ചിന്നാര്‍ വന്യജീവി സങ്കേതത്തിന് ആറ് ലൈബ്രറികള്‍ കൂടി

സി എ  സജീവന്‍

തൊടുപുഴ: ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ ചിന്നാര്‍ വന്യജീവിസങ്കേതത്തിനു ലഭിച്ചത് 25000ലേറെ പുസ്തകങ്ങള്‍. ആ പുസ്തകങ്ങള്‍ ഉപയോഗിച്ച് ആദിവാസിക്കുടികളില്‍ വായനശാലകള്‍ തുറന്നിരിക്കുകയാണ് വനം-വന്യജീവി വകുപ്പ്. ഇതിനകം അഞ്ചെണ്ണം തുടങ്ങി, ലൈബ്രറി കൗണ്‍സിലിന്റെ അംഗീകാരവും നേടി. ബോധി എന്നു വിളിപ്പേരിട്ട ഈ പദ്ധതിയില്‍ ആറ് ലൈബ്രറികള്‍ കൂടി ആരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി എം പ്രഭു തേജസിനോട് പറഞ്ഞു. ആദിവാസിക്കുടികളില്‍ ലൈബ്രറികള്‍ തുടങ്ങാന്‍ പുസ്തകങ്ങള്‍ സംഭാവന ചെയ്യണമെന്ന് 2015 ഡിസംബര്‍ 15നാണ് പ്രഭു ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. അതിനു വന്‍ സ്വീകരണമാണു ലഭിച്ചത്. കൊച്ചിന്‍ അഡ്വഞ്ചര്‍ ഫൗണ്ടേഷന്‍ 5000 പുസ്തകങ്ങള്‍ സംഭാവന ചെയ്തു. തൊടുപുഴയിലെ അധ്യാപകനായ സുനില്‍ സെബാസ്റ്റ്യന്‍ 2000 പുസ്തകങ്ങള്‍ നല്‍കി. മുട്ടത്തെ വായനശാല 101 പുസ്തകങ്ങള്‍ നല്‍കി. പിന്നീട് സ്‌കൂളുകളും വ്യക്തികളുമെല്ലാം പ്രോല്‍സാഹനം നല്‍കി.
ആലാംപെട്ടി, ചിന്നാര്‍ (ചമ്പക്കാട്), ഇരുട്ടളക്കുടി, പാളപ്പെട്ടി, പുതുക്കുടി കോളനികളിലാണ് ലൈബ്രറി കൗണ്‍സില്‍ അംഗീകാരത്തോടെ ബോധി വായനശാലകള്‍ തുറന്നത്. ആനമുടി വനവികസന ഏജന്‍സിയുടെ ഫണ്ട് ഉപയോഗിച്ചാണ് വായനശാലകള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയത്. ചിന്നാര്‍ വന്യജീവിസങ്കേതത്തിനുള്ളില്‍ ആകെ 1750 ആദിവാസികളാണുള്ളത്. അവരെയെല്ലാം വായനയുടെ വിശാലലോകത്തെത്തിക്കാന്‍ ലക്ഷ്യമിട്ടാണ് കൂടുതല്‍ വായനമുറികള്‍ തുടങ്ങുന്നത്. ചമ്പക്കാട്ടെ ലൈബ്രറിയാണ് വായനശാലകളുടെയെല്ലാം ആസ്ഥാനം. 15,000 പുസ്തകങ്ങ ള്‍ ഇവിടെയുണ്ട്. മുതിര്‍ന്നവര്‍ക്ക് തമിഴ് പുസ്തകങ്ങളാണ് ഇഷ്ടം. കുട്ടികള്‍ക്കിഷ്ടപ്പെട്ട പുസ്തകങ്ങളും ഏറെ.
മാങ്ങാപ്പാറ, ഉള്ളവയല്‍, പുതുക്കുടി, വെള്ളക്കല്‍ക്കുടി, ഈച്ചാംപെട്ടിക്കുടി, മുളങ്ങാമുട്ടി കുടികളിലാണ് ഇനി വായനശാലകള്‍ തുറക്കേണ്ടത്. 500 പുസ്തകങ്ങള്‍ സ്വന്തമായുള്ള വായനശാലയ്ക്ക് പുസ്തകങ്ങള്‍ വാങ്ങാന്‍ ലൈബ്രറി കൗണ്‍സിലിന്റെ ഗ്രാന്റും ലൈബ്രേറിയന്‍ അലവന്‍സും ലഭിക്കും.
പഠനം പാതിവഴിയില്‍ അവസാനിച്ച ആദിവാസി കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാന്‍ വാത്മീകം എന്ന പേരിലുള്ള പിഎസ്‌സി പരീക്ഷാകേന്ദ്രം, തുടര്‍വിദ്യാഭ്യാസപദ്ധതി എന്നിവയും വന്യജീവിസങ്കേതം നടപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it