Kottayam Local

ചുവടുകളില്‍ചടുലതനിറച്ച് ...

കടുത്തുരുത്തി: ചുവടുകളില്‍ നിറയുന്ന ചടുലതയാണ് കോല്‍ക്കളിക്ക് ഏറെ ആരാധകരെ നേടിത്തരുന്നത്. ഹിന്ദുസ്ഥാനി സംഗീതത്തിലെ 'ഗഹറുവാ' താളത്തിനൊത്ത് കോലിലും ചുവടിലും കളിക്കാര്‍ വിസ്മയം തീര്‍ത്തപ്പോള്‍ കോട്ടയം റവന്യൂ ജില്ലാ കലോല്‍സവത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ തുടര്‍ച്ചയായി 12ാം വര്‍ഷവും ആതിഥേയരായ കടുത്തുരുത്തി സെന്റ് മൈക്കിള്‍ എച്ച്എസ്എസ് ജേതാക്കളായി. ആലുവ സ്വദേശി മാഹീന്‍ പാനായിക്കുളത്തിന്റെ ശിക്ഷണത്തില്‍ കോലെടുത്ത സംഘങ്ങള്‍ വേദിയെ വിസ്മയിപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവച്ചത്. കളിക്കോലുകളുടെ കൂട്ടിയുരുമ്മലില്‍ കൗമാരകലയുടെ അനിര്‍വചനീയ നിമിഷങ്ങളാണ് പങ്കുവച്ചത്. മൂന്നാംവേദിയായ സെന്റ് മൈക്കിള്‍സ് ഓഡിറ്റോറിയത്തില്‍ തിങ്ങിക്കൂടിയ കലാസ്വാദകരെ സാക്ഷിയാക്കിയാണ് കോല്‍ക്കളി മല്‍സരം അരങ്ങേറിയത്. മിന്നായം കണക്കെ കോലുകള്‍ വാനിലേക്കുയര്‍ന്നപ്പോള്‍ സദസ് ആര്‍ത്തുവിളിച്ചു. നിറഞ്ഞ കൈയടിയോടെയാണ് കാണികള്‍ ഓരോ ടീമിനെയും എതിരേറ്റത്. കോല്‍ക്കളിയില്‍ പങ്കെടുത്ത ടീമുകളെല്ലാം മികച്ച നിലവാരം പുലര്‍ത്തിയതായി വിധികര്‍ത്താക്കളും അഭിപ്രായപ്പെട്ടു.പങ്കെടുത്ത നാല് ടീമുകളില്‍ മൂന്നുപേരും എ ഗ്രേഡ് സ്വന്തമാക്കി. രജിസ്റ്റര്‍ ചെയ്ത നാല് ടീമുകള്‍ മല്‍സരിക്കാനെത്തിയില്ല. ചുവടുകള്‍ പിഴയ്ക്കാതെ പറയുന്ന വായ്ത്താരിക്കനുസരിച്ചാണ് കോലുകളില്‍ അത്ഭുതം തീര്‍ക്കേണ്ടത്. 'കണ്ണെത്തുന്നിടത്ത് മെയ് എത്തണം, മെയ് എത്തുന്നിടത്ത് മനസ് എത്തണം, മനസ് എത്തുന്നിടത്ത് താളമെത്തണം' എന്നതാണ് കോല്‍ക്കളിയുടെ സവിശേഷതയെന്നാണ് പരിശീലകര്‍ പറയുന്നത്. മെയ് വഴക്കത്തോടെ 12 പേരടങ്ങുന്ന ടീമംഗങ്ങളും ഒരേസമയം കോലടിക്കണം. ഇല്ലെങ്കില്‍ പരസ്പരം കൂട്ടിയിടിയും അപകടവുമുണ്ടാവാനുള്ള സാധ്യതയേറെയാണ്. ഏഴുജില്ലകളിലെ കോല്‍ക്കളി ടീമുകള്‍ക്ക് മാഹീന്‍ പരിശീലനം നല്‍കുന്നുണ്ട്. ഇക്കഴിഞ്ഞ സംസ്ഥാന സിബിഎസ്ഇ കലോല്‍സവത്തില്‍ ഒന്നാമതെത്തിയ കോഴിക്കോട് ദേവഗിരി സ്‌കൂളിനെയും പരിശീലിപ്പിച്ചതും മാഹീനായിരുന്നു. ഹൈസ്‌കൂള്‍ വിഭാഗം കോല്‍ക്കളിയില്‍ ഹാട്രിക് നിറവിലാണ് തെള്ളകം ഹോളിക്രോസ് എച്ച്എസ്എസ്. യാസിര്‍ കോഴിക്കോടിന്റെ ശിക്ഷണത്തില്‍ സംസ്ഥാന തലത്തിലും മൂന്നുവര്‍ഷമായി എ ഗ്രേഡ് സ്വന്തമാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it