ചിരിപ്പിക്കുന്ന ഒരു രക്ഷായാത്ര

ചിരിപ്പിക്കുന്ന ഒരു രക്ഷായാത്ര
X


ഓരോ ആഴ്ചയിലും കേരളത്തിനു ചിരിക്കാനും ചിന്തിക്കാനും ഒരു രാഷ്ട്രീയ കാരണമുണ്ടാവും. ഈ ആഴ്ചയില്‍ മലയാളി ഏറെ ചിരിച്ചത് ജനരക്ഷായാത്രയെന്ന പേരില്‍ ബിജെപി നടത്തിവരുന്ന വിലാപയാത്രയുടെ പേരിലാണ്. കേരളത്തിലെ മതേതരത്വം തകര്‍ക്കാന്‍ ബിജെപി ഇനിയുമേറെ യാത്രകള്‍ നടത്തിയാലും സാധിക്കിെല്ലന്നത് ചിന്തിക്കാതെത്തന്നെ ഓരോ മലയാളിക്കും മനസ്സിലാക്കാനുമായി. കേരളത്തില്‍ ചുവടുറപ്പിക്കാന്‍ ഇതുവരെ സാധിക്കാത്തതിന്റെ കാരണം കേരളീയരുടെ വിവേചനബുദ്ധിയാണെന്ന് ബിജെപിക്കു മാത്രം ഇനിയും മനസ്സിലാവുന്നുമില്ല. ഇവിടെ ഭീകരവാദം വ്യാപകമാണെന്നു പ്രചരിപ്പിക്കാന്‍ ചില മേല്‍ക്കോയ്മാ മാധ്യമങ്ങള്‍ക്കു കഴിയാതെവന്നപ്പോള്‍ ആ ദൗത്യം നേരിട്ട് ഏറ്റെടുത്താണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ജനരക്ഷായാത്രയുമായി ഇറങ്ങിയത്. ആദ്യ ലാപ്പില്‍ മെഡിക്കല്‍ കോഴയില്‍പ്പെട്ട് യാത്ര മുടങ്ങിയെങ്കിലും രണ്ടാം ലാപ്പില്‍ എന്തൊക്കെയോ നടക്കുമെന്ന പ്രചാരണമുണ്ടായിരുന്നു. എന്നാല്‍, അത് നനഞ്ഞ പടക്കം പോലെയായി. നേതാക്കന്‍മാരുടെ തമ്മിലടി കൊണ്ട് യാത്ര ഇങ്ങു തിരുവനന്തപുരത്ത് എത്തുമോയെന്ന ഭയവും ബിജെപിക്കുണ്ട്. ദേശീയ അധ്യക്ഷനെ ഇറക്കി ശ്രദ്ധ പിടിക്കാനുള്ള തന്ത്രവും പാളി. പറഞ്ഞുപരത്തുന്ന 'പഞ്ച്' യാത്രയ്ക്ക് ലഭിക്കുന്നില്ലെന്ന് ഒറ്റദിവസം കൊണ്ടുതന്നെ പിടികിട്ടിയ അമിത്ഷാ മുങ്ങിയതാണെന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ ട്രോളുകള്‍ ഇറങ്ങുന്നത്. യാത്രയ്ക്ക് മാറ്റുകൂട്ടാന്‍ ഉത്തര്‍പ്രദേശില്‍ നിന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഇറക്കിയിട്ടും ഫലമുണ്ടായില്ലെന്നത് ബിജെപിക്കാര്‍ക്കിടയില്‍ തന്നെ സംസാരവുമായി. ദേശീയ അധ്യക്ഷനു കിട്ടാത്ത പകിട്ട് മറ്റാര്‍ക്കും കിട്ടാന്‍ പോകുന്നില്ലെന്ന തിരിച്ചറിവ് ചില നേതാക്കന്മാര്‍ക്കെങ്കിലുമുണ്ട്. പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പുവഴക്കാണ് ദേശീയ അധ്യക്ഷന്‍ തിരികെ പോവാന്‍ കാരണമെന്നത് പരസ്യമായ രഹസ്യമാണെന്നു മനസ്സിലാക്കാനാവാത്തത് നേതാക്കള്‍ക്കു മാത്രമാണ്. സാമുദായിക വിഭജനങ്ങളിലൂടെ ഘടകകക്ഷികളെ അടുപ്പിച്ചുനിര്‍ത്താമെന്ന അജണ്ട നടക്കാതെപോയ അന്നുതൊട്ട് എന്‍ഡിഎയില്‍ അടിമുടി പാരവയ്പാണ്. ബിഡിജെഎസ് ഇടഞ്ഞുനില്‍ക്കുന്ന സാഹചര്യത്തില്‍ നേതൃത്വം പരസ്യമായ പോരിനുവരെ തയ്യാറായി. വഴക്കു തീര്‍ക്കാനെത്തിയ അമിത്ഷാക്ക് അതു നടക്കില്ലെന്നു ബോധ്യം വന്നപ്പോള്‍ മുങ്ങാതെ തരമില്ലെന്ന അവസ്ഥയുമായി. ഇങ്ങനെയൊക്കെയാണെങ്കിലും കേരള ജനത കുറച്ച് അദ്ഭുതത്തോടെയാണ് ബിജെപിയുടെ യാത്രയെ നോക്കിക്കാണുന്നത്. തിരഞ്ഞെടുപ്പുകള്‍ക്കു തൊട്ടുമുമ്പ് അണികളെ സജ്ജരാക്കാന്‍ സംസ്ഥാന യാത്രകള്‍ നടത്തുന്നതു പതിവാണ്. എന്നാല്‍, വേങ്ങരയിലെ ഉപതിരഞ്ഞെടുപ്പ് ഒഴിച്ചാല്‍ മറ്റൊരുതരത്തിലും കേരള രാഷ്ട്രീയത്തില്‍ ഇപ്പോള്‍ പ്രസക്തമായ സംഭവങ്ങളില്ല. വിജയിക്കില്ലെന്ന് ഉറപ്പുള്ള ഉപതിരഞ്ഞെടുപ്പിനായി പണം ഒഴുക്കിക്കളയാന്‍ മാത്രം ബുദ്ധിശൂന്യത ബിജെപിക്കുണ്ടെന്നു കരുതാനുമാവില്ല. അതിനാല്‍, ഈ യാത്രയ്ക്കു പിന്നിലെ ബിജെപിയുടെ ഗൂഢലക്ഷ്യം കേരളത്തിനു ചീത്തപ്പേരു നല്‍കി അതിനെ വരുതിയിലാക്കാനുള്ള ശ്രമമാണ്. അതെല്ലാം ആദ്യ ദിവസങ്ങളില്‍ തന്നെ പൊളിഞ്ഞതോടെ നാണക്കേട് മറച്ചുവയ്ക്കാന്‍ പുതിയ മുദ്രാവാക്യങ്ങളും അവര്‍ ഉയര്‍ത്തുന്നുണ്ട്. മെഡിക്കല്‍ കോളജ് കുംഭകോണവും തുടര്‍ന്നുള്ള വിവാദങ്ങളും ബിജെപിക്ക് കനത്ത പ്രഹരമാണ് സമ്മാനിച്ചത്. ആ നാണക്കേടില്‍ നിന്നു സംസ്ഥാന ബിജെപിയെ രക്ഷിക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്രം തയ്യാറാക്കിയ തിരക്കഥയാണ് ഈ യാത്ര. നേരിട്ട് ഇടപെടുന്നില്ലെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദൃശ്യകരങ്ങള്‍ കുമ്മനത്തിനു രക്ഷയ്‌ക്കെത്തുന്നുണ്ടത്രേ! സിപിഎം ആക്രമണങ്ങളെ പ്രതിരോധിക്കാനാണ് യാത്രയെന്നു വ്യാഖ്യാനം കൊടുക്കുന്നതിനാണ് ജനരക്ഷായാത്രയ്‌ക്കൊപ്പം ഡല്‍ഹിയിലെ സിപിഎം ആസ്ഥാനത്തേക്കും ബിജെപി പ്രതിഷേധം തീര്‍ത്തത്. ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യമായിരിക്കും പാര്‍ട്ടി ഓഫിസുകളിലേക്കുള്ള പ്രതിഷേധ പ്രകടനം. ഒപ്പം ന്യൂനപക്ഷ വിഭാഗങ്ങളുടെ ആക്രമണങ്ങള്‍ക്കെതിരേയുള്ള ചെറുത്തുനില്‍പാണ് യാത്രയെന്നു ചില നേതാക്കള്‍ വിളിച്ചുപറഞ്ഞുകൊണ്ടേയിരിക്കുന്നു. കേരളം ഭീകരവാദത്തിന്റെ നാടാണെന്നും ഇവിടെ ജീവിതം വഴിമുട്ടിയെന്നും മറ്റും വിളിച്ചുപറയുന്ന യോഗി ആദിത്യനാഥിനും അമിത്ഷാക്കും കേരളത്തെക്കുറിച്ച് എന്തറിയാമെന്നത് വേറെ കാര്യം. ജനരക്ഷായാത്ര ദേശീയ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ നിറഞ്ഞുനില്‍ക്കണമെന്ന ലക്ഷ്യത്തിലാണ് അത് ആരംഭിക്കുന്നതിന് ആഴ്ചകള്‍ക്കു മുമ്പുതന്നെ കേരളം വാര്‍ത്തകളില്‍ നിറയ്ക്കാന്‍ ബിജെപി പദ്ധതിയിട്ടത്. ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതും കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കറുമായിരുന്നു ഈ ദൗത്യം ഏറ്റെടുത്തത്. ഇരുവര്‍ക്കും കേരളത്തിന്റെ മതേതര നിലപാട് ഒട്ടും വശമില്ലതാനും. കേരളത്തിലെ ന്യൂനപക്ഷങ്ങളെയാകെ ഭീകരവാദികളാക്കാന്‍ ഇവര്‍ ഏറ്റെടുത്ത ക്വട്ടേഷന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ നിര്‍വീര്യമാക്കിയിരുന്നു. ഇതോടെയാണ് ഗോരക്ഷകരുടെ യോഗി ആദിത്യനാഥ് രംഗത്തെത്തിയത്. എന്തു ചെയ്യാം! ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെപ്പോലെ റോഡിനിരുവശവും നിന്നു ജാഥയ്ക്ക് സ്വീകരണമൊരുക്കാന്‍ ആര്‍എസ്എസുകാരനല്ലാത്ത ഒരു മലയാളി പോലും എത്തിയില്ല. ഇത് അനവസരത്തിലുള്ള യാത്രയാണെന്ന വാദം അതു സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുമ്പോള്‍ തന്നെ ഉയര്‍ന്നുവന്നിരുന്നു. കുമ്മനത്തിനു പാര്‍ട്ടിയില്‍ കുറച്ചുകൂടി സ്വാധീനം ഉണ്ടാവുന്നത് തടയുന്നത് പരസ്പരവൈരികളായ ഗ്രൂപ്പുനേതാക്കള്‍ തന്നെയായിരുന്നു. നിര്‍ഭാഗ്യത്തിനു യാത്ര ലീഡ് സ്റ്റോറിയാവുന്നതിനും ചില തടസ്സങ്ങളുണ്ടായി. യാത്രയുടെ ഉദ്ഘാടനം നടക്കുന്ന വേളയിലാണ് നടിയെ ആക്രമിച്ച കേസില്‍ 85 ദിവസം ജയില്‍വാസത്തിലായിരുന്ന പ്രമുഖ നടനു ജാമ്യം ലഭിക്കുന്നത്. അതോടെ കാമറക്കണ്ണുകളെല്ലാം അവിടേക്കു തിരിഞ്ഞു. ഇതോടെ ബിജെപി ദേശീയ അധ്യക്ഷനും ജനരക്ഷായാത്രയ്ക്കും വേണ്ടത്ര മാധ്യമ പരിഗണന ലഭിക്കാതെപോയി. ജനരക്ഷായാത്രയില്‍ അന്യസംസ്ഥാനക്കാരുടെ ആധിക്യവും കേരളീയരില്‍ ചിരി പടര്‍ത്തി. യാത്ര മുഖ്യമന്ത്രിയുടെ മണ്ഡലമായ പിണറായിയില്‍ എത്തുമ്പോള്‍ ദേശീയാധ്യക്ഷന്‍ അമിത്ഷാ സംസാരിക്കുമെന്ന് ബിജെപി നേതാക്കള്‍ വീമ്പടിച്ചിരുന്നു. ഇതിനായി വന്‍ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കി. എന്നാല്‍, യാത്ര ഇവിടെ എത്തുന്നതിനു മുമ്പേ അമിത്ഷാ മുങ്ങി. ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചയില്‍ പങ്കെടുക്കാനുണ്ട് എന്നായിരുന്നു വിശദീകരണം. ജിഎസ്ടിയില്‍ കുറച്ച് ഇളവുകള്‍ നല്‍കാനായി മാത്രം അമിത്ഷാ ഡല്‍ഹിയിലേക്കു പറക്കേണ്ടതുണ്ടായിരുന്നോ? ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ മോശം പ്രകടനവും ഗ്രൂപ്പുപോരും പരാതിപ്രളയവും കണ്ടിട്ടാണ് ദേശീയ അധ്യക്ഷന്‍ സ്ഥലംവിട്ടതെന്ന ആരോപണം ഒട്ടും അസംഗതമായിരുന്നില്ല. ഇനി സമാപന ദിവസം തിരുവനന്തപുരത്തായിരിക്കും അദ്ദേഹം എത്തുക. അന്തിമ വിശകലനത്തില്‍ ബിജെപി യാത്ര കൊണ്ട് നേട്ടമുണ്ടായത് തുഷാര്‍ വെള്ളാപ്പള്ളിയുടെ ബിഡിജെഎസിനാണ്. പറഞ്ഞുറപ്പിച്ച സ്ഥാനമാനങ്ങളൊന്നും കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് അച്ഛന്‍ വെള്ളാപ്പള്ളി ബിഡിജെഎസ് എന്‍ഡിഎ ബന്ധം ഉപേക്ഷിച്ച് ഇടതു മുന്നണിയില്‍ ചേക്കേറണമെന്നു വാദിക്കുകയും ബിജെപി യാത്രയില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തുകൊണ്ട് തങ്ങളുടെ പിണക്കം അറിയിച്ചത്. വേങ്ങരയില്‍ ബിജെപി സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കില്ലെന്നും പ്രഖ്യാപിച്ചു. ഇതോടെ സ്ഥാനമാനങ്ങള്‍ നല്‍കാമെന്നു പറഞ്ഞ് ബിജെപി നേതാക്കള്‍ അവരെ സമീപിച്ചുവത്രേ! ഈ ഉറപ്പിലാണ് ജനരക്ഷായാത്രയില്‍ ബിഡിജെഎസ് കൊടി പാറുന്നത്. ഇതും കുറുപ്പിന്റെ ഉറപ്പാവുമോ എന്ന ആശങ്കയിലാണ് അച്ഛനും മകനും.
Next Story

RELATED STORIES

Share it