kasaragod local

ചെങ്കളയില്‍ യുഡിഎഫിലും എല്‍ഡിഎഫിലും പാളയത്തില്‍ പട

കാസര്‍കോട്: ജില്ലയില്‍ യുഡിഎഫിന് ഏറെ പ്രതീക്ഷയുള്ള ചെങ്കള ഡിവിഷനില്‍ ഇക്കുറി തീപാറുന്ന മല്‍സരമാണ്. മുസ്‌ലിംലീഗിന്റെ ശക്തികേന്ദ്രം കൂടിയായ ചെങ്കള ഡിവിഷന്‍ പിടിച്ചെടുക്കാന്‍ ലീഗ് വിമതസ്ഥാനാര്‍ഥിയെയാണ് എല്‍ഡിഎഫ് രംഗത്തിറക്കിയത്.
കഴിഞ്ഞതവണ ഐഎന്‍എലിന്റെ ബാനറില്‍ ജയിച്ച് മുസ്‌ലിംലീഗില്‍ ചേര്‍ന്ന നസീറ അഹമ്മദിന് ഇക്കുറി ലീഗ് നേതൃത്വം സീറ്റ് നിഷേധിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചു സ്വതന്ത്രസ്ഥാനാര്‍ഥിയായി മല്‍സരരംഗത്തിറങ്ങുകയായായിരുന്നു നസീറ. മഞ്ചേശ്വരം എംഎല്‍എപി ബി അബ്ദുര്‍ റസാഖിന്റെ സഹോദരനും വ്യവസായപ്രമുഖനുമായ പി ബി അഹമ്മദിന്റെ ഭാര്യയാണ് നസീറ. നസീറയെ എല്‍ഡിഎഫ് പിന്തുണച്ചതില്‍ സിപിഎമ്മില്‍ ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ട്. ബീഡിതൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന നേതാവും ചെങ്കള ലോക്കല്‍ കമ്മിറ്റിയംഗവുമായ എ സരോജിനിയെ നേരത്തെ ഇവിടെ സ്ഥാനാര്‍ഥിയായി തീരുമാനിച്ചിരുന്നു.
നസീറ സ്വതന്ത്രസ്ഥാനാര്‍ഥിയായതിനെത്തുടര്‍ന്ന് ഇവരെ പിന്തുണയ്ക്കാന്‍ സിപിഎം തീരുമാനിക്കുകയും സരോജിനിയോട് നാമനിര്‍ദേശപത്രിക പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ചെമനാട് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണായ സുഫൈജ അബൂബക്കറാണ് യുഡിഎഫ് സ്ഥാനാര്‍ഥി. കോളിയടുക്കം അപ്‌സര പബ്ലിക് സ്‌കൂളിലെ അധ്യാപികയായ സുഫൈജ വനിത ലീഗിന്റെ സജീവ പ്രവര്‍ത്തക കൂടിയാണ്. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനങ്ങളാണ് സുഫൈജയെ സ്ഥാനാര്‍ഥിയാക്കാന്‍ ലീഗ് തീരുമാനിച്ചത്. ബിജെപി ജില്ലാ കമ്മിറ്റിയംഗം ഗംഗ സദാശിവനാണ് ബിജെപി സ്ഥാനാര്‍ഥി.
കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിലെ ചെങ്കള, ബെണ്ടിച്ചാല്‍, കളനാട് എന്നീ ഡിവിഷനുകളും കാറഡുക്കയിലെ പെര്‍ളടുക്ക ഡിവിഷനും ഉള്‍പ്പെട്ടതാണ് ചെങ്കള ഡിവിഷന്‍. 54,524 വോട്ടര്‍മാരാണ് ഇവിടെയുള്ളത്.
Next Story

RELATED STORIES

Share it