ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശങ്ങള്‍

അഡ്വ. ജി സുഗുണന്‍
ഒരു സര്‍ക്കാരിനെ താങ്ങിനിര്‍ത്തുന്ന മൂന്നു നെടുംതൂണുകളാണ് എക്‌സിക്യൂട്ടീവ്, ലജിസ്ലേച്ചര്‍, ജുഡീഷ്യറി എന്നിവ. ഇവ മൂന്നും പരസ്പര പൂരകങ്ങളുമാണ്. കാര്യക്ഷമവും ശക്തവുമായ ജുഡീഷ്യറിയുള്ള രാജ്യത്തിനു മാത്രമേ നാനാമുഖമായ പുരോഗതി കൈവരിക്കാനും കഴിയുകയുള്ളൂ.
നീതിന്യായ പരിപാലനം അതിസൂക്ഷ്മമായി കൈകാര്യം ചെയ്യപ്പെടേണ്ടതും വിഷമം പിടിച്ചതുമായ ചുമതലയാണ്. കക്ഷികള്‍ തമ്മിലുള്ള വിവാദ പ്രശ്‌നം ന്യായമായി തീരുമാനിക്കപ്പെടുക എന്ന പ്രക്രിയയാണ് അതിലടങ്ങിയിട്ടുള്ളത്. കക്ഷികള്‍ക്ക് നീതിന്യായവ്യവസ്ഥയുടെ നിഷ്പക്ഷതയില്‍ വിശ്വാസമില്ലെങ്കില്‍ നീതിന്യായപരിപാലനം നിരര്‍ഥകമായിത്തീരും. ജനക്കൂട്ടത്തിന്റെ ഭരണത്തിന്‍ കീഴിലല്ല, നിയമത്തിന്റെ ഭരണത്തിന്‍ കീഴില്‍ കഴിഞ്ഞുകൂടാന്‍ വേണ്ടിയാണ് മനുഷ്യര്‍ ദീര്‍ഘകാലമായി സമരം ചെയ്തുപോന്നത്. ഒരേ നിയമം തന്നെ എല്ലാവര്‍ക്കും ഒരേപോലെ ബാധകമാവുന്ന വ്യവസ്ഥിതിയാണ്, നിയമത്തിന്റെ കീഴില്‍ തുല്യമായ നീതി ലഭിക്കലാണ് അവന്റെ ചിരകാലാഭിലാഷം. വാദിയുടെയോ പ്രതിയുടെയോ രാഷ്ട്രീയാഭിപ്രായം, മതവിശ്വാസം എന്നിവ നോക്കിയോ ഭരണത്തിന്റെ തലപ്പത്തിരിക്കുന്നവരുടെ മനോവിലാസങ്ങള്‍ക്കനുസരിച്ചോ നീതിന്യായ പരിപാലനം നടത്തപ്പെട്ടിരുന്ന വ്യവസ്ഥയില്‍ നിന്നു രക്ഷപ്രാപിക്കാന്‍ മനുഷ്യന്‍ തീവ്രയത്‌നം നടത്തിയിട്ടുണ്ട്. ഈ സമരങ്ങളുടെ ഫലമായി ശാശ്വത മൂല്യമുള്ള ഒരു പ്രമാണം സുസ്ഥാപിതമായിത്തീര്‍ന്നു. അതായത്, നീതിന്യായ പരിപാലനം സ്വതന്ത്രമല്ലെങ്കില്‍ അതിന് നിഷ്പക്ഷമായിത്തീരാന്‍ ഒരിക്കലും കഴിയുകയില്ല.
കോടതികളുടെ അമിതഭാരം കുറയ്ക്കുന്നതിനും കേസുകള്‍ കുന്നുകൂടുന്നത് ഒഴിവാക്കാനുമായി വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങളുമായി സുപ്രിംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് രംഗത്തുവന്നിരിക്കുകയാണ്. അടിയന്തര സാഹചര്യങ്ങളിലല്ലാതെ ജഡ്ജിമാര്‍ അവധിയെടുക്കരുതെന്നും പ്രവൃത്തിസമയങ്ങളില്‍ കോടതിയിലുണ്ടായിരിക്കണമെന്നും ചീഫ് ജസ്റ്റിസ് നിര്‍ദേശം നല്‍കി. കോടതിയുടെ പ്രവര്‍ത്തനസമയത്ത് സെമിനാറുകളിലോ മറ്റു ചടങ്ങുകളിലോ പങ്കെടുക്കാന്‍ പാടില്ല. ജോലിയില്‍ മാത്രമായിരിക്കണം ശ്രദ്ധകേന്ദ്രീകരിക്കേണ്ടത്. അവധിയാത്രാ ആനുകൂല്യങ്ങള്‍ (എല്‍ടിസി) ലഭ്യമാക്കി പ്രവര്‍ത്തനദിനങ്ങളില്‍ യാത്ര ചെയ്യരുത്. നിര്‍ദേശങ്ങള്‍ പാലിക്കാത്ത ജഡ്ജിമാരെ കോടതിയുടെ ചുമതലകളില്‍ നിന്നു മാറ്റിനിര്‍ത്തണമെന്നും ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു. ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുമായും സുപ്രിംകോടതി കൊളീജിയം അംഗങ്ങളുമായും നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് അദ്ദേഹം നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചിരിക്കുന്നത്.
ജഡ്ജിമാരെ നിയമിക്കാനുള്ള തിരഞ്ഞെടുപ്പ് ഘട്ടങ്ങളില്‍ ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള കൊളീജിയം അംഗങ്ങള്‍ ബാഹ്യസമ്മര്‍ദങ്ങള്‍ക്കു വഴങ്ങരുത്. ജുഡീഷ്യറിയെ അഴിമതിയില്‍ നിന്നു പൂര്‍ണമായി മുക്തമാക്കാന്‍ കഴിയണം. കീഴ്‌ക്കോടതി മുതല്‍ സുപ്രിംകോടതി വരെ കേസുകള്‍ കെട്ടിക്കിടക്കുന്നത് നിയമസംവിധാനത്തിന് അപകീര്‍ത്തി വരുത്തുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഹൈക്കോടതികളില്‍ ഒഴിഞ്ഞുകിടക്കുന്ന തസ്തികകള്‍ നികത്താന്‍ ചീഫ് ജസ്റ്റിസുമാര്‍ മുന്‍കൈ എടുക്കേണ്ടതാണ്. മികച്ച അഭിഭാഷകരെപ്പോലെ നല്ല വേതനം ജഡ്ജിമാര്‍ക്കും ആവശ്യമാണ്. വേതനം കുറയുന്നത് ജഡ്ജിമാര്‍ പ്രലോഭനങ്ങള്‍ക്ക് കീഴ്‌പ്പെടാന്‍ കാരണമാവും. ഇത്തരത്തില്‍ കോടതിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ 10 മാര്‍ഗനിര്‍ദേശങ്ങളാണ് അദ്ദേഹം മുതിര്‍ന്ന ജഡ്ജിമാര്‍ക്കും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ക്കും മുന്നില്‍ വച്ചിട്ടുള്ളത്.
ചീഫ് ജസ്റ്റിസായി ചുമതലയേറ്റപ്പോള്‍ തന്നെ കോടതിയിലെ അനാവശ്യ പ്രവണതകള്‍ ഇല്ലാതാക്കുമെന്നും കേസുകള്‍ കുന്നുകൂടുന്ന രീതി അവസാനിപ്പിക്കുമെന്നും രഞ്ജന്‍ ഗൊഗോയ് പ്രഖ്യാപിച്ചിരുന്നു. ഇതുപ്രകാരം ഒരാളെ തൂക്കിലേറ്റുക, വീട്ടില്‍ നിന്നു പുറത്താക്കുക പോലുള്ള അടിയന്തര ഘട്ടങ്ങളിലൊഴികെ കേസുകള്‍ തന്റെ മുന്നില്‍ വന്ന് വേഗം പരിഗണിക്കണമെന്നു സൂചിപ്പിച്ചാല്‍ (മെന്‍ഷന്‍ ചെയ്യല്‍) അനുവദിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചിരുന്നതാണ്. ഇതിനു പിന്നാലെയാണ് ചീഫ് ജസ്റ്റിസിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.
നിലവില്‍ സുപ്രിംകോടതിയില്‍ മാത്രം 60,729 കേസുകളാണ് കെട്ടിക്കിടക്കുന്നത്. 24 ഹൈക്കോടതികളിലായി 40 ലക്ഷം കേസുകളും ജില്ലാ കോടതികളിലും കീഴ്‌ക്കോടതികളിലുമായി മൂന്നുകോടിയോളം കേസുകളും കെട്ടിക്കിടക്കുന്നുണ്ട്. രണ്ടുകോടിയിലേറെ കേസുകള്‍ ജില്ലാ കോടതികളില്‍ മാത്രം കെട്ടിക്കിടക്കുകയാണ്. സര്‍വീസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, വ്യക്തികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍, വിവിധ വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ തുടങ്ങിയവയാണ് സര്‍ക്കാര്‍ കേസുകളില്‍ വലിയൊരു വിഭാഗവും. ജഡ്ജിമാരുടെ കുറവുതന്നെയാണ് പ്രധാനമായും കേസുകള്‍ കെട്ടിക്കിടക്കുന്നതിനുള്ള ഒരു കാരണം. ഇന്ത്യയില്‍ ഓരോ 73,000 ആളുകള്‍ക്കും ഒരു ജഡ്ജി എന്ന അനുപാതമാണു നിലവിലുള്ളത്. ഓരോ ജഡ്ജിയുടെ മേലിലും ശരാശരി 1,350 കേസുകളാണ് കെട്ടിക്കിടക്കുന്നത്. ഇത് ഓരോ മാസവും ശരാശരി 43 കേസുകള്‍ എന്നതോതില്‍ വര്‍ധിച്ചുകൊണ്ടുമിരിക്കുന്നു.
ക്രിമിനല്‍ക്കേസുകളിലെ അപ്പീലുകളില്‍ വേഗം തീര്‍പ്പുകല്‍പിക്കാന്‍ സുപ്രിംകോടതിയിലും ചില പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. അപ്പീലുകളിലെ കാലതാമസം കാരണം ജയിലുകളില്‍ നിരവധിപേര്‍ വര്‍ഷങ്ങളായി തടവില്‍ കിടക്കുന്നുവെന്ന വസ്തുതയാണ് ഈ പരിഷ്‌കാരങ്ങള്‍ക്കു പിന്നില്‍.
ഇന്ത്യന്‍ ജുഡീഷ്യറി താരതമേ്യന മെച്ചപ്പെട്ട ഒന്നാണെന്നുള്ളതില്‍ തര്‍ക്കമില്ല. എന്നാല്‍, അതിനുള്ളിലേക്കു കടക്കുമ്പോള്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ചൂണ്ടിക്കാട്ടിയ വീഴ്ചകള്‍ വ്യക്തമായി കാണാന്‍ കഴിയുന്നതാണ്. അതുകൊണ്ടുതന്നെ ചീഫ് ജസ്റ്റിസിന്റെ അഭിപ്രായങ്ങള്‍ക്ക് വലിയ പ്രാധാന്യവും ലഭിച്ചിരിക്കുകയാണ്. വൈകിയെത്തുന്ന നീതി നിഷേധിക്കപ്പെട്ട നീതിയാണെന്ന നീതിശാസ്ത്രം അംഗീകരിച്ചുകൊണ്ടുള്ളതാണ് ചീഫ് ജസ്റ്റിസിന്റെ നിരീക്ഷണങ്ങള്‍. ഭരണഘടനാപരമായതോ പൗരന്റെ അവകാശങ്ങള്‍ ഉറപ്പാക്കുന്നതോ ആയ സുപ്രധാന വിധികളൊന്നും ഇന്ത്യയിലെ പരമോന്നത കോടതികളില്‍ നിന്ന് ഉണ്ടാവുന്നിെല്ലന്ന വിമര്‍ശനവും അദ്ദേഹം നടത്തിയിരിക്കുകയാണ്.
ചീഫ് ജസ്റ്റിസിന്റെ പരിഗണനയില്‍ വരുന്ന കേസുകളുടെ അടിയന്തര സ്വഭാവം നിശ്ചയിക്കുന്നതിലടക്കം പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കിയ ചീഫ് ജസ്റ്റിസാണ് രഞ്ജന്‍ ഗൊഗോയ്. സുപ്രിംകോടതിയിലെ പൊതുഭരണസംവിധാനം ശരിയായ വഴിയിലല്ലെന്ന് അസാധാരണ വാര്‍ത്താസമ്മേളനം വിളിച്ച് പ്രഖ്യാപിച്ച ജസ്റ്റിസ് ജെ ചെലമേശ്വറുടെ ആരോപണവും ഇവിടെ പ്രസക്തമാവുന്നു. സുപ്രിംകോടതി എന്ന ഭരണഘടനാസ്ഥാപനം ശരിയായി സംരക്ഷിക്കപ്പെടുന്നില്ലെങ്കില്‍ ജനാധിപത്യമാണു തകരുക എന്ന് ജഡ്ജി ചെലമേശ്വറിനോടൊപ്പം വാര്‍ത്താസമ്മേളനം നടത്തി പ്രഖ്യാപിച്ച ആളാണ് ജഡ്ജി രഞ്ജന്‍ ഗൊഗോയ്.
ഇന്ത്യന്‍ ജുഡീഷ്യറി അതിനെ ബാധിച്ചിരിക്കുന്ന പുഴുക്കുത്തില്‍ നിന്നു മോചിതമായേ മതിയാവൂ. അതുകൊണ്ടുതന്നെ ജുഡീഷ്യറിയെ പരിഷ്‌കരിക്കാനുതകുന്ന ചീഫ് ജസ്റ്റിസ് ഗൊഗോയുടെ നിര്‍ദേശങ്ങള്‍ വളരെ പ്രസക്തമാണ്. ി

Next Story

RELATED STORIES

Share it