Flash News

ചിത്രലേഖയെ ചന്ദ്രലേഖയാക്കി ബിജെപി

ചിത്രലേഖയെ ചന്ദ്രലേഖയാക്കി ബിജെപി
X
കണ്ണൂര്‍: സിപിഎമ്മിന്റെ ജാതിവിവേചനത്തിനെതിരേ സമരം നടത്തി ദേശീയ ശ്രദ്ധയാകര്‍ഷിച്ച ദലിത് വനിതാ ഓട്ടോ ഡ്രൈവര്‍ ചിത്രലേഖയെ ചന്ദ്രലേഖയാക്കി ബിജെപി. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ചിത്രലേഖയ്ക്കു വീട് നിര്‍മിക്കാന്‍ കാട്ടാമ്പള്ളിയില്‍ അനുവദിച്ച ഭൂമി തിരിച്ചുപിടിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചതോടെയാണ് ചിത്രലേഖ വിഷയം വീണ്ടും ചര്‍ച്ചയായത്. ഇതോടെ കോണ്‍ഗ്രസ് നേതാക്കള്‍ വീട്ടിലെത്തി പിന്തുണ പ്രഖ്യാപിച്ചിരുന്നു.



ഇന്നലെ ബിജെപി ജില്ലാ കമ്മിറ്റി കലക്ടറേറ്റിനു മുന്നില്‍ നടത്തിയ ധര്‍ണയിലെ ഫഌക്‌സ് ബോര്‍ഡിലാണ് ചിത്രലേഖയുടെ പേരു മാറിയത്. “ചന്ദ്രലേഖയ്ക്ക് അനുവദിച്ച ഭൂമി റദ്ദു ചെയ്ത സിപിഎം ധാര്‍ഷ്ട്യത്തിനെതിരേ ബിജെപി ധര്‍ണ’ എന്നായിരുന്നു ബോര്‍ഡിലെ വാചകം. പ്രതിഷേധം നടത്തുമ്പോള്‍ പേരു പോലും ശരിയാംവണ്ണം നോക്കാതെയാണ് ബിജെപി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയത്.
സിപിഎമ്മിന്റെ ദലിത് പീഡനത്തിനെതിരേ ബിജെപി ധര്‍ണ നടത്തിയതാവട്ടെ പട്ടികജാതി-പട്ടികവര്‍ഗ നിയമത്തില്‍ ഭേദഗതി വരുത്തിയ സുപ്രിംകോടതി നിലപാടിനെതിരേ ദലിത് സംഘടനകള്‍ നടത്തിയ ഹര്‍ത്താല്‍ ദിനത്തിലും. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദലിത് ബന്ദിനെ വെടിവയ്പിലൂടെ നേരിട്ടവരാണ് ഇവിടെ ഐക്യദാര്‍ഢ്യ നാടകവുമായെത്തിയത്.
കഴിഞ്ഞ ദിവസം യുഡിഎഫ് പ്രതിനിധിസംഘം സന്ദര്‍ശിച്ചപ്പോള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സംസാരത്തിനിടെയും ചിത്രലേഖയെ ചന്ദ്രലേഖയെന്നാണ് പരാമര്‍ശിച്ചത്. കൂടെയുണ്ടായിരുന്നവര്‍ അപ്പോള്‍ തന്നെ തിരുത്തുകയായിരുന്നു.
Next Story

RELATED STORIES

Share it