kannur local

ചിത്രലേഖയ്ക്ക് നീതി ഉറപ്പാക്കാന്‍ നിയമത്തിന്റെ വഴി തേടും: ചെന്നിത്തല

കണ്ണൂര്‍: സിപിഎം പാര്‍ട്ടിഗ്രാമത്തിലെ ജാതിവിവേചനത്തിനെതിരെ സമരം ചെയ്തു ശ്രദ്ധേയയായ ദളിത് വനിതാ ഓട്ടോഡ്രൈവര്‍ ചിത്രലേഖയ്ക്കു വീടുവയ്ക്കാന്‍ മുന്‍ യുഡിഎഫ് സര്‍ക്കാര്‍ അഞ്ചു സെന്റ് ഭൂമി നല്‍കിയതു റദ്ദാക്കിയ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നടപടി ദളിത് പീഡനമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഉത്തരവിറക്കിയ ഉദ്യോഗസ്ഥനെതിരെ പട്ടിക വിഭാഗക്കാര്‍ക്കെതിരായ പീഡനം തടയുന്ന നിയമപ്രകാരം പൊലീസ് കേസെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കാട്ടാമ്പള്ളിയില്‍ ചിത്രലേഖയുടെ വീടു നിര്‍മ്മിക്കുന്ന സ്ഥലം ഇന്നലെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.
വീടു നിര്‍മ്മാണം തടസപ്പെടുത്തുന്നതിനെതിരേ വളപട്ടണം പൊലീസില്‍ പരാതി നല്‍കാന്‍ അദ്ദേഹം ചിത്രലേഖയ്ക്കു നിര്‍ദേശം നല്‍കി. ചീഫ് സെക്രട്ടറി, റവന്യു ചീഫ് സെക്രട്ടറി, റവന്യു അഡീഷനല്‍ ചീഫ് സെക്രട്ടറി എന്നിവര്‍ക്കെതിരെ പട്ടികജാതി/പട്ടികവര്‍ഗ പീഡനനിയമത്തിലെ മൂന്ന് (എഫ്) വകുപ്പു പ്രകാരം കേസെടുക്കേണ്ടി വരുമെന്നും ചെന്നിത്തല പറഞ്ഞു. നിയമപ്രകാരമുള്ള എല്ലാ വഴികളും ചിത്രലേഖയുടെ ഭൂമി നഷ്ടപ്പെടാതിരിക്കാന്‍ തേടുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഭൂമി തിരിച്ചുപിടിക്കാനുള്ള ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാന്‍ കെപിസിസി വൈസ് പ്രസിഡന്റ് ലാലി വിന്‍സന്റിനെ ചുമതലപ്പെടുത്തിയതായും ചെന്നിത്തല അറിയിച്ചു.
മുസ്‌ലിം ലീഗ് നിയമസഭാകക്ഷി നേതാവ് എം.കെ.മുനീര്‍, കെ പി സി സി ജനറല്‍ സെക്രട്ടറിമാരായ വി എ നാരായാണന്‍, സജീവ് ജോസഫ്, സുമാ ബാലകൃഷ്ണന്‍, ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി, പ്രൊഫ എ ഡി മുസ്തഫ, ഡോ കെ വി ഫിലോമിന തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
Next Story

RELATED STORIES

Share it