ഞെടുപ്പിലെ പാര്‍ട്ടി നിലപാടും ഉയര്‍ന്നുവരും.
പാര്‍ട്ടി പ്രതിനിധിയായിരുന്ന ജോയ് എബ്രഹാമിന്റെ അടക്കമുള്ള ഒഴിവുകളിലേക്കാണ് രാജ്യസഭാ തിരഞ്ഞടുപ്പ്. ഈ സാഹചര്യത്തില്‍ രാജ്യസഭാ സീറ്റ് ആവശ്യപ്പെടണമെന്ന അഭിപ്രായവും പാര്‍ട്ടിക്കുണ്ട്. എന്നാല്‍ എതു മുന്നണിയോട് ആവശ്യപ്പെടുമെന്നതാണ് ചോദ്യചിഹ്നമായിരിക്കുന്നത്.





Next Story

RELATED STORIES

Share it